റഫ അതിർത്തി നാളെ ഭാഗികമായി തുറക്കും; സഹായ ട്രക്കുകൾ വിടുന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല

കൈറോ: ഗസ്സയിലെ ജനങ്ങൾക്ക് പുറംലോകത്തേക്ക് പ്രധാന കവാടമായിരുന്ന റഫ അതിർത്തി തിങ്കളാഴ്ച ഭാഗികമായി തുറക്കും. ഈജിപ്തിലെ ഫലസ്തീൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.

2024 മേയ് മുതൽ അടഞ്ഞുകിടക്കുന്ന റഫ അതിർത്തി വഴി ഈജിപ്തിലുള്ള ഫലസ്തീനികൾക്ക് മടങ്ങാനാകും. എന്നാൽ, ഗസ്സയിൽനിന്ന് പുറത്തുകടക്കാൻ നിലവിൽ അനുവദിക്കില്ല.

സഹായ ട്രക്കുകൾ വിടുന്ന കാര്യവും സ്ഥിരീകരിച്ചിട്ടില്ല. ഒന്നരവർഷത്തോളമായി ഇസ്രായേൽ അടച്ചുകളഞ്ഞ റഫ അതിർത്തി ഈ വർഷാദ്യം വെടിനിർത്തൽ കാലത്ത് തുറന്നിരുന്നെങ്കിലും വീണ്ടും അടച്ചതാണ്.

തുടർച്ചയായി കരാർ ലംഘനം; ഇസ്രായേൽ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ചു

ഗസ്സ: വെടിനിർത്തൽ കരാർ അംഗീകരിച്ച് എട്ട് ദിവസം പിന്നിടുമ്പോഴും ചോരക്കൊതി ഒടുങ്ങാതെ ഇസ്രായേൽ സൈന്യം. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുപിന്നാലെ സ്വന്തം വീടുകൾ തേടി മടങ്ങുന്നവർക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ചു. കരാർ ലംഘനത്തിനുശേഷം ഇസ്രായേൽ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്.

ഗസ്സ നഗരത്തിലെ സെയ്ത്തൂൻ മേഖലയിലുള്ള വീട് സന്ദർശിക്കാൻ പുറപ്പെട്ട അബൂ ശാബാൻ കുടുംബത്തിലെ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കം 13 പേരാണ് മരണപ്പെട്ടത്. ഇവർ സഞ്ചരിച്ച വാഹനത്തിന് നേരെ ​ഇസ്രായേൽ സൈന്യം ഷെല്ലാക്രമണം നടത്തുകയായിരുന്നു. മുന്നറിയിപ്പില്ലാതെയായിരുന്നു ആക്രമണമെന്നും അധിനിവേശകരുടെ ഒടുങ്ങാത്ത ചോരക്കൊതിയാണ് സാധാരണ ജനങ്ങൾക്കുമേൽ ആവർത്തിക്കുന്ന ആക്രമണങ്ങൾക്ക് കാരണമെന്നും പ്രതിരോധ വക്താവ് മഹ്മൂദ് ബസാൽ പറഞ്ഞു.

കുടുംബത്തിന് നേരെ നടന്ന ആക്രമണം കൂട്ടക്കൊലപാതകമാണെന്നും ആക്രമണത്തെ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും ഹമാസ് വ്യക്തമാക്കി. വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിക്കുന്ന ഇസ്രായേലിനെതിരെ നടപടിയെടുക്കണമെന്നും യു.എസിനോടും മധ്യസ്ഥ രാജ്യങ്ങളോടും ഹമാസ് ആവശ്യപ്പെട്ടു. സമാധാന കരാർ നിലവിൽ വന്നതിനുശേഷവും ഗസ്സയുടെ 53 ശതമാനം പ്രദേശവും ഇസ്രായേൽ സൈന്യത്തിന്റെ കീഴിൽ തുടരുകയാണ്.

Tags:    
News Summary - Gaza's Rafah border crossing to reopen on Monday, Palestinian embassy in Egypt says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.