ബര്‍ലിനില്‍ ട്രക്ക് ആക്രമണം: ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു

ബര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ 12 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തു. ഐ.എസ് വിരുദ്ധ സഖ്യരാജ്യങ്ങൾക്കുള്ള ശക്തമായ മറുപടിയാണ് ബര്‍ലിൻ ആക്രമണമെന്ന് ഭീകര സംഘടനയുടെ വാർത്തകൾ പുറത്തുവിടുന്ന ഏജൻസി റിപ്പോർട്ട് ചെയ്തു.

അതേസമയം, ആക്രമണത്തിന് ഉപയോഗിച്ച ട്രക്കിൽ നിന്ന് ഇറങ്ങിയോടിയ ജർമൻ കുടിയേറ്റക്കാരനായ പാക് പൗരൻ നവീദിന് സംഭവത്തിൽ പങ്കില്ലെന്ന് ബർലിൻ പൊലീസ് അറിയിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചിരുന്നു.

തിങ്കളാഴ്ചയാണ് ക്രിസ്മസ് സീസണ്‍ പ്രമാണിച്ച് തിരക്കേറിയ ബര്‍ലിനിലെ തെരുവിലേക്ക് അക്രമി ട്രക്ക് ഇടിച്ചു കയറ്റിയത്. സംഭവത്തിൽ 12 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതില്‍ 18 പേരുടെ നില ഗുരുതരമാണ്.

ബർലിനിലെ പ്രശസ്ത വ്യാപാര കേന്ദ്രമായ ബ്രീഷിറ്റ്പ്ലാസില്‍, കൈസര്‍ വില്യം മെമോറിയല്‍ ചര്‍ച്ചിന് സമീപമുള്ള പുരാതന തെരുവില്‍ അതിവേഗത്തില്‍ ഓടിച്ചു കയറിയ ട്രക്കിനടിയില്‍ ഞെരിഞ്ഞമര്‍ന്നാണ് പലരുടെയും മരണം. ഏറെപേര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ബര്‍ലിനില്‍ നിന്നും പോളണ്ടിലേക്ക് ഉരുക്കുമായി പോയ ട്രക്ക് റാഞ്ചിയാണ് ആക്രമണം നടത്തിയത്. തെരുവില്‍ കടന്നശേഷം 80 മീറ്റര്‍ ദൂരത്തില്‍ നീങ്ങിയ വാഹനം നിരവധി കടകള്‍ ഇടിച്ചു നിരപ്പാക്കി. പൊലീസ് നടത്തിയ പരിശോധനയിൽ ട്രക്കിനുള്ളിൽ നിന്ന് പോളിഷ് പൗരനായ ഒരാളെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

 

 

 

 

 

Tags:    
News Summary - Berlin Truck Attack: ISIS Claims Responsibility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.