ന്യൂയോർക്: യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ഗതാഗതം മുടക്കിയതോടെ ന്യൂയോർക്കിലെ തെരുവിൽ കുടുങ്ങി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. അൽപനേരം കാറിൽ കാത്തിരുന്ന ശേഷം ഫോണിൽ ട്രംപിനെ വിളിച്ച് വിവരമറിയിച്ച് ഫ്രഞ്ച് എംബസിയിലേക്ക് മാക്രോൺ നടന്നുനീങ്ങി.
ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ സംസാരിച്ചശേഷം എംബസിയിലേക്ക് മടങ്ങുന്നതിനിടെയാണ് മാക്രോണിനെ ന്യൂയോർക് പൊലീസ് തടഞ്ഞത്. കാറിൽ നിന്നിറങ്ങി, റോഡ് തടഞ്ഞതിനെക്കുറിച്ച് പൊലീസിനോട് അന്വേഷിച്ചു. ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനാലാണ് വഴിയടച്ചതെന്ന് പൊലീസ് അറിയിച്ചപ്പോൾ, മാക്രോൺ തെരുവിൽ നിന്നുകൊണ്ടുതന്നെ തമാശരൂപേണ യു.എസ് പ്രസിഡന്റിനെ ഫോണിൽ വിളിച്ചു.
വഴിയരികിലെ ഒരു ബാരിക്കേഡിന് സമീപം, ജനക്കൂട്ടം നോക്കിനിൽക്കെയായിരുന്നു മാക്രോണിന്റെ ഫോൺവിളി. സുഖമാണോയെന്ന് ട്രംപിനോട് മാക്രോൺ കുശലാന്വേഷണം നടത്തുന്നതും വഴികൾ അടച്ചിരിക്കുന്നതിനാൽ താൻ തെരുവിൽ കാത്തുനിൽക്കുകയാണെന്ന് ചിരിയോടെ ട്രംപിനോട് പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
മാക്രോൺ സംസാരിക്കുന്നതിനിടയിൽ ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോവുകയും റോഡ് കാൽനടയാത്രക്കാർക്കായി തുറന്നുകൊടുക്കുകയും ചെയ്തു. എന്നാൽ, ഫ്രഞ്ച് പ്രസിഡന്റ് തന്റെ കാറിലേക്ക് മടങ്ങിയില്ല. പകരം, ട്രംപുമായുള്ള ഫോൺ സംഭാഷണം തുടർന്നുകൊണ്ട് കാൽനടയായി യാത്ര തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.