കൊളംബിയന്‍ സാന്‍േറാസ്

ഓസ്ലോ:‘നമുക്ക് സന്തോഷിക്കാന്‍ ഇപ്പോള്‍ ഒരു കാരണമുണ്ട്. ഭൂമുഖത്തെ യുദ്ധങ്ങളിലൊന്ന് കുറഞ്ഞിരിക്കുന്നു’ -കൊളംബിയന്‍ പ്രസിഡന്‍റ് ജുവാന്‍ മാന്വല്‍ സാന്‍േറാസ് ദിവസങ്ങള്‍ക്കു മുമ്പ് യു.എന്നില്‍ പ്രസംഗിക്കുകയുണ്ടായി. അഞ്ചു പതിറ്റാണ്ടു നീണ്ട ആഭ്യന്തരയുദ്ധത്തിന്‍െറ രക്തം പുരണ്ട ചരിത്രത്തില്‍ നിന്ന് കൊളംബിയയെ സമാധാനത്തിലേക്കു നയിക്കാനുള്ള ആവേശമായിരുന്നു ആ വാക്കുകളില്‍ സ്ഫുരിച്ചത്. 52 വര്‍ഷം നീണ്ട കലാപം അവസാനിപ്പിക്കാന്‍ സാന്‍േറാസിന് വേണ്ടിവന്നത് നാലുവര്‍ഷമാണ്. ആ പ്രതിബദ്ധതയാണ് സമാധാന നൊബേല്‍ നല്‍കുന്നതിന്  പുരസ്കാര കമ്മിറ്റി അംഗീകരിച്ചതും. ഹിതപരിശോധനയില്‍ ജനം കരാറിനെതിരെയാണ് വിധിയെഴുതിയെങ്കിലും കൊളംബിയയില്‍ സമാധാനം പുലരാനുള്ള ശ്രമങ്ങള്‍ക്ക് പുരസ്കാരം കരുത്തുപകരുമെന്ന് പ്രത്യാശിക്കാം.

ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന അല്‍വാരോ ഉറിബാണ് സാന്‍േറാസിന്‍െറ രാഷ്ട്രീയഗുരു. 2006ല്‍  മന്ത്രിസഭ അഴിച്ചുപണിഞ്ഞപ്പോഴാണ് സാന്‍േറാസിന് മുന്‍ പ്രസിഡന്‍റായിരുന്ന അല്‍വാരോ  ഉറിബ്  പ്രതിരോധമന്ത്രി സ്ഥാനം നല്‍കിയത്. അതുവരെ ജനങ്ങള്‍ക്ക് സുപരിചിതനായിരുന്നില്ല അദ്ദേഹം. വൈകാതെ, നിരവധി സൈനിക നീക്കങ്ങളിലൂടെ സാന്‍േറാസ് ജനങ്ങളുടെ മനസ്സില്‍ ഇടംനേടി.

ഫാര്‍ക് വിമതരുടെ തടവില്‍ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയ നേതാവ് ഇന്‍ഗ്രിഡ് ബെതാന്‍കോര്‍ട്ടിനെയും മൂന്ന് യു.എസ് പൗരന്മാരെയും മോചിപ്പിച്ച സംഭവം അത്തരത്തിലൊന്നാണ്. എക്വഡോറിലെ ഫാര്‍ക് വിമത കേന്ദ്രങ്ങള്‍ക്കു നേരെ ബോംബാക്രമണം നടത്തിയതും അക്കാലത്തു തന്നെ. ആക്രമണത്തില്‍ ഫാര്‍ക് നേതാവ് റൗള്‍ റെയസ് കൊല്ലപ്പെട്ടു.
അയല്‍രാജ്യത്തിന് ഒരു സൂചനപോലും നല്‍കാതെയായിരുന്നു ആക്രമണം. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധസമാനമായി.
 ആഭ്യന്തര യുദ്ധകാലത്ത് കൊളംബിയന്‍ സൈന്യം സിവിലിയന്മാരെ കൊന്നൊടുക്കിയതിന്‍െറ ഉത്തരവാദിത്തം ഫാര്‍കിന്‍െറ ചുമലില്‍ കെട്ടിവെക്കുകയുണ്ടായി. വൈകാതെ അതിന്‍െറ നിജസ്ഥിതി ലോകത്തിനു വെളിപ്പെട്ടു. അതോടെ ഉറിബിന്‍െറ പ്രതാപം മങ്ങിത്തുടങ്ങി. എന്നാല്‍, സാന്‍േറാസിന്‍െറ ജനപ്രീതി വര്‍ധിക്കുകയും ചെയ്തു.

