ഇംറാൻ ഖാൻ
ഇസ്ലാമാബാദ്: താൻ കൂടുതൽ അപകടകാരിയാകുമെന്ന മുന്നറിയിപ്പുമായി രാജിവെച്ച പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. പെഷവാറിൽ നടന്ന റാലിയിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
"അധികാരത്തിലിരുന്നപ്പോൾ ഞാൻ അപകടകാരിയായിരുന്നില്ല. എന്നാൽ ഇനി കൂടുതൽ അപകടകാരിയാകും"- ഇമ്രാൻ ഖാൻ പറഞ്ഞു. തനിക്കെതിരായ അവിശ്വാസ പ്രമേയം പാസാക്കുന്നതിന് മുമ്പ് അർധരാത്രിയിൽ എന്തിനാണ് കോടതികൾ തുറന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഇമ്രാൻ ഖാൻ സർക്കാറിനെതിരായ അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് നിശ്ചയിച്ച സമയപരിധി സംബന്ധിച്ച ഹരജി ഏപ്രിൽ ഒമ്പതിന് രാത്രി വൈകിയാണ് പാക് സുപ്രീം കോടതി പരിഗണിച്ചത്. സുപ്രീം കോടതി നിർദേശം നൽകിയിട്ടും അർധരാത്രിയോടെ നിയമസഭാ സ്പീക്കറായിരുന്ന അസദ് ഖൈസർ വോട്ടെടുപ്പ് നടത്തിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹരജി കേൾക്കാൻ ഇസ്ലാമാബാദ് ഹൈകോടതിയും അർധരാത്രിയോടെ തുറന്നു.
എന്നാൽ സ്പീക്കർ രാജിവെക്കുകയും അന്നു രാത്രി തന്നെ നിയമസഭയിൽ വോട്ടെടുപ്പ് നടക്കുകയും ചെയ്തു. അവിശ്വാസ വോട്ടിലൂടെ പുറത്താക്കപ്പെടുന്ന പാകിസ്താനിലെ ആദ്യ പ്രധാനമന്ത്രിയായി ഇംറാൻ ഖാൻ മാറുകയും ചെയ്തു.
കോടതികൾ രാത്രിയിലും തുറന്ന് പ്രവർത്തിക്കാൻ താൻ ഏതെങ്കിലും നിയമങ്ങൾ ലംഘിച്ചിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. ജുഡീഷ്യറി സ്വതന്ത്രമായ രീതിയിലല്ല പ്രവർത്തിച്ചത്. "ഇറക്കുമതി ചെയ്ത സർക്കാരിനെ ഞങ്ങൾ അംഗീകരിക്കില്ല. ഈ നീക്കത്തിനെതിരെ പ്രകടനങ്ങൾ നടത്തുന്ന ജനങ്ങൾ അവർ എന്താണ് ആഗ്രഹിക്കുന്നതെന്ന് കാണിച്ചിരിക്കുകയാണ്"- അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഏതൊരു നേതാവ് പുറത്താക്കപ്പെടുമ്പോഴും ജനങ്ങൾ ആഘോഷിച്ചിരുന്നു. എന്നാൽ ഇത്തവണ ജനകീയ പ്രതിഷേധമാണ് നടന്നതെന്നും മുൻ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഞായറാഴ്ച പാകിസ്താനിലുടനീളം ഇംറാൻ ഖാനെ പിന്തുണച്ച് റാലികൾ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.