ന്യൂഡൽഹി: യുദ്ധാനന്തരം ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതമാക്കുന്നതിനായി വിശാലമായ സഖ്യം രൂപീകരിക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങൾ. സഖ്യത്തിൽ യു.എസിനെ ഉൾപ്പെടുത്തില്ലെന്നും വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് കപ്പലുകൾക്ക് സുരക്ഷിതപാത ഉറപ്പാക്കുക, മൈൻ നീക്കം ചെയ്യൽ പ്രവർത്തനങ്ങൾ ആരംഭിക്കുക, നാവിക കപ്പലുകൾ വ്യന്യസിക്കുക എന്നിവയാണ് സഖ്യത്തിന്‍റെ ലക്ഷ്യം.
യുദ്ധാനന്തരം ഹുർമുസിൽ കടലിടുക്കിലെ അന്താരാഷ്ട്ര പ്രതിരോധ ദൗത്യത്തിൽ അമേരിക്ക, ഇസ്രായേൽ, ഇറാൻ എന്നിവയുൾപ്പെടെയുള്ള "യുദ്ധം ചെയ്യുന്ന" കക്ഷികളെ ഒഴിവാക്കുമെന്നും യു.എസ് കമാൻഡില്ലാതെ യൂറോപ്യൻ നാവിക സേന പ്രവർത്തിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ചൊവ്വാഴ്ച പറഞ്ഞതായും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നു.
മേഖലയിൽ സൈനിക ഇടപെടൽ പരിഗണിക്കുന്നതിൽ ജർമ്മനി പരസ്യമായി വിമുഖത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഹുർമുസിലെ യൂറോപ്യൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാൻ ഡസൻ കണക്കിന് രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു ഓൺലൈൻ യോഗം വെള്ളിയാഴ്ച നടക്കും. ഫ്രഞ്ച് പ്രസിഡന്റ് മാക്രോണും യു.കെ പ്രധാനമന്ത്രി കീർ സ്റ്റാർമറും യോഗത്തിൽ പങ്കെടുക്കും.
യൂറോപ്പും യു.എസും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ വർധിക്കുന്നതിനിടെയാണ് ഈ നിർദ്ദേശം വരുന്നത്. ബലപ്രയോഗത്തിലൂടെ കടലിടുക്ക് വീണ്ടും തുറക്കാൻ സഹായിക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യൂറോപ്യൻ സഖ്യകക്ഷികളോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ഇത് യൂറോപ്യൻ നേതാക്കൾ തള്ളുകയായിരുന്നു. അത്തരമൊരു നീക്കം സംഘർഷം വർദ്ധിപ്പിക്കാനെ സഹായിക്കു എന്ന് അവർ മുന്നറിയിപ്പ് നൽകിയിരുന്നു.
ചൈനയെയും ഇന്ത്യയെയും ചർച്ചകൾക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലോകത്തിലെ എണ്ണ വ്യാപാരത്തിന്‍റെ അഞ്ചിലൊന്നും നടക്കുന്ന ഹുർമുസ് കടലിടുക്കിലൂടെ ഗതാഗതം മുടങ്ങിയത് യുറോപിൽ ഇന്ധന പ്രതിസന്ധിക്കിടയാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.