പോരാട്ടം ശമിക്കാതെ സുഡാൻ; തുർക്കിയ വിമാനത്തിനുനേരെ ആക്രമണം

ഖർത്തൂം: ദുർബലമായ വെടിനിർത്തൽ ദീർഘിപ്പിക്കാൻ പോരാട്ടമുഖത്തുള്ള രണ്ട് കക്ഷികളും സമ്മതിച്ചിട്ടും സുഡാനിൽ ഏറ്റുമുട്ടലിന് അവസാനമാകുന്നില്ല. വെള്ളിയാഴ്ച രാവിലെ തലസ്ഥാനമായ ഖർത്തൂമിലും ഇരട്ട നഗരമായ ഒംദർമാനിലും വൻ സ്ഫോടനങ്ങളും വെടിവെപ്പുമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.

സൈന്യവും അർധ സൈനിക വിഭാഗവും തമ്മിൽ 72 മണിക്കൂർ നേരത്തേക്കുകൂടി വെടിനിർത്തൽ ദീർഘിപ്പിക്കാൻ സമ്മതിച്ച് മണിക്കൂറുകൾക്കകമാണ് വൻ ഏറ്റുമുട്ടലുണ്ടായത്. സംഘർഷം രൂക്ഷമായ രാജ്യത്തുനിന്ന് വിദേശികളെ ഒഴിപ്പിക്കുന്നതിനാണ് വെടിനിർത്തൽ നീട്ടിയത്. കഴിഞ്ഞ ദിവസങ്ങളിൽ ഹ്രസ്വ നേരത്തേക്കുള്ള വെടിനിർത്തൽ പലതവണ പ്രഖ്യാപിച്ചെങ്കിലും ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ സാധിച്ചിട്ടില്ല. കൂടുതൽ ആക്രമണം ഭയന്ന് ആയിരക്കണക്കിനാളുകൾ അയൽ രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നുണ്ട്.

അതിനിടെ, തുർക്കിയ പൗരന്മാരെ രക്ഷപ്പെടുത്തുന്നതിന് ഖർത്തൂമിന് 22 കിലോമീറ്റർ അകലെയുള്ള വാദി സയിദ്നായിലേക്ക് പുറപ്പെട്ട സി-130 വിമാനത്തിനുനേരെ ആക്രമണമുണ്ടായതായി തുർക്കിയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ലെന്നും വിമാനം സുരക്ഷിതമായി ഇറങ്ങിയതായും അധികൃതർ അറിയിച്ചു. അതേസമയം, തുർക്കിയ വിമാനത്തിനുനേരെ ആക്രമണം നടത്തിയത് അർധ സൈനിക വിഭാഗമായ ആർ.എസ്.എഫ് ആണെന്ന് സുഡാൻ സൈന്യം കുറ്റപ്പെടുത്തി. എന്നാൽ, അർധസൈനിക വിഭാഗം ഇക്കാര്യം നിഷേധിച്ചു.

ഖർത്തൂമിന്റെ സമീപ പ്രദേശമായ കഫൂരിയിലും രൂക്ഷമായ പോരാട്ടം നടക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഏപ്രിൽ 15ന് തുടങ്ങിയ സംഘർഷത്തിൽ ഇതുവരെ സാധാരണ ജനങ്ങൾ ഉൾപ്പെടെ 512 പേർ കൊല്ലപ്പെട്ടു. 4200ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Tags:    
News Summary - Fighting surges in Sudan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.