ബെർലിൻ: യൂറോപ്യൻ യൂനിയനെതിരെ (ഇ.യു) അമേരിക്ക താരിഫ് ഏർപ്പെടുത്തിയാൽ യൂറോപ്പിന് ഒരു മണിക്കൂറിനുള്ളിൽ തന്നെ തിരിച്ചടിക്കാൻ കഴിയുമെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്. ഫെബ്രുവരി 23ന് നടക്കുന്ന ജർമൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി എതിരാളിയായ ഫ്രെഡറിക് മെർസുമായുള്ള ചർച്ചക്കിടെയാണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ. രണ്ടാം തവണ അധികാരമേറ്റ ഉടൻതന്നെ ചൈന, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾക്ക്
യു.എസ് താരിഫ് ഏർപ്പെടുത്തിയിരുന്നു. അമേരിക്ക തീരുവ ഏർപ്പെടുത്തിയാൽ യൂറോപ്യൻ യൂനിയൻ പ്രതികരിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷോൾസ്. യൂറോപ്യൻ യൂണിയൻ എന്ന നിലയിൽ തങ്ങൾക്ക് ഒരു മണിക്കൂറിനുള്ളിൽ നടപടിയെടുക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രതികരിച്ചു.
27 അംഗ രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യൻ യൂനിയന് മേൽ തീരുവ ചുമത്തുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം ഇ.യുമായുള്ള അമേരിക്കയുടെ വ്യാപാര അന്തരീക്ഷം വഷളായ രീതിയിലാണ്. 2018ൽ തന്റെ ആദ്യ ഭരണകാലത്ത്, ട്രംപ് യൂറോപ്യൻ യൂനിയനു മേൽ സ്റ്റീൽ, അലുമിനിയം കയറ്റുമതിയിൽ തീരുവ ചുമത്തിയിരുന്നു. തുടർന്ന് വിസ്കി, മോട്ടോർ സൈക്കിളുകൾ എന്നിവയുൾപ്പെടെയുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് താരിഫുകൾ ചുമത്തി യൂറോപ്യൻ യൂനിയൻ തിരിച്ചടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.