ഉപരോധം നീക്കിയാൽ ഹുർമുസ് തുറക്കാമെന്ന് ഇറാൻ; സംഘർഷം ഒഴിവാക്കാൻ ഗൾഫ് രാജ്യങ്ങളുടെ സമാധാനനീക്കം
തെഹ്റാൻ: യു.എസും ഇറാനും തമ്മിൽ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യം ഒഴിവാക്കാൻ സമഗ്ര സമാധാനകരാറിനുള്ള നീക്കവുമായി ഗൾഫ് രാജ്യങ്ങൾ. ഇറാനുമേലുള്ള സാമ്പത്തിക ഉപരോധങ്ങൾ നീക്കുക, തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുക, യമനിലെ ഹൂതി സേനയുടെ സാന്നിധ്യം കുറക്കുക തുടങ്ങിയ നിർദേശങ്ങളാണ് ചർച്ചകളുടെ കേന്ദ്രബിന്ദു.
സാമ്പത്തിക ഉപരോധങ്ങൾ പിൻവലിച്ച് നാലു ദിവസത്തിനകം ഹുർമുസ് കടലിടുക്ക് തുറക്കാൻ തയാറാണെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. ഉപരോധങ്ങൾ നീക്കി ഏഴു ദിവസത്തിനകം കടലിടുക്ക് തുറക്കാമെന്ന മുൻനിലപാടിലാണ് ഇറാൻ ഇളവ് വരുത്തിയത്. ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി അലി ബാഖിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഉപരോധങ്ങൾ നീക്കുന്നതിന് ഉറപ്പുള്ള വ്യവസ്ഥകൾ വേണമെന്ന നിലപാടിലാണ് ഇറാൻ.
സമാധാന ചർച്ചകളിലെ പുരോഗതി അമേരിക്ക നിരീക്ഷിക്കുന്നുണ്ടെങ്കിലും ഇറാനിൽനിന്ന് കൂടുതൽ വിട്ടുവീഴ്ചകൾ വേണമെന്നാണ് വാഷിങ്ടണിന്റെ ആവശ്യം. യു.എന്നിന്റെ ആണവ പരിശോധനാ ഉദ്യോഗസ്ഥർക്ക് ഇറാനിലേക്ക് വീണ്ടും പ്രവേശനം അനുവദിക്കുന്നതടക്കമുള്ള ആവശ്യങ്ങൾ അമേരിക്ക മുന്നോട്ടുവെച്ചേക്കുമെന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ വിലയിരുത്തൽ. ന്യൂയോർക്കിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡ് ആണവ പരിശോധനകൾ പുനരാരംഭിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആണവ പദ്ധതിയെക്കുറിച്ച് തത്ത്വത്തിലുള്ള ചർച്ചകൾക്കു മാത്രമേ തയാറുള്ളൂവെന്നാണ് ഇറാന്റെ നിലപാട്.
പുതിയ നയതന്ത്ര നീക്കങ്ങൾ യു.എസും സജീവമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മുഹ്സിൻ റസാഈയുമായി കുടിക്കാഴ്ചക്കായി ബന്ധപ്പെട്ടു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തന്റെ അനുമതിയോടെ വാൻസ് ചില നീക്കങ്ങൾ നടത്തുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചിപ്പിച്ചു.
അതേസമയം, യമനിലെ സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്രശ്രമങ്ങളും ശക്തമായിട്ടുണ്ട്. സൗദി അറേബ്യ, തുർക്കിയ, പാകിസ്താൻ എന്നീ രാജ്യങ്ങളിലെ ഉന്നതതല പ്രതിനിധിസംഘം തെഹ്റാനിലെത്തി ഇറാൻ നേതൃത്വവുമായി ചർച്ച നടത്തി. യമൻ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സൗദിയുടെ ഉപാധികളും ദീർഘകാല പ്രാദേശിക സുരക്ഷാ സംവിധാനവുമാണ് പ്രധാനമായും ചർച്ചയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.