ലണ്ടൻ: പൊതു പ്രവർത്തന ജീവിതത്തിനിടയിൽ ഒന്ന് വിവാഹം കഴിച്ചതിന് ഏറെ വിവാദങ്ങളിൽ പെട്ടിരിക്കുകയാണ് പാകിസ്താനിൽ നിന്നുള്ള നൊബേൽ ജേതാവ് കൂടിയായ മലാല യൂസുഫ് സായ്. വിവാഹകം കഴിച്ചതിലൂടെ മലാല വിവാഹത്തെ കുറിച്ച് നേരത്തേ പ്രകടിപ്പിച്ചിരുന്ന അഭിപ്രായത്തിൽനിന്നും ഏറെ പിന്നാക്കം പോയി എന്നാണ് ഒരു വിഭാഗം വിമർശനം ഉന്നയിച്ചത്. ജീവിതത്തിൽ വിവാഹത്തിന്‍റെ ആവശ്യം ഇല്ല എന്ന തരത്തിൽ മലാല സംസാരിച്ചിട്ടുണ്ട് എന്നായിരുന്നു വിമർശകരുടെ വാദം. അവർ മലാലയുടെ പഴയ ചില വീഡിയോകളും ഇതിനെ സാധൂകരിക്കാൻ കുത്തിപ്പൊക്കി കൊണ്ടുവന്നിരുന്നു.
രാഷ്ട്രീയ പരമായ വിമർശനങ്ങൾക്കും മലാലയുടെ വിവാഹം തിരികൊളുത്തി. വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച പൂർത്തിയാകുന്നതിനിടെ അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണവർ. ബി.ബി.സിയിലെ ഏറ്റവും പുതിയ അഭിമുഖത്തിലാണ് അവർ വിവാഹം സംബന്ധിച്ച് തന്‍റെ നയനിലപാടുകൾ തുറന്നു പറയുന്നത്. കഴിഞ്ഞയാഴ്ചയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അംഗം അസർ മാലിക്കിനെ മലാല വിവാഹം കഴിച്ചത്.
വിവാഹം തന്‍റെ പരിഗണനയിലുള്ള കാര്യമായിരുന്നെന്നും തനിക്ക് അത് സംബന്ധിച്ച് ചില സങ്കൽപങ്ങളും സ്വപ്നങ്ങളും ഒക്കെ ഉണ്ടായിരുന്നു എന്നും അവർ ഇന്‍റർവ്യൂവിൽ തുറന്നു പറയുന്നു. വിവാഹം സംബന്ധിച്ച കാര്യങ്ങൾ താൻ വളരെ നേരത്തേ തന്നെ ബ്രിട്ടീഷ് വോഗിനോട് പറഞ്ഞിരുന്നതായും അവർ അറിയിച്ചു. ബി.ബി.സിയുടെ ആൻഡ്രൂ മാർ ഷോയിൽ പ്രത്യക്ഷപ്പെട്ടാണ് മലാല പുതിയ വിവാദങ്ങൾക്കെല്ലാം മറുപടി പറയുന്നത്.
തന്‍റെ മൂല്യങ്ങളും നിലപാടുകളും മനസ്സിലാക്കുന്ന ഒരു ഭർത്താവിനെ കണ്ടെത്തിയതിൽ താൻ ഭാഗ്യവതിയാണെന്ന് മലാല അഭിമുഖത്തിൽ പറഞ്ഞു. ശൈശവ വിവാഹത്തിനും വിവാഹമോചനത്തിനും ഇരയാക്കപ്പെട്ട നിരവധി പെൺകുട്ടികളെ നമ്മുടെ ലോകത്ത് കാണാനാകും. അതിനെക്കുറിച്ചൊക്കെ താൻ പങ്കിട്ട ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നതായും അവർ പറഞ്ഞു.
മലാല യൂസുഫ് സായിയെ കുറിച്ച് പങ്കാളി അസർ മാലിക് ട്വീറ്റ് ചെയ്ത വാക്കുകൾ നേരത്തേ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവരും ഒരുമിച്ച് കേക്ക് മുറിക്കുന്ന ചിത്രത്തിനൊപ്പമാണ് മലാലയെ കുറിച്ചുള്ള ഹൃദയം തൊട്ട കുറിപ്പും അസർ ട്വിറ്ററിൽ പങ്കുവെച്ചിരുന്നത്. 'മലാലയിൽ, എനിക്ക് ഏറ്റവും പിന്തുണ നൽകുന്ന ഒരു സുഹൃത്തിനെ, സുന്ദരിയും ദയയും ഉള്ള ഒരു പങ്കാളിയെ ഞാൻ കണ്ടെത്തി - ഞങ്ങളുടെ ജീവിതകാലം മുഴുവൻ ഒരുമിച്ച് പങ്കിടാൻ കഴിയുമെന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഞങ്ങളുടെ നിക്കാഹിന് ആശംസ നേർന്ന എല്ലാവർക്കും നന്ദി.
ഞങ്ങളുടെ ക്രിക്കറ്റ് ടീമിന്‍റെ പാരമ്പര്യമനുസരിച്ച് ഞങ്ങൾ ഇവിടെ വിജയത്തിന്‍റെ കേക്ക് മുറിക്കുന്നു -അസർ ട്വിറ്ററിൽ കുറിച്ചു. ആയിക്കണക്കിന് പേരാണ് ഇതിൽ ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ലണ്ടനിലെ മലാലയുടെ വീട്ടിൽ വെച്ചായിരുന്നു ലളിതമായ ചടങ്ങിൽ ഇരുവരുടെയും നിക്കാഹ് നടന്നത്.
ലാഹോറിൽ നിന്നുള്ള അസർ മാലിക് വ്യവസായിയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഹൈ പെർഫോമൻസ് സെന്‍ററിന്‍റെ ജനറൽ മാനേജരുമാണ്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ മുൻ ഭാര്യ ജെമീമ ഗോൾഡ്സ്മിത്ത്, ആപ്പിൾ സി.ഇ.ഒ ടിം കുക്ക്, പ്രിയങ്ക ചോപ്ര എന്നിവരടക്കം ലോകത്തിന്‍റെ വിവിധ കോണുകളിൽനിന്ന് ദമ്പതികൾക്ക് ആശംസകൾ പ്രവഹിക്കുകയാണ്.
അതേസമയം, മലാല പാകിസ്താനിയെ വിവാഹം കഴിച്ചതിനെ വിമർശിച്ച് എഴുത്തുകാരി തസ്ലീമ നസ്റിൻ രംഗത്തെത്തിയിരുന്നു. മലാല ഇംഗ്ലീഷുകാരനെ വിവാഹം കഴിക്കുമെന്നായിരുന്നു താൻകരുതിയതെന്നും വിവാഹ വാർത്ത നിരാശപ്പെടുത്തിയെന്നും അവർ പറഞ്ഞു. 2012ൽ താലിബാൻ തലക്ക് വെടിവെച്ച മലാല ബ്രിട്ടനിൽ അഭയം നേടിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.