2035ൽ പാകിസ്താൻ ചന്ദ്രനിൽ കാലുകുത്തുമെന്ന്; ചൈനയുമായി ബഹിരാകാശ സഹകരണം ശക്തമാക്കുന്നു

ഇസ്‍ലാമാബാദ്: 2035ഓടെ ചന്ദ്രനിൽ പേടകമിറക്കുകയെന്ന ലക്ഷ്യവുമായി പാകിസ്താൻ. ബഹിരാകാശ ഗവേഷണ രംഗത്ത് ചൈനയുമായുള്ള സഹകരണം വിപുലീകരിച്ചാണ് രാജ്യം ഈ ലക്ഷ്യത്തിലേക്ക് നീങ്ങുന്നത്. പാകിസ്താന്റെ ആദ്യ ബഹിരാകാശ യാത്രികൻ നവംബർ 25ന് ചൈനയുടെ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് യാത്ര തിരിക്കുമെന്ന് ആസൂത്രണ വികസന മന്ത്രി അഹ്സൻ ഇഖ്ബാൽ അറിയിച്ചു.

ഒക്ടോബർ 18ന് നരോവാളിൽ ലോക ബഹിരാകാശ വാരാചരണത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയുമായുള്ള സഹകരണം ബഹിരാകാശ പര്യവേക്ഷണത്തിൽ പാകിസ്താന് പുതിയ സാധ്യതകൾ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശ സാങ്കേതികവിദ്യ, കൃഷി, വാർത്താവിനിമയം, കാലാവസ്ഥാ നിരീക്ഷണം, വിദ്യാഭ്യാസം, ദേശീയ സുരക്ഷ തുടങ്ങിയ മേഖലകളിൽ നിർണായകമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ചൈനയുടെ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിക്കുന്ന പാകിസ്താന്റെ ആദ്യ ബഹിരാകാശ യാത്രികനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്. സീഷാൻ അലി, ഖുറം ദാവൂദ് എന്നീ പൈലറ്റുമാരാണ് ഇതിനായി ചൈനയിൽ പരിശീലനം നേടിവരുന്നത്. ഇരുവരിൽ ആരായിരിക്കും ദൗത്യത്തിൽ പങ്കെടുക്കുകയെന്ന് അന്തിമമായി പ്രഖ്യാപിച്ചിട്ടില്ല. യാത്രികൻ ചൈനീസ് ബഹിരാകാശ പേടകത്തിലാണ് യാത്ര ചെയ്യുക. പാകിസ്താന്റെ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുകയായിരിക്കും പ്രധാന ലക്ഷ്യം.

ചന്ദ്രനിൽ പേടകമിറക്കാനുള്ള ദൗത്യത്തിന്റെ ഉത്തരവാദിത്തം പാകിസ്താന്റെ ബഹിരാകാശ ഏജൻസിയായ സുപാർകോയ്ക്കാണ് (SUPARCO) നൽകിയിരിക്കുന്നത്. ചൈനയുടെ ചാങ്‌ഇ-8 ദൗത്യത്തിന്റെ ഭാഗമായി 2028ൽ ചന്ദ്രനിലേക്ക് പാകിസ്താൻ നിർമിത റോവർ അയക്കാനും പദ്ധതിയുണ്ട്. ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയെക്കുറിച്ചുള്ള പഠനത്തിനും ശാസ്ത്രീയ പരീക്ഷണങ്ങൾക്കും റോവർ ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.

സ്വന്തം നിലയിൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ശേഷി നിലവിൽ പാകിസ്താനില്ല. ചൈനയുടെ സഹായത്തോടെ ഉപഗ്രഹ വിക്ഷേപണങ്ങളും ബഹിരാകാശ ഗവേഷണ പദ്ധതികളും വിപുലീകരിക്കാനാണ് രാജ്യം ശ്രമിക്കുന്നത്. ബഹിരാകാശ ശാസ്ത്രത്തിൽ യുവാക്കളുടെ താൽപര്യം വർധിപ്പിക്കുന്നതിനും ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായി രാജ്യത്തെ ആദ്യ ബഹിരാകാശ മ്യൂസിയം സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി അറിയിച്ചു. ചൈനയുമായുള്ള സഹകരണം പ്രയോജനപ്പെടുത്തി ബഹിരാകാശ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നാണ് പാകിസ്താന്റെ പ്രതീക്ഷ.

Tags:    
News Summary - Pakistan Targets Moon Landing 2035

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.