ഫ്രെഡറിക് മെർസ്
ബെർലിൻ: നിലവിലെ സാഹചര്യത്തിൽ ഉപരിപഠനത്തിനോ ജോലിക്കോ വേണ്ടി അമേരിക്കയിലേക്ക് പോകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് വ്യക്തമാക്കി ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്. യു.എസിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക അന്തരീക്ഷവും ഉയർന്ന വിദ്യാഭ്യാസം നേടിയവർക്ക് പോലും അവിടെ നേരിടേണ്ടി വരുന്ന പരിമിതമായ തൊഴിലവസരങ്ങളും ചൂണ്ടിക്കാണിച്ചാണ് ചാൻസലറുടെ പരാമർശം.
വെള്ളിയാഴ്ച വുർസ്ബർഗിൽ നടന്ന ഒരു കാത്തലിക് കൺവെൻഷനിൽ യുവാക്കളായ സദസ്സിനോട് സംസാരിക്കവേയാണ് എഴുപതുകാരനും മൂന്ന് കുട്ടികളുടെ പിതാവുമായ മെർസ് തന്റെ നിലപാട് വ്യക്തമാക്കിയത്. ‘ഇന്നത്തെ സാഹചര്യത്തിൽ എന്റെ മക്കളോട് ഉപരിപഠനത്തിനോ ജോലിക്കോ വേണ്ടി യു.എസിലേക്ക് പോകാൻ ഞാൻ നിർദേശിക്കില്ല. അതിനു കാരണം അവിടെ പെട്ടെന്നുണ്ടായ സാമൂഹിക അന്തരീക്ഷത്തിലെ മാറ്റങ്ങളാണ്. ഇന്ന് അമേരിക്കയിൽ ഏറ്റവും മികച്ച വിദ്യാഭ്യാസം നേടിയവർ പോലും ഒരു ജോലി കണ്ടെത്താൻ വലിയ രീതിയിൽ ബുദ്ധിമുട്ടുന്നുണ്ട്’ ഫ്രെഡറിക് മെർസ് പറഞ്ഞു.
ലോകത്തിന്റെ അവസ്ഥയെക്കുറിച്ച് ആളുകൾ എപ്പോഴും ആശങ്കാകുലരാകുന്ന പ്രവണതയെ വിമർശിച്ച ചാൻസലർ, ജർമ്മനിയുടെ സാധ്യതകളിൽ യുവാക്കൾ കൂടുതൽ ശുഭാപ്തിവിശ്വാസം പുലർത്തണമെന്നും ആവശ്യപ്പെട്ടു. യുവാക്കൾക്ക്, പ്രത്യേകിച്ച് മികച്ച അവസരങ്ങൾ നൽകുന്ന ജർമ്മനിയെപ്പോലെ വളരെ കുറച്ചു രാജ്യങ്ങൾ മാത്രമേ ലോകത്തുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായതിന് ശേഷം യു.എസും യൂറോപ്യൻ സഖ്യകക്ഷികളും തമ്മിൽ നിലനിൽക്കുന്ന കടുത്ത അസ്വാരസ്യങ്ങളുടെ തുടർച്ചയായാണ് ജർമ്മൻ ചാൻസലറുടെ ഈ പുതിയ പ്രസ്താവനയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വ്യാപാര തർക്കങ്ങൾ, യുക്രെയ്ൻ യുദ്ധം, ഇറാൻ വിഷയം എന്നിവയെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള നാറ്റോ സഖ്യത്തിൽ വലിയ വിള്ളലുകൾ വീണിട്ടുണ്ട്.
കഴിഞ്ഞ മാസം ഇറാൻ യുദ്ധത്തിൽ അമേരിക്ക അപമാനിതരാകുകയാണെന്ന് മെർസ് പ്രസ്താവിച്ചിരുന്നു. ഇത് ട്രംപിനെ ചൊടിപ്പിക്കുകയും, തൊട്ടുപിന്നാലെ ജർമ്മനിയിൽ വിന്യസിച്ചിരുന്ന തങ്ങളുടെ സൈന്യത്തെ ഭാഗികമായി പിൻവലിക്കാൻ വാഷിംഗ്ടൺ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയെ പരസ്യമായി തള്ളിപ്പറഞ്ഞുകൊണ്ട് ജർമ്മൻ ചാൻസലർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.