ബെർലിൻ: ഗസ്സയിലേക്കുള്ള സഹായ വിതരണം നിർത്താനും വൈദ്യുതി വിച്ഛേദിക്കാനും ഉള്ള ഇസ്രായേലിന്റെ തീരുമാനം അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് രൂക്ഷമായി പ്രതികരിച്ച് ജർമനി. ഇത് ഫലസ്തീൻ പ്രദേശത്ത് പുതിയ മാനുഷിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് ജർമൻ ഭരണകൂടം വ്യക്തമാക്കി.
തന്റെ പതിവ് പത്രസമ്മേളനത്തിൽ, ഗസ്സ വീണ്ടും ഭക്ഷ്യക്ഷാമത്തിലേക്ക് പതിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് കാതറിൻ ഡെസ്ചൗവർ പറഞ്ഞു. വൈദ്യുതി വിച്ഛേദിക്കുന്നതും ജലവിതരണം നിർത്തുന്നതിനെക്കുറിച്ചുള്ള ചർച്ചയും തങ്ങൾ വളരെയധികം ആശങ്കയോടെയാണ് നോക്കുന്നതെന്നും അത്തരം നടപടികൾ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനവും അസ്വീകാര്യവും പൊരുത്തപ്പെടാത്തതുമാണെന്നും ഡെസ്ചൗവർ കൂട്ടിച്ചേർത്തു. ഗസ്സയിലേക്കുള്ള എല്ലാത്തരം മാനുഷിക സഹായങ്ങൾക്കുമുള്ള നിയന്ത്രണങ്ങൾ ഉടനടി നീക്കാൻ ജർമനി ഇസ്രായേൽ സർക്കാറിനോട് ആവശ്യപ്പെടുന്നുവെന്നും അവർ പറഞ്ഞു.
ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം നിർത്തലാക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തിൽ യു.എൻ മേധാവിയും കടുത്ത ആശങ്ക പ്രകടിപ്പിച്ചു. പതിനായിരക്കണക്കിന് ആളുകളുടെ ശുദ്ധജല ലഭ്യതയെ ഈ നീക്കം സാരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇസ്രായേലിന്റെ തീരുമാനത്തിൽ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വളരെയധികം ആശങ്കാകുലനാണ്. ഈ പുതിയ തീരുമാനം ഗസ്സ മുനമ്പിലെ കുടിവെള്ള ലഭ്യതയെ ഗണ്യമായി കുറക്കും - വക്താവ് സ്റ്റെഫാൻ ഡുജാറിക് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഇന്നു മുതൽ ബാക്കപ്പ് ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇത് ജല ഉൽപാദന ശേഷി കുറക്കും. വൈദ്യുതി പുനഃസ്ഥാപിക്കുക എന്നത് പതിനായിരക്കണക്കിന് കുടുംബങ്ങൾക്കും കുട്ടികൾക്കും അത്യന്താപേക്ഷിതമാണെന്നും വക്താവ് ഊന്നിപ്പറഞ്ഞു.
ഗസ്സയിലേക്കുള്ള എല്ലാ ക്രോസിങുകളും തുടർച്ചയായ ഒമ്പത് ദിവസമായി ചരക്കുകൾക്ക് പ്രവേശനമില്ലാതെ അടച്ചിട്ടിരിക്കുകയാണെന്നും ഡുജാറിക് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.