ഇമ്മാനുവൽ മാക്രോൺ

‘കടുത്ത അമർഷവും നാണക്കേടും അനുഭവപ്പെടുന്നു, രാജ്യത്ത് നടക്കുന്നത് റിപ്പബ്ലിക്കിനെ തകർക്കാനുള്ള ശ്രമം’: ഫ്രഞ്ച് പ്രസിഡന്റ്

പാരിസ്: ഫ്രാൻസിൽ വ്യാപകമായി അരങ്ങേറുന്ന പ്രതിഷേധങ്ങളിൽ രൂക്ഷമായ അമർഷം രേഖപ്പെടുത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. റിപ്പബ്ലിക്കിനെ തകർക്കാനുള്ള ശ്രമമാണ് അക്രമികളുടെ ലക്ഷ്യം. കലാപകാരികൾ തങ്ങളുടെ കുറ്റകൃത്യങ്ങൾക്ക് കനത്ത വില നൽകേണ്ടിവരുമെന്നും ഇത്തരം സംഭവങ്ങളിൽ കടുത്ത ദേഷ്യവും നാണക്കേടും തോന്നുന്നുവെന്നും മാക്രോൺ വ്യക്തമാക്കി. ഞായറാഴ്ച ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇമ്മാനുവൽ മാക്രോൺ.

ഫ്രാൻസ് കണ്ട ഏറ്റവും വലിയ നഗരവ്യാപക അക്രമങ്ങൾക്കാണ് കഴിഞ്ഞ ശനിയാഴ്ച സാക്ഷ്യം വഹിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രസിഡന്റിന്റെ പ്രതികരണം. നിയമപരമായ ആവശ്യങ്ങളുമായി പ്രതിഷേധിക്കുന്നവരും രാജ്യത്ത് അക്രമവും കൊള്ളയും നടത്തുന്നവരും തമ്മിൽ കൃത്യമായ വ്യത്യാസമുണ്ടായിരിക്കണമെന്ന് മാക്രോൺ ഓർമിപ്പിച്ചു. വലിയ പൊലീസ് സന്നാഹങ്ങള്‍ അണി നിരന്നിട്ടും വലിയ ആക്രമണങ്ങളാണ് രാജ്യത്ത് അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ നമുക്ക് വേണ്ടത് ഒത്തൊരുമയും സമാധാനവുമാണ്. അക്രമങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായമെത്തിക്കുന്നതിനായി പ്രത്യേക 'ക്രൈസിസ് യൂനിറ്റ്' രൂപവത്കരിക്കുമെന്നും അടിയന്തര സാഹചര്യം നേരിടാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്ച മാത്രം രാജ്യത്ത് ഏകദേശം 2,400ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമങ്ങളെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ ആയിരത്തോളം പൊലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥന്മാരും പരിക്കുകളോടെ ചികിത്സയിലാണെന്നാണ് ഔദ്യോഗിക കണക്കുകൾ.

അതേസമയം, പ്രസിഡന്റിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. ഫ്രഞ്ച് സർക്കാറിന്റെ ഭരണപരാജയമാണ് ഇത്തരം സംഭവങ്ങൾക്ക് കാര്യമെന്നും ക്രമസമാധാനം ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്നും ഇടത് പക്ഷ പ്രസിഡന്റ് സ്ഥാനാർഥി ജീൻ-ലൂക്ക് മെലെൻചോൺ കുറ്റപ്പെടുത്തി. സർക്കാറിന് ജനങ്ങൾക്ക് നൽകാൻ ഇനി ഒന്നും അവശേഷിക്കുന്നില്ലെന്നും സ്വന്തം പൗരന്മാരെ സംരക്ഷിക്കാൻപോലും ഭരണകൂടത്തിന് കഴിയുന്നില്ലെന്നും വ്യക്തമാക്കി തീവ്ര വലതുപക്ഷ നേതാവ് ജോർഡൻ ബർഡെല്ലയും മാക്രോണിന്റെ പ്രസംഗത്തിനെതിരെ വിമർശനവുമായി എത്തി. അടുത്ത വർഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഈ വിഷയം വലിയ രാഷ്ട്രീയ പോർവിളികൾക്കാണ് വഴിവെച്ചിരിക്കുന്നത്.

Tags:    
News Summary - French President Expresses Deep Anger Over Riots, Calls Them an Attempt to Destroy the Republic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.