മുൻ ഇസ്രായേൽ സൈനികനെ പരസ്യത്തിൽ ഉൾപ്പെടുത്തിയതിൽ മാപ്പ് പറഞ്ഞ് അഡിഡാസ്; ബഹിഷ്കരണാഹ്വാനങ്ങൾക്ക് പിന്നാലെയാണ് നടപടി

ഇസ്രായേൽ സൈനികനെ ഉൾപ്പെടുത്തിയുള്ള പരസ്യ വിവാദത്തിൽ മാപ്പ് പറഞ്ഞ് പ്രമുഖ ജർമൻ സ്പോർട്സ് വെയർ ബ്രാൻഡായ അഡിഡാസ്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ ആയിരക്കണക്കിന് ഫലസ്തീനികൾക്ക് അംഗഭേദം സംഭവിക്കുന്നതിനിടയിൽ, മുൻ ഇസ്രായേൽ സൈനികനെ ബ്രാൻഡ് പ്രൊമോഷനായി ഉപയോഗിച്ചതിനെതിരെ വലിയ വിമർശനങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും ഉയർന്നിരുന്നു.

ഇസ്രായേൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിനിടെ കാൽ നഷ്ടപ്പെട്ട ഷലേവ് ബിറ്റോൺ എന്നയാളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള 'സിംഗിൾ ഷൂ സർവീസ്' കാമ്പെയ്നാണ് വിവാദമായത്. ഒറ്റക്കാൽ നഷ്ടപ്പെട്ടവർക്ക് പകുതി വിലയ്ക്ക് ഒരു ഷൂ മാത്രം വാങ്ങാൻ സഹായിക്കുന്ന പദ്ധതിയാണിത്. ബിറ്റോണിന്റെ സ്വന്തം അനുഭവമാണ് ഈ പദ്ധതിക്ക് പ്രചോദനമായതെന്ന അവകാശവാദത്തോടെയാണ് പരസ്യം പ്രചരിപ്പിച്ചത്.

എന്നാൽ, ഫലസ്തീൻ ജനത കടുത്ത ദുരിതമനുഭവിക്കുന്ന പശ്ചാത്തലത്തിൽ ഇസ്രായേൽ സൈനികനെ ഇതിനായി തെരഞ്ഞെടുത്തത് സമൂഹമാധ്യമങ്ങളിലും മറ്റും കടുത്ത രോഷത്തിന് കാരണമായി. സ്പാനിഷ് നടൻ ഹാവിയർ ബാർഡം ഉൾപ്പെടെയുള്ള പ്രമുഖർ അഡിഡാസ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. പ്രതിഷേധം ശക്തമായതോടെ ബിറ്റോൺ തന്റെ ഇൻസ്റ്റാഗ്രാമിൽ നിന്ന് പ്രൊമോഷണൽ വീഡിയോ പിൻവലിച്ചിരുന്നു.

ഇത് പ്രാദേശിക തലത്തിലുള്ള ഒരു പരസ്യ കമ്പനി തയ്യാറാക്കിയ പരസ്യമാണെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അഡിഡാസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. "ഈ പരസ്യം ചില ആശങ്കകൾക്കും ശക്തമായ പ്രതികരണങ്ങൾക്കും ഇടയാക്കിയതായി ഞങ്ങൾ തിരിച്ചറിയുന്നു. ഇതിലൂടെ വിഷമിച്ച എല്ലാവരോടും ഞങ്ങൾ മാപ്പ് ചോദിക്കുന്നു," കമ്പനി കൂട്ടിച്ചേർത്തു. തങ്ങൾ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ വിമർശനങ്ങൾ ഗൗരവമായി കാണുമെന്നും മിഡിൽ ഈസ്റ്റിലെ കായിക സമൂഹങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്നും കമ്പനി അറിയിച്ചു.

Tags:    
News Summary - Adidas apologizes for featuring former Israeli soldier in ad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.