കൂട്ടായ ശ്രമത്തിലൂടെ കോവിഡിനെ തോൽപ്പിക്കാം; ബ്രിട്ടൻ ജനതക്ക്​ സന്ദേശവുമായി എലിസബത്ത് രാജ്ഞി

ലണ്ടൻ: ബ്രിട്ടൻ ജനതയുടെ കൂട്ടായ ശ്രമത്തിലൂടെ രാജ്യത്തെ പിടിച്ചുലച്ച കോവിഡ്​19 വൈറസിനെ തുരത്താനാകുമെന്ന്​ എ ലിസബത്ത് രാജ്ഞി. വീടുകളിൽ നിന്നകന്ന് കോവിഡ്​ രോഗികൾക്കായി സേവനമനുഷ്​ടിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക്​ ​ന ന്ദിയറിക്കുന്നുവെന്നും രാജ്ഞി അറിയിച്ചു. ബ്രിട്ടിഷ് സമയം രാത്രി എട്ടിനാണ്(ഇന്ത്യൻ സമയം രാത്രി 12.30 ന്) രാജ്ഞി രാ ജ്യത്തെ അഭിസംബോധന ചെയ്തത്. വിൻസർ കൊട്ടാരത്തിൽ മുൻകൂട്ടി റെക്കോർഡ് ചെയ്ത സന്ദേശം ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവയിലൂടെ പുറത്തുവിടുകയായിരുന്നു. 68 വർഷത്തെ ഭരണകാലത്തിനിടെ ഇത് അഞ്ചാം തവണയാണ് രാജ്ഞി ബ്രിട്ടനെ ഇത്തരത്തിൽ പ്രത്യേകമായി അഭിസംബോധന ചെയ്യുന്നത്​.

‘‘കോവിഡിനോട്​ ജനത എങ്ങനെ പ്രതികരിച്ചുവെന്നതിൽ വരുംവർഷങ്ങളിൽ ഏവർക്കും അഭിമാനിക്കാനാകുമെന്നു കരുതുന്നു. നമ്മുടെ തലമുറ ശക്തരായിരുന്നെന്നു പിന്നാലെ എത്തുന്നവർ പറയും. ഇത് നമ്മുടെ സാധാരണ ജീവിതത്തെ ബാധിക്കുന്ന സമയമാണ്. ദുഃഖവും സാമ്പത്തിക ബുദ്ധിമുട്ടുകളും നിരവധി മാറ്റങ്ങളും രാജ്യത്തിന് വെല്ലുവിളിയുയർത്തുന്ന സമയം. ഈ വേളയിൽ നമുക്കു പിന്തുണ നൽകുന്ന ആരോഗ്യപ്രവർത്തകർക്ക്, എൻ.എച്ച്.എസിന് നന്ദി പറയാം. വീടുകളിൽ നിന്നകന്ന് സേവനരംഗത്ത് സജീവമായി അവർ നമ്മെ പിന്തുണക്ക​ുന്നു. സാധാരണ നിലയിൽ രാജ്യത്തെ മടക്കിയെത്തിക്കാൻ ഓരോ മണിക്കൂറും പരിശ്രമിക്കുന്ന ആരോഗ്യപ്രവർത്തകരെ പിന്തുണയ്ക്കുന്നതിൽ രാജ്യവും എന്നൊടൊപ്പം ചേരുമെന്നതിൽ സംശയമില്ല. ഒന്നിച്ചാണ് നാം ഈ രോഗത്തെ നേരിടുന്നത്. ഐക്യത്തോടെ, പ്രതിജ്ഞാബദ്ധതയോടെ നിലകൊണ്ട് നമുക്കിത് മറികടക്കാനാകും’’- രാജ്ഞി പറഞ്ഞു.

ലോക രാജ്യങ്ങൾ മുമ്പ്​ നേരിട്ട ബുദ്ധിമുട്ടുകളെക്കാൾ ഏറെ വ്യത്യസ്തമാണ് കൊറോണ വൈറസ് ഉയർത്തുന്ന വെല്ലുവിളി. ലോകമെമ്പാടും ഉണ്ടായ ശാസ്ത്രമുന്നേറ്റവും സാന്ത്വനനീക്കങ്ങളുമെല്ലാം പൊതുവായ ഒരു ലക്ഷ്യത്തിനാണ്. ആഗോളതലത്തിൽ കൊറോണ വൈറസ് പ്രതിരോധിക്കാനുള്ള നീക്കങ്ങളിൽ പങ്കാളികളാകാമെന്നും അവർ പറഞ്ഞു. നല്ലദിനങ്ങൾ മടങ്ങി വരുമെന്ന ശുഭാപ്തിവിശ്വാസത്തോടെയാണ് രാജ്ഞി അഭിസംബോധന അവസാനിപ്പിച്ചത്.

എല്ലാ വ്യാഴാഴ്ചയും വൈകിട്ട് ആരോഗ്യപ്രവർത്തകരെ ബ്രിട്ടിഷ് ജനത കയ്യടിച്ച് അഭിനന്ദിക്കുന്ന രീതി ദേശീയബോധം സൂചിപ്പിക്കുന്നതാണെന്നും രാജ്ഞി പറഞ്ഞു. 1940 ൽ രണ്ടാം ലോകമഹായുദ്ധ സമയത്ത് സഹോദരി മാർഗരറ്റ് രാജകുമാരിയുമൊത്ത് വിൻസർ കൊട്ടാരത്തിൽ നിന്ന് തന്നെ നടത്തിയ തൻെറ ആദ്യ റേഡിയോ പ്രക്ഷേപണത്തെയും രാജ്ഞി ഓർമ്മിച്ചു.


ബ്രിട്ടനിൽ 47,806 പേരാണ്​ കോവിഡ്​ ബാധിച്ച്​ ആശുപത്രികളിൽ കഴിയുന്നത്​. 4,934പേർ മരിക്കുകയും ചെയ്​തു. വിൻസർ കൊട്ടാരത്തിൽ കഴിയുന്ന 98കാരനായ ഫിലിപ്പ്​ രാജകുമാരനും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. അനന്തരാവകാശി ചാൾസ്​ രാജകുമാരനും പ്രധാനമന്ത്രി ബോറിസ്​ ജോൺസനും കോവിഡ്​ ബാധിച്ച്​ ചികിത്സയിലാണ്​.

Tags:    
News Summary - Queen Elizabeth II Says Collective Effort Will Defeat COVID-19 - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.