തെൽ അവീവ്: ഗസ്സ വെടിനിർത്തൽ രണ്ടാംഘട്ടം വൈകില്ലെന്ന സൂചനയുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗസ്സയുടെ പുനർനിർമാണം ഉടൻ നടക്കുമെന്നും േഫ്ലാറിഡയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചക്കുശേഷം അദ്ദേഹം പറഞ്ഞു.
നെതന്യാഹുവിന്റെ കടുത്ത നിലപാടുകൾക്കിടയിലും വെടിനിർത്തൽ രണ്ടാം ഘട്ടവുമായി മുന്നോട്ടുപോകാനുള്ള തയാറെടുപ്പിലാണ് ട്രംപ്. തന്റെ ഇരുപതിന ഗസ്സ സമാധാന പദ്ധതിയുടെ തുടർച്ചക്ക് ട്രംപ് നെതന്യാഹുവിന്റെ പിന്തുണ തേടി. അവശേഷിച്ച ഒരു ബന്ദിയുടെ മൃതദേഹ കൈമാറ്റവും ഹമാസിന്റെ നിരായുധീകരണത്തിനുള്ള വ്യക്തമായ പദ്ധതിയും ഇല്ലാതെ രണ്ടാം ഘട്ടത്തിലേക്ക് എടുത്തുചാടരുതെന്ന് നെതന്യാഹു കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, യു.എസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ ഉപദേശകനും മരുമകനുമായ ജറാദ് കുഷ്നർ എന്നിവരും ട്രംപിനൊപ്പം നെതന്യാഹുവുമായുള്ള ചർച്ചയിൽ പങ്കെടുത്തു.
അടുത്ത മാസം തന്നെ രണ്ടാംഘട്ട വെടിനിർത്തൽ നടപ്പാക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഗസ്സയിൽനിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന ഇസ്രായേൽ നിലപാടും ചർച്ചയായതായി യു.എസ് മാധ്യമങ്ങൾ റപ്പോർട്ട് ചെയ്തു.
ഇടക്കാല സർക്കാർ, അന്താരാഷ്ട്ര സേനാ വിന്യാസം, ഹമാസിന്റെ നിരായുധീകരണം, വിലക്കുകളില്ലാതെ ഗസ്സയിലേക്ക് സഹായം ഉറപ്പാക്കൽ എന്നീ വിഷയങ്ങളും ചർച്ചയായി. ഗസ്സയുടെ പുനർനിർമാണം സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ‘ഉടൻ ഉണ്ടാകും’ എന്നായിരുന്നു ട്രംപിന്റെ മറുപടി. കൂടിക്കാഴ്ചക്കു മുമ്പ് ട്രംപും നെതന്യാഹുവും പരസ്പരം പുകഴ്ത്താനും മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.