ആൺകുട്ടികൾക്ക് പാവാട; പെൺകുട്ടികൾക്ക് ട്രൗസർ.. ഈ സ്കൂളുകൾ ഇങ്ങനെയാണ്

ലണ്ടൻ: ബ്രിട്ടനിലെ 80 സ്കൂളുകൾ ലിംഗ വിവേചനമില്ലാത്ത യൂണിഫോമുകൾ അനുവദിക്കാൻ ഒരുങ്ങുന്നു. ഈ സ്കൂളുകളിലെ ആൺകുട്ടികൾക്ക് പാവാട ധരിച്ചും പെൺകുട്ടികൾക്ക് ട്രൗസർ ധരിച്ചും ഇനിമുതൽ സ്കൂളിൽ വരാം. മൂന്നാംലിംഗത്തിൽ പെട്ട വിദ്യാർഥികളോട് അനുഭാവപൂർവം പെരുമാറുന്നതിന്‍റെ ഭാഗമായാണ് ഈ സ്കൂളുകളിൽ 'ലിംഗ നിഷ്പക്ഷ'മായ യൂണിഫോം അനുവദിക്കാൻ ധാരണയായത്.

ആൺകുട്ടികളും പെൺകുട്ടികളും പാലിക്കേണ്ട ഡ്രസ്കോഡിനെക്കുറിച്ച് സ്കൂളുകളുടെ നിയമാവലിയിൽ ഉണ്ടായിരുന്ന ചട്ടങ്ങളും ഇതോടെ എടുത്തുകളഞ്ഞിട്ടുണ്ട്. സ്വവർഗാനുരാഗികളെയും ലിംഗവൈവിധ്യം പുലർത്തുന്നവരെയും അകറ്റി നിറുത്തിനെതിരെയുള്ള പ്രചാരണത്തിന്‍റെ ഭാഗമായാണ് സ്കൂളുകൾ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്.

ബ്രിമിങ് ഹാമിലെ അലൻസ് ക്രോഫ്റ്റ് സ്കൂളാണ് രാജ്യത്ത് ലിംഗ നിഷ്പക്ഷ യൂണിഫോമുകൾ ആദ്യം അനുവദിച്ചത്. ട്രാൻസ് ജെൻഡർ സൗഹൃദ യൂണിഫോമുകൾ ധരിക്കാൻ ബ്രൈറ്റൺ കോളജ് ഒരു വർഷം മുൻപുതന്നെ വിദ്യാർഥികൾക്ക് അനുമതി നൽകിയിരുന്നു.

ഓരോ കുട്ടിയുടേയും ലിംഗവും വ്യക്തിത്വവും എന്തെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവരവർക്ക് തന്നെ നൽകുകയാണ് ശരിയെന്നാണ് സ്കൂളധികൃതർ നൽകുന്ന വിശദീകരണം. പക്ഷെ സ്കൂളുകളെ ജെൻഡർ നിഷ്പക്ഷമാക്കാനുള്ള തീരുമാനത്തിൽ രാജ്യത്തെ ചില ക്രിസ്ത്യൻ സംഘടനകൾ ഇതിനോടകം തന്നെ ആശങ്ക അറിയിച്ചു കഴിഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.