പ്യോങ്യാങ് ചാരമാക്കുമെന്ന് ദക്ഷിണ കൊറിയ

സോള്‍: ഉത്തര കൊറിയയുടെ ആണവ പരീക്ഷണം മേഖലയില്‍ ഇരു കൊറിയകളും തമ്മിലുള്ള വന്‍ സംഘര്‍ഷത്തിന് തുടക്കമിടുന്നു. ആണവായുധവുമായി ഉത്തരകൊറിയ മുന്നോട്ടുപോവുകയാണെങ്കില്‍ തലസ്ഥാനമായ പ്യോങ്യാങ് ചാരമാക്കി ഭൂപടത്തില്‍നിന്ന് മായ്ച്ചുകളയാന്‍ ദക്ഷിണ കൊറിയ പദ്ധതിയിടുന്നതായി സോളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബാലിസ്റ്റിക് മിസൈലുകളും അത്യുഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കളും ഉപയോഗിച്ച് പ്യോങ്യാങ്ങിന്‍െറ മുക്കുമൂലകള്‍ അടക്കം തകര്‍ത്തു തരിപ്പണമാക്കുമെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. ദക്ഷിണ കൊറിയന്‍ സര്‍ക്കാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഏജന്‍സിയാണ് യോന്‍ഹാപ്.
കഴിഞ്ഞ വെള്ളിയാഴ്ച ഉത്തര കൊറിയ അതിന്‍െറ അഞ്ചാമത്തെ ഏറ്റവും വലിയ ആണവ പരീക്ഷണം നടത്തിയിരുന്നു. അന്തര്‍ദേശീയ സമൂഹത്തിന്‍െറ കടുത്ത എതിര്‍പ്പ് വകവെക്കാതെയായിരുന്നു ഇത്. സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ കൊറിയക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏകപക്ഷീയമായ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് യു.എന്‍ രക്ഷാസമിതിയുമായി തങ്ങള്‍ കാര്യമായി ആലോചിച്ചുവരുകയാണെന്ന് ഉത്തര കൊറിയയിലെ യു.എസിന്‍െറ പ്രത്യേക ഉദ്യോഗസ്ഥന്‍ സങ് കിം അറിയിച്ചു.
എന്നാല്‍, നിരര്‍ഥകമായ ഉപരോധം എന്നും അടങ്ങാത്ത ചിരിക്കു വകനല്‍കുന്നതും എന്നായിരുന്നു ഇതിനോടുള്ള ഉത്തര കൊറിയയുടെ പ്രതികരണം. യു.എസില്‍ ആണവായുധങ്ങള്‍ നിയമാനുസൃതമാക്കിയിട്ടുണ്ടെന്ന കാര്യം ഓര്‍ക്കണമെന്നും അവര്‍ പ്രതികരിച്ചു. ആണവായുധം നിയമാനുസൃതമാക്കാന്‍ അര്‍ഹതയുള്ള രാജ്യം എന്നനിലയില്‍ വടക്കന്‍ കൊറിയയെ നിരാകരിക്കുകയാണ് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ചെയ്യുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞതായി ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ.എന്‍.സി.എ അറിയിച്ചു.
ദക്ഷിണ കൊറിയന്‍ സര്‍ക്കാറിനുമേല്‍ ഉത്തര കൊറിയ നിരന്തരം പ്രയോഗിക്കുന്ന അതേരീതിയില്‍ തിരിച്ചടിക്കാനാണ് ദക്ഷിണ കൊറിയ പദ്ധതിയിടുന്നത് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, തന്‍െറ ആണവ അതിമോഹങ്ങള്‍ക്കായി ഭയപ്പെടുത്തി ഭരണം നടത്തുന്ന കിം ജോങ് ഉന്നിന്‍െറ കീഴിലുള്ള ഒരു ജനതയെ ഒറ്റപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ദക്ഷിണ കൊറിയക്കുള്ളില്‍നിന്നു തന്നെ വിമര്‍ശം ഉയരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.