സിറിയ: ജനീവയില്‍ സമാധാന ചര്‍ച്ച തുടങ്ങി

ജനീവ: സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ജനീവയില്‍ യു.എന്‍ നേതൃത്വത്തില്‍ ചര്‍ച്ച തുടങ്ങി. കഴിഞ്ഞമാസം കസാഖ്സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ വിമതവിഭാഗങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ജനീവയില്‍ വീണ്ടും യോഗം വിളിച്ചിരിക്കുന്നത്. ഡിസംബര്‍ അവസാനവാരത്തില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ ജനീവയില്‍നിന്ന് ശുഭവാര്‍ത്ത പ്രതീക്ഷിക്കാനാവില്ളെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഒരു വര്‍ഷത്തിനിടെ, ആദ്യമായാണ് ജനീവയില്‍ സിറിയന്‍ വിഷയത്തില്‍ ചര്‍ച്ച നടക്കുന്നത്. ജനീവ ചര്‍ച്ച കാര്യമായ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നില്ളെന്ന് സിറിയയിലെ യു.എന്‍ ദൂതന്‍ സ്റ്റഫാന്‍ മിസ്തൂറ പറഞ്ഞു. എന്നാല്‍, അതിഗൗരവമായ ദൗത്യമാണ് യു.എന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ജനുവരിയില്‍ അസ്താനയില്‍ നടന്ന ചര്‍ച്ചക്ക് മുന്‍കൈയെടുത്തത് റഷ്യയും തുര്‍ക്കിയുമായിരുന്നു. വിമതവിഭാഗങ്ങളെയും സര്‍ക്കാര്‍ പ്രതിനിധികളെയും ചര്‍ച്ചക്കിരുത്താന്‍ കഴിഞ്ഞുവെന്നതിനപ്പുറം അസ്താന ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. വെടിനിര്‍ത്തല്‍ ലംഘനം സംബന്ധിച്ച് ഇരു കൂട്ടരും പരസ്പരം ആരോപണങ്ങളുന്നയിക്കുകയായിരുന്നു. ഇതുതന്നെ ജനീവയിലും ആവര്‍ത്തിക്കാനാണ് സാധ്യത. 

സിറിയയില്‍ സമാധാന പൂര്‍ണമായ ഭരണമാറ്റത്തിന് വഴിയൊരുക്കുക എന്നതാണ് യു.എന്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശമെങ്കിലും ഇതെങ്ങനെ നടപ്പാക്കുമെന്നതില്‍ ആശങ്കയുണ്ട്. പുതിയ ഭരണഘടന തയാറാക്കുക, തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ പ്രക്രിയകളിലേക്കുള്ള ചുവടുവെപ്പുകള്‍ എളുപ്പമാകില്ളെന്നാണ് കഴിഞ്ഞ ചര്‍ച്ചകളൊക്കെയും വ്യക്തമാക്കുന്നത്. എന്നാല്‍, പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ രാജി എന്ന ആവശ്യത്തില്‍ വിമത പക്ഷം ഉറച്ചുനില്‍ക്കുകയാണ്.  
അതിനിടെ, സിറിയയിലെ വടക്കന്‍ നഗരമായ അല്‍ബാബ് ഐ.എസില്‍നിന്ന് പൂര്‍ണമായും തിരിച്ചു പിടിച്ചതായി തുര്‍ക്കി പിന്തുണയുള്ള തുര്‍ക്കി പിന്തുണയുള്ള വിമതര്‍ പറഞ്ഞു.

Tags:    
News Summary - geneva talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.