വിയറ്റ്നാമിലും തായ്‍ലാൻഡിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും, മരണസംഖ്യ 91 ആയി

ഹനോയി:  തെക്കുകിഴക്കൻ ഏഷ്യയിലുടനീളം കനത്ത മഴ തുടരുന്നതിനാൽ വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ഉണ്ടായത്.  വിയറ്റ്നാമിൽ തിങ്കളാഴ്ച ഒരാളുടെ മരണം സ്ഥിരീകരിച്ചതോടെ ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് മരണസംഖ്യ 91 ആയി. തായ്‌ലൻഡിൽ അഞ്ചുപേർ കൂടി മരിച്ചു.  ഒക്ടോബർ മുതൽ രാജ്യത്ത്  കനത്ത മഴയാണ് പെയ്തത്.   ഈ ആ​ഴ്ച മുതൽ കനത്തമഴയും പേമാരിയും  തുടരുമെന്നും  ചില പ്രദേശങ്ങളിൽ  അപകടസാധ്യത സൃഷ്ടിക്കുമെന്നും വിയറ്റ്നാം കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി. വിയറ്റ്നാമിലെ നൂറ് ദശലക്ഷത്തിലധികം ജനങ്ങളിൽ പകുതിയോളം പേരും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലാണ് താമസിക്കുന്നത്.  സഹായത്തിനായി  ജനവാസകേന്ദ്രങ്ങളിലേക്ക് സുരക്ഷാസേനയുമെത്തിയിട്ടുണ്ട്. 

ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയത് മധ്യ പർവതപ്രദേശമായ ഡാക് ലാക്കിലാണ്,  കുറഞ്ഞത് 63 പേർ മുങ്ങിമരിച്ചു. തെക്ക്-മധ്യ മേഖല കടുത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ദുരിതം നേരിടുന്നതിനാൽ ഖാൻ ഹോവ, ലാം ഡോങ്, ഗിയ ലായ്, ദനാങ്, ഹ്യൂ, ക്വാങ് ട്രൈ എന്നീ പ്രവിശ്യകളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ തുടർച്ചയായ മഴയുടെ ഫലമായി കുറഞ്ഞത് 500 മില്യൺ ഡോളറിന്റെ നാശനഷ്ടമുണ്ടായി, മുഴുവൻ നഗരപ്രദേശങ്ങളും വെള്ളത്തിനടിയിലായി, കൃഷിഭൂമി വെള്ളത്തിനടിയിലായി.

ഭക്ഷണം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കൾ എന്നിവ എത്തിക്കാൻ സർക്കാർ പതിനായിരക്കണക്കിന് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്, ചില വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾകായി ഹെലികോപ്റ്ററുകൾ ഉപയോഗിച്ചു.തെക്കുകിഴക്കൻ ഏഷ്യയിൽ വർഷന്തോറും മൺസൂൺ മഴ വെള്ളപ്പൊക്കത്തിന് കാരണമാകാറുണ്ടെങ്കിലും, ഈ വർഷം അത് ശക്തമായിരുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ വിയറ്റ്നാമിൽ സാധാരണയായി വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ട്, എന്നാൽ മനുഷ്യ നിർമിത കാലാവസ്ഥ വ്യതിയാനം മൊത്തം കാലാവസ്ഥയെ വിനാശകരവുമാക്കുന്നുവെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

തായ്‌ലൻഡിൽ, രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിൽ വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്,  ഇത് ഏകദേശം രണ്ട് ദശലക്ഷം ആളുകളെ ബാധിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സോങ്‌ഖ്‌ല പ്രവിശ്യയിലെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായ ഹാറ്റ് യായ് നഗരത്തിൽ വെള്ളിയാഴ്ച 335 മില്ലിമീറ്റർ മഴ പെയ്തതായി പ്രാദേശിക റിപ്പോർട്ടുണ്ട്. ഇത് 300 വർഷത്തിനിടയിലെ 24 മണിക്കൂറിലെ ഏറ്റവും ഉയർന്ന കണക്കാണ്.

ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ നഗരത്തിൽ മഴ ഇരട്ടിയായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ മഴ തായ്‌ലൻഡിനെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷം രാജ്യത്ത് തീവ്രമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായി, ഡിസംബറിൽ കുറഞ്ഞത് 25 പേർ മരിച്ചു.മലേഷ്യയിൽ തിങ്കളാഴ്ച 12,500 ൽ അധികം ആളുകളെ ഒഴിപ്പിച്ചതായി പ്രാദേശിക അധികാരികൾ അറിയിച്ചു.തായ്‌ലൻഡുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനമായ കെലാന്റനിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്, 8,000 ൽ അധികം ആളുകളെയാണ് ഇത് ബാധിച്ചത്. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.

Tags:    
News Summary - Floods and landslides in Vietnam and Thailand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.