മാറ്റിയോ റെന്‍സിയുടെ ഭാവി തുലാസില്‍; പുതിയ ഭരണഘടനക്കായി ഇറ്റലിയില്‍ ഹിതപരിശോധന

റോം: പ്രധാനമന്ത്രിക്ക് കൂടുതല്‍ അധികാരം നല്‍കുന്നരീതിയില്‍ ഭരണഘടനഭേദഗതിക്കായി ഇറ്റലിയില്‍ ഹിതപരിശോധന വോട്ടെടുപ്പ് നടന്നു. അഞ്ചു കോടിയോളം വോട്ടര്‍മാരാണ് പ്രധാനമന്ത്രിയുടെ ഭാവി നിര്‍ണയിക്കുന്നതടക്കമുള്ള വിധിനിര്‍ണയത്തില്‍ പങ്കാളിയായത്. ജനഹിതം എതിരായാല്‍ രാജിവെക്കുമെന്ന് പ്രധാനമന്ത്രി മാറ്റിയോ റെന്‍സി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. തിങ്കളാഴ്ച രാവിലെയോടെ ഫലം അറിവാകും. റെന്‍സി പരാജയപ്പെടുമെന്നാണ് അഭിപ്രായസര്‍വേ ഫലങ്ങളെല്ലാം.

മധ്യ ഇടതുപക്ഷ നേതാവായ റെന്‍സി മുന്നോട്ടുവെക്കുന്ന നിര്‍ദേശം സ്വീകരിക്കണോ എന്നതാണ് ജനങ്ങള്‍ നേരിടുന്ന ചോദ്യം.  യൂറോപ്പിനെ സംബന്ധിച്ച് ബ്രെക്സിറ്റിനുശേഷം ഏറ്റവും നിര്‍ണായക നിമിഷമാണിത്.  ഹിതപരിശോധന പരാജയപ്പെട്ടാല്‍ യൂറോയുടെ നിലനില്‍പ്പിനെയും ഇറ്റലി യൂറോപ്പില്‍നിന്ന് പുറത്തുപോകാനും അത് വഴിവെച്ചേക്കും. ഇറ്റലിയിലെ ദുര്‍ബലമായ ബാങ്കിങ് മേഖലകളെക്കുറിച്ച് നിക്ഷേപകര്‍ ആശങ്കയിലാണ്. നിലവില്‍ ഇറ്റാലിയന്‍ പാര്‍ലമെന്‍റിന്‍െറ ഇരുസഭകളുടെയും അധികാരം തുല്യമാണ്.

ഭരണഘടനഭേദഗതി നടപ്പായാല്‍ നിയമങ്ങള്‍ പാസാക്കുന്നതിനുള്ള അധികാരം അധോസഭക്കായിരിക്കും (ചേംബര്‍ ഓഫ് ഡെപ്യൂട്ടിസ്). പ്രാദേശിക ഭരണസ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സമിതി മാത്രമായി ഉപരിസഭ (സെനറ്റ് ) മാറും. എന്നാല്‍, ഭരണഘടനാ പരിഷ്കാരങ്ങളും യൂറോപ്യന്‍ യൂനിയന്‍ കരാറുകളും തീരുമാനിക്കാനുള്ള അധികാരം നിലനില്‍ക്കും. രണ്ടാമതായി പ്രാദേശിക ഭരണസ്ഥാപനങ്ങളെക്കാള്‍ സ്റ്റേറ്റിന് കൂടുതല്‍ അധികാരം കൈവരും. അതായത് സെനറ്റിന്‍െറ ജനാധിപത്യപരമായ ഉത്തരവാദിത്തങ്ങള്‍ കുറയും.

അധികാരം പ്രധാനമന്ത്രിയിലേക്ക് കേന്ദ്രീകരിക്കാനുള്ള ഭരണകക്ഷിയുടെ (ഡെമോക്രാറ്റിക് പാര്‍ട്ടി) തന്ത്രമാണിതെന്നും ജനം പിന്തുണക്കരുതെന്നും പ്രതിപക്ഷ പാര്‍ട്ടിയായ ഫൈവ് സ്റ്റാര്‍ മൂവ്മെന്‍റ് ആവശ്യപ്പെട്ടിരുന്നു. ഭരണഘടന പരിഷ്കരിക്കാന്‍ ജനം അനുവാദം നല്‍കിയാല്‍ ഇറ്റലി ഏകാധിപത്യത്തിലേക്ക് കൂപ്പുകുത്തുമെന്ന് മുന്‍ പ്രധാനമന്ത്രിയും സെന്‍റര്‍ റൈറ്റ് ഫോര്‍സ ഇറ്റാലിയ പാര്‍ട്ടി നേതാവുമായ സില്‍വിയോ ബെര്‍ലുസ്കോനിയും മുന്നറിയിപ്പുനല്‍കി.

അതേസമയം രാജ്യത്തെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനും രാഷ്ട്രീയ സ്ഥിരതക്കും ഭരണഘടനയിലും പാര്‍ലമെന്‍ററി സമ്പ്രദായത്തിലും മാറ്റം ആവശ്യമാണെന്നാണ് റെന്‍സിയുടെ പക്ഷം. അധികാരം തന്നിലേക്ക് കേന്ദ്രീകരിക്കുന്നതിനായി സെനറ്റ് അംഗങ്ങളുടെ എണ്ണം 315ല്‍ നിന്ന് 100 ആയി ചുരുക്കുകയാണ് റെന്‍സിയുടെ ലക്ഷ്യം. ഹിതപരിശോധനയില്‍ പരാജയപ്പെട്ട് റെന്‍സി രാജിവെക്കുകയാണെങ്കില്‍ ധനമന്ത്രി പീര്‍ കാര്‍ലോ പാദോനെ പ്രസിഡന്‍റ് സെര്‍ജിയോ മാറ്ററെല്ല ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കും.  

Tags:    
News Summary - italy referendum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.