വി​സ പ​ദ്ധ​തി​ക​ൾ​ക്ക്​ പി​ന്നാ​ലെ ആ​സ്ട്രേ​ലി​യ പൗ​ര​ത്വ നി​യ​മ​ങ്ങ​ളും ക​ർ​ക്ക​ശ​മാ​ക്കു​ന്നു

മെൽബൺ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധ തൊഴിലാളികൾക്ക് അനുവദിച്ചിരുന്ന വിസ പദ്ധതി റദ്ദാക്കിയതിനു പിന്നാലെ ആസ്ട്രേലിയ പൗരത്വ നിയമങ്ങളും കർക്കശമാക്കുന്നു. പൗരത്വത്തിനായുള്ള ‘കാത്തിരിപ്പ്’ കാലം ദീർഘിപ്പിച്ചും പുതിയ ‘പൗരത്വ പരീക്ഷ’ ഏർപ്പെടുത്തിയുമാണ് നിയമങ്ങൾ കൂടുതൽ കടുപ്പിക്കുന്നത്. 

നിലവിൽ ഒരുവർഷം വിസയിൽ കഴിഞ്ഞവർക്ക് പൗരത്വത്തിന് അപേക്ഷിക്കാമായിരുന്നു. ഇത് നാലുവർഷമാക്കി. ഇതിനുപുറമെ, ആസ്ട്രേലിയൻ മൂല്യങ്ങളെക്കുറിച്ചുള്ള പരീക്ഷയും പാസാകണം ഇനി പൗരത്വം ലഭിക്കാൻ. സ്വന്തം പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനും കുടിയേറ്റം പരമാവധി കുറക്കുന്നതിനുമാണ് മാൽകം ടേൺബുൾ സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ആസ്േട്രലിയൻ മൂല്യങ്ങളെക്കുറിച്ച് അവബോധമുള്ളവർക്ക് മാത്രം പൗരത്വം നൽകിയാൽ മതിയെന്നാണ് സർക്കാർ നയമെന്ന് ടേൺബുൾ പറഞ്ഞു. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും പൗരത്വത്തിനുള്ള മാനദണ്ഡമാണ്. നേരത്തേയും ഇതുണ്ടായിരുന്നെങ്കിലും അടിസ്ഥാനഭാഷ പരിജ്ഞാനം മതിയായിരുന്നു. എന്നാൽ, നിർദിഷ്ട നിയമമനുസരിച്ച്, െഎ.ഇ.എൽ.ടി.എസ് (ഇൻറർനാഷനൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം) പരീക്ഷയിൽ ചുരുങ്ങിയത് ആറ് പോയൻറ് നേടിയിരിക്കണം. നിലവിലെ പരീക്ഷയിൽ ആസ്ട്രേലിയൻ നിയമങ്ങളെക്കുറിച്ചും മറ്റുമുള്ള ഒബ്ജക്ടീവ് ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇത് മതിയാകില്ലെന്ന് കണ്ടാണ് പുതിയ നിയമത്തിന് രൂപം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, രാജ്യത്തെ തീവ്രവലതുപക്ഷ കക്ഷികളിൽനിന്നുള്ള സമ്മർദമാണ് പുതിയ കുടിയേറ്റ നിയമത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ പൗരത്വനിയമത്തിനെതിരെ വലതുപക്ഷം നേരത്തേ രംഗത്തുവന്നിരുന്നു. ഇപ്പോൾ ഇൗ പാർട്ടികളുടെ കൂടി പിന്തുണയോടെ ബിൽ പാർലമെൻറിൽ പാസാക്കാനാണ് ടേൺബുളിെൻറ നീക്കം. നേരത്തേ, വിദഗ്ധ തൊഴിലാളികൾക്കുള്ള ‘457 വിസ പദ്ധതി’ സർക്കാർ റദ്ദാക്കിയിരുന്നു. നിലവിൽ രാജ്യത്ത് ലക്ഷത്തോളം തൊഴിലാളികളും മുക്കാൽ ലക്ഷത്തോളം ആശ്രിതരും ഇൗ വിസയിൽ കഴിയുന്നുണ്ട്. ഇതിൽ 25 ശതമാനവും ഇന്ത്യക്കാരാണ്. ഇൗ പദ്ധതി റദ്ദാക്കിയതോടെ ഇത്രയും പേർക്ക് ആസ്ട്രേലിയ വിടേണ്ടിവരും.

Tags:    
News Summary - Australia tightens citizenship rules after 457 visa curbs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.