ജര്‍മനിയില്‍ അഭയാര്‍ഥിക്യാമ്പുകള്‍ തീവെച്ചു നശിപ്പിക്കുന്നു

ബര്‍ലിന്‍: രാജ്യത്ത് അഭയാര്‍ഥികേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കുടിയേറ്റവിരുദ്ധ മനോഭാവത്തിന്‍െറ ഭാഗമായാണ് അഭയാര്‍ഥി കേന്ദ്രങ്ങള്‍ തീവെച്ച് നശിപ്പിക്കുന്നത്.
ഈ വര്‍ഷം മാത്രം 45 തവണയാണ് വിവിധ അഭയാര്‍ഥി കേന്ദ്രങ്ങള്‍ തീവെപ്പിനിരയായതെന്ന് പൊലീസ് മേധാവി ഹോല്‍ഗെര്‍ മെഞ്ച് പറഞ്ഞു. ഇത്തരം അക്രമങ്ങളുടെ അളവിലുണ്ടായ വര്‍ധനയാണ് ഏറ്റവും അസ്വസ്ഥപ്പെടുത്തുന്നത്. തീവെപ്പുകാരില്‍ 80 ശതമാനം പേരും അഭയാര്‍ഥികേന്ദ്രങ്ങളുടെ തൊട്ടടുത്തുതന്നെ താമസിക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ കുറ്റകൃത്യങ്ങള്‍ക്കും തീവ്രവാദ സംഘങ്ങളുടെ ഉദ്ഭവത്തിനു പോലും അഭയാര്‍ഥിവിരുദ്ധ വികാരം ഇടയാക്കിയേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഫെഡറല്‍ പൊലീസ് നല്‍കുന്ന കണക്കുകള്‍ പ്രകാരം 2015ല്‍ അഭയാര്‍ഥി കേന്ദ്രങ്ങള്‍ക്കു നേരെ 92 തീവെപ്പു സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2014ല്‍ വെറും ആറു സംഭവങ്ങള്‍ മാത്രമേ നടന്നിട്ടുള്ളൂ.
 അഭയാര്‍ഥികളോട് തുറന്നവാതില്‍ നയം സ്വീകരിച്ച ജര്‍മനിയില്‍ സമീപകാലത്താണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. രാജ്യത്തേക്ക് അഭയാര്‍ഥി പ്രവാഹം തുടങ്ങിയതോടെ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ ഏറെ പഴികേട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.