ഫ്രാങ്ക് കാപ്രിയോ

'ലോകത്തിലെ ഏറ്റവും ദയയുള്ള ജഡ്ജി'ക്ക് ഇനി വിശ്രമം; ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

അമേരിക്കയിലെ റോഡ് ഐലൻഡിലെ പ്രൊവിഡൻസ് മുനിസിപ്പൽ കോടതിയിലെ മുൻ ചീഫ് ജഡ്ജിയായ ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. 88 വയസായിരുന്നു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.'ലോകത്തിലെ ഏറ്റവും ദയയുള്ള ജഡ്ജി' എന്നാണ് ഫ്രാങ്ക് കാപ്രിയോ അറിയപ്പെട്ടിരുന്നത്. 1985 മുതൽ 2023 ൽ വിരമിക്കുന്നതുവരെ പ്രൊവിഡൻസ് മുനിസിപ്പൽ കോടതിയുടെ ചീഫ് ജഡ്ജിയായി കാപ്രിയോ സേവനമനുഷ്ഠിച്ചു. ഏകദേശം 40 വർഷം നീണ്ടുനിന്ന ജുഡീഷ്യൽ ജീവിതം. അദ്ദേഹത്തിന്‍റെ കോടതി നടപടികളുടെ വിഡിയോകളും സോഷ്യൽമീഡിയയിൽ വൈറലാണ്.

1936 നവംബർ 24 ന് ഇറ്റാലിയൻ കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകനായി റോഡ് ഐലൻഡിലെ പ്രൊവിഡൻസിലാണ് ഫ്രാങ്ക് കാപ്രിയോയുടെ ജനനം. ഹൈസ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്നതിനിടെ രാത്രികാല ക്ലാസുകളിൽ പഠിച്ചാണ് അദ്ദേഹം നിയമബിരുദം നേടിയത്. 1985 മുതൽ 2023 വരെ പ്രൊവിഡൻസ് മുനിസിപ്പൽ കോടതിയിൽ ചീഫ് ജഡ്ജിയായി സേവനമനുഷ്ഠിച്ചു. ‘കോട്ട് ഇൻ പ്രൊവിഡൻസ്’ (Caught in Providence) ടെലിവിഷൻ ഷോയിലൂടെ അദ്ദേഹത്തിന്‍റെ കോടതി നടപടികൾ ജനങ്ങളിലേക്ക് എത്തി.

 

ഫ്രാങ്ക് കാപ്രിയോയെ ലോകം മുഴുവൻ ഇഷ്ടപ്പെടാൻ കാരണം അദ്ദേഹത്തിന്റെ കോടതിമുറിയിലെ മനോഭാവവും കാരുണ്യവുമാണ്. കോടതിയിൽ എത്തുന്ന സാധാരണക്കാരോട്, പ്രത്യേകിച്ച് കുട്ടികളോടും പ്രായമായവരോടും അദ്ദേഹം കാണിച്ച കാരുണ്യവും ദയയും അദ്ദേഹത്തെ ലോകപ്രശസ്തനാക്കി. പലപ്പോഴും ചെറിയ പിഴകൾ ഒഴിവാക്കുകയും എളുപ്പത്തിൽ പിഴയടക്കാൻ കഴിയാത്തവർക്ക് സഹായകരമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തിരുന്നു. ഈ വിഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരം ലഭിച്ചു.

കഴിഞ്ഞ ദിവസമാണ് ഫ്രാങ്ക് കാപ്രിയോ ആശുപത്രിയിൽ നിന്ന് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടത്. ‘കഴിഞ്ഞവർഷവും ഞാൻ നിങ്ങളോട് എനിക്ക് വേണ്ടി പ്രാർഥിക്കണമെന്ന് പറഞ്ഞിരുന്നു. നിങ്ങളത് ചെയ്തു. അതാണ് വളരെ ബുദ്ധിമുട്ടേറിയ ഒരു സാഹചര്യം താണ്ടി വന്നതെന്നായിരുന്നു വിഡിയോയിൽ അദ്ദേഹം പറഞ്ഞത്. പക്ഷേ വീണ്ടും തിരിച്ചടി നേരിട്ടു. തിരികെ ആശുപത്രിയിലെത്തി, വീണ്ടു ഞാൻ നിങ്ങളുടെ മുന്നിലെത്തിയിരിക്കുകയാണ്. പ്രാർഥനയിൽ എന്നെയും ഓർക്കണേ’ എന്നാണ് അദ്ദേഹം വിഡിയോയിൽ പറയുന്നുണ്ട്.

കോടതിയിലെത്തുന്ന ഓരോരുത്തരും തന്‍റെ കുടുംബാംഗങ്ങളെ പോലെയാണെന്ന് അദ്ദേഹം വിശ്വസിച്ചു. ശിക്ഷിക്കപ്പെടുന്നവരുടെ ജീവിത സാഹചര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മാത്രം വിധി പ്രസ്താവിക്കുന്ന അദ്ദേഹത്തിന്റെ രീതി സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തി. ഗൗരവമായ കോടതിമുറിയെ തമാശകൾ നിറഞ്ഞ ഒരിടമാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. തമാശരൂപത്തിൽ കാര്യങ്ങൾ പറഞ്ഞ് ആളുകളുടെ പിരിമുറുക്കം കുറയ്ക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ സമീപനം അദ്ദേഹത്തെ ജനകീയനാക്കി.

കോടതിമുറിയിൽ കുട്ടികൾ വന്നാൽ അവരെക്കൊണ്ട് വിധി പറയിപ്പിക്കുന്ന അദ്ദേഹത്തിന്റെ രീതി വളരെ പ്രശസ്തമാണ്. പിഴയടക്കണോ വേണ്ടയോ എന്ന് കുട്ടികളോട് ചോദിക്കുകയും, അവരുടെ ആഗ്രഹം പോലെ വിധി പ്രസ്താവിക്കുകയും ചെയ്യുമായിരുന്നു. കോടതിയിൽ നടക്കുന്ന അദ്ദേഹത്തിന്‍റെ സംഭാഷണങ്ങളുടെയും വിധിപ്രസ്താവനകളുടെയും വിഡിയോകൾ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 3.4 മില്യൺ ഫോളോവർസാണ് ഫ്രാങ്ക് കാപ്രിയോക്കുള്ളത്.

Tags:    
News Summary - Frank Caprio dies: things about ‘America’s nicest judge’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.