2009ല്‍ സാന്‍േറാസ് പ്രതിരോധമന്ത്രി സ്ഥാനം രാജിവെച്ചു. 2010ല്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കൊളംബിയന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയാണ്  അധികാരത്തിലത്തെിയത്. ഉറിബിന്‍െറ നയങ്ങള്‍ അണുവിട തെറ്റാതെ പിന്താങ്ങിയിരുന്ന സാന്‍േറാസ് അധികാരത്തിലത്തെിയപ്പോള്‍ അതില്‍നിന്ന് വ്യതിചലിക്കുന്നതാണ് പിന്നീട് കണ്ടത്. നിരവധി ഭരണപരിഷ്കാരങ്ങള്‍ കൊണ്ടുവന്നു ജനങ്ങളെ അദ്ഭുതപ്പെടുത്തി. ഊഗോ ചാവെസിന്‍െറ വെനിസ്വേലന്‍ സര്‍ക്കാറുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതായിരുന്നു അതിലൊന്ന്. ചാവെസും ഉറിബും ബദ്ധശത്രുക്കളായിരുന്നു. അധികാരം ദുരുപയോഗം ചെയ്തതിന്‍െറ പേരില്‍ മുന്‍ സര്‍ക്കാര്‍ അംഗങ്ങളെ ശിക്ഷിക്കാനും സാന്‍േറാസ് ധൈര്യം കാട്ടി.


ക്യൂബന്‍ സര്‍ക്കാറിന്‍െറ മധ്യസ്ഥതയില്‍ ഫാര്‍ക് വിമതരുമായി സന്ധിസംഭാഷണങ്ങള്‍ക്ക് ശ്രമിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശരിയാണെന്ന് 2012ല്‍ സാന്‍േറാസ് വെളിപ്പെടുത്തി. അഭിപ്രായവ്യത്യാസം ഉറിബിനെ ശത്രുപക്ഷത്തത്തെിച്ചു. പിന്നീട്  ഡെമോക്രാറ്റിക് സെന്‍റര്‍ പാര്‍ട്ടിയുണ്ടാക്കി. 2014ല്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ സാന്‍േറാസിനെതിരെ ഓസ്കര്‍ ഇവാന്‍ സുലുവാഗയെ മല്‍സരിപ്പിക്കുകയും ചെയ്തു. എന്നാല്‍, വന്‍ ഭൂരിപക്ഷത്തോടെ സാന്‍േറാസ് വീണ്ടും അധികാരത്തിലത്തെി. ഫാര്‍ക് വിമതരുമായി സമാധാന ഉടമ്പടി ഒപ്പുവെക്കുമെന്നതായിരുന്നു പ്രധാന തെരഞ്ഞെടുപ്പ് അജണ്ടകളിലൊന്ന്. രഹസ്യ ചര്‍ച്ചകളുള്‍പ്പെടെ  നാലു കൊല്ലം നീണ്ട കൂടിയാലോചനകള്‍ക്കുശേഷം ഫാര്‍ക് വിമതരുമായി 2016ല്‍ സര്‍ക്കാര്‍ ധാരണയില്‍ എത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് കൊളംബിയന്‍ തുറമുഖ നഗരമായ കാര്‍ട്ടജീനയില്‍ സമാധാനക്കരാര്‍ പ്രാബല്യത്തിലായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.