സുരക്ഷ കൗൺസിലിലെ എല്ലാ സ്ഥിരാംഗങ്ങൾക്കും വീറ്റോ അധികാരം നൽകണം; രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാനുള്ള ഉപകരണമായി മാറരുതെന്നും യു.എന്നിൽ ഇന്ത്യ
ന്യൂയോർക്ക് സിറ്റി: ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ സമഗ്ര പരിഷ്‌കാരം നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച് വീണ്ടും ഇന്ത്യ. സുരക്ഷാ കൗൺസിലിലെ എല്ലാ അംഗരാജ്യങ്ങൾക്കും വീറ്റോ അധികാരം നൽകണമെന്ന് യു.എന്നിലെ ഇന്ത്യയിലെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് ആവർത്തിച്ചു.
വീറ്റോ അധികാരം വലിയ ഉത്തരവാദിത്തം കൂടി വഹിക്കുന്നതാണെന്നും അത് പ്രയോഗിക്കുമ്പോൾ നിയന്ത്രണവും വിവേകവും പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘നിലവിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിലെ അഞ്ച് സ്ഥിരാംഗങ്ങൾക്ക് മാത്രമുള്ള പ്രത്യേക അധികാരമാണ് വീറ്റോ. ഈ അധികാരം വലിയ ആത്മനിയന്ത്രണത്തോടെ പ്രയോഗിക്കേണ്ട ഉത്തരവാദിത്തമാണെന്നാണ് ഇന്ത്യയുടെ നിലപാട്. പ്രത്യേകിച്ച്, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ. ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഉപകരണമായി ഇത് മാറരുത്’ -പർവതനേനി പറഞ്ഞു.
നിലവിൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, റഷ്യ, ചൈന എന്നീ അഞ്ചു രാജ്യങ്ങൾക്കാണ് വീറ്റോ അധികാരമുള്ളത്. വീറ്റോ അധികാരം ചരിത്രത്തിൽ എങ്ങനെ പ്രയോഗിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയ പർവതനേനി, ഏതാനും അംഗങ്ങൾ ഈ അധികാരം ആനുപാതികമല്ലാത്ത രീതിയിൽ ഉപയോഗിച്ചത് സുരക്ഷാ കൗൺസിലിന്റെ വിശ്വാസ്യതയെ ദുർബലപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി. വീറ്റോ അധികാരത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട കണക്കുകൾ വ്യക്തമാണ്. ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിൽ ഏകദേശം 200 പ്രമേയങ്ങളിലായി 331 തവണ വീറ്റോ അധികാരം പ്രയോഗിച്ചിട്ടുണ്ട്. അഞ്ച് സ്ഥിരാംഗങ്ങളിൽ രണ്ടുപേർ മൂന്നര പതിറ്റാണ്ടിലേറെയായി വീറ്റോ അധികാരം പ്രയോഗിച്ചിട്ടില്ല, ഭൂരിഭാഗം വീറ്റോ പ്രയോഗങ്ങളും ഭീഷണികളും മൂന്ന് രാജ്യങ്ങളിൽ നിന്നാണ് ഉണ്ടായിട്ടുള്ളത്. വീറ്റോ പ്രയോഗിക്കുമ്പോഴെല്ലാം യു.എൻ പൊതുസഭയിൽ ചർച്ച നടത്താൻ വ്യവസ്ഥ ചെയ്ത 2022ലെ വീറ്റോ ഇനിഷ്യേറ്റീവ് മാറ്റത്തിന്റെ സൂചനയായിരുന്നെങ്കിലും, അതിനുശേഷവും വീറ്റോ ഉപയോഗത്തിൽ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. വീറ്റോ അധികാരത്തെ മാത്രം ഒറ്റപ്പെടുത്തി പരിഗണിക്കുന്നത് ഫലപ്രദമല്ലെന്നും പരിഷ്‌കാരങ്ങൾ സംബന്ധിച്ച ചർച്ചകൾ വ്യക്തമായ കരട് നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രക്ഷാസമിതി അംഗങ്ങളുടെ അംഗത്വ വിഭാഗങ്ങൾ, പ്രാദേശിക പ്രാതിനിധ്യം, സമിതിയുടെ വലുപ്പം, പ്രവർത്തന രീതികൾ, വീറ്റോ അധികാരം എന്നീ അഞ്ച് പ്രധാന മേഖലകളിലും ഒരേസമയം പുരോഗതി ഉണ്ടാകണം. സുരക്ഷാ കൗൺസിലിലെ എല്ലാ അംഗരാജ്യങ്ങൾക്കും വീറ്റോ അധികാരം വ്യാപിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.വീറ്റോ അധികാരമില്ലാത്ത പുതിയൊരു സ്ഥിരം അംഗത്വ വിഭാഗം സൃഷ്ടിക്കുന്നത് നിലവിലെ ചർച്ചകളെ കൂടുതൽ സങ്കീർണമാക്കുമെന്നും ചർച്ചകളിലൂടെ പരിഷ്കരണങ്ങൾ വേഗത്തിലാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. വീറ്റോ അധികാരമില്ലാത്ത അംഗങ്ങളുടെ മറ്റൊരു വിഭാഗത്തെ സൃഷ്ടിച്ചുകൊണ്ട് രക്ഷാസമിതിയെ വിപുലീകരിക്കുന്ന പരിഷ്‌കരണം അവരെ ഫലത്തിൽ രണ്ടാം തര' അംഗങ്ങളാക്കി മാറ്റുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.