കംബോഡിയയില്‍ വനത്തില്‍ മൂടിപ്പോയ പുരാതന നഗരികള്‍ കണ്ടെത്തി

ലണ്ടന്‍: കംബോഡിയയില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ പര്യവേക്ഷണങ്ങള്‍ക്കിടെ വനങ്ങളാല്‍ മൂടിപ്പോയ മധ്യകാല നഗരികള്‍ കണ്ടത്തൊന്‍ കഴിഞ്ഞതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ചരിത്രരേഖകളില്‍ മുമ്പൊരിക്കലും സ്ഥാനം പിടിക്കാത്ത ഈ വന്‍നഗരങ്ങളുടെ കണ്ടത്തെല്‍ ദക്ഷിണ-പൂര്‍വേഷ്യന്‍ നാഗരികതയുമായി ബന്ധപ്പെട്ട ചരിത്രനിഗമനങ്ങളെ തിരുത്തിക്കുറിക്കാന്‍ പോന്നതാണെന്ന് ഗവേഷകര്‍ പറയുന്നു.

ആസ്ട്രേലിയന്‍ പുരാവസ്തു ഗവേഷകന്‍ ഡോ. ഡാമിയന്‍ ഇവാന്‍സിന്‍െറ നേതൃത്വത്തില്‍ പുരാതന അങ്കോര്‍വാട്ട് ക്ഷേത്രാവശിഷ്ടങ്ങള്‍ സ്ഥിതിചെയ്യുന്ന മേഖലക്ക് സമീപം നടത്തിയ ഗവേഷണങ്ങള്‍ ജനനിബിഡമായ പുരാതന നഗരികളുടെ സവിശേഷമുഖമാണ് പ്രത്യക്ഷമാക്കിയിരിക്കുന്നത്. കുറ്റമറ്റ ജലവിതരണ സംവിധാനം, പൂന്തോട്ടങ്ങള്‍, വിപണന കേന്ദ്രങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി ശേഷിപ്പുകള്‍ ലേസര്‍ കിരണങ്ങള്‍ ആശ്രയിച്ച് നടത്തിയ ഗവേഷണം വഴി സ്ഥിരീകരിക്കപ്പെട്ടതോടെ കംബോഡിയയിലെ കൂടുതല്‍ മേഖലകളില്‍ പുതിയ പര്യവേക്ഷണ സാധ്യതകള്‍ അധികൃതര്‍ പരിശോധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

734 ചതുരശ്ര മൈല്‍ വിസ്തൃതിയിലായിരുന്നു പര്യവേക്ഷണങ്ങള്‍. ലേസര്‍ കിരണങ്ങള്‍ അയച്ച് വസ്തുക്കളുടെ സാന്നിധ്യം ഉറപ്പുവരുത്തി ചിത്രങ്ങള്‍ പകര്‍ത്തുന്ന ലിഡാര്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയായിരുന്നു ഇവാന്‍സും സംഘവും പഠനങ്ങള്‍ നടത്തിയത്. ഗവേഷണങ്ങള്‍ക്ക് യൂറോപ്യന്‍ റിസര്‍ച് കൗണ്‍സിലാണ് (ഇ.ആര്‍.സി) സാമ്പത്തികസഹായം ലഭ്യമാക്കിയത്. 11,12 നൂറ്റാണ്ടുകളില്‍ ലോകത്തെതന്നെ ഏറ്റവും പുരോഗതി പ്രാപിച്ച സാമ്രാജ്യമായി മേഖല നിലകൊണ്ടിരിക്കാമെന്നാണ് ഗവേഷണഫലങ്ങള്‍ വിലയിരുത്തി ഗവേഷകര്‍ നല്‍കുന്ന സൂചന. ഇവാന്‍സിന്‍െറ നേതൃത്വത്തില്‍ 2012ല്‍ നടത്തിയ സര്‍വേയില്‍ ചില സുപ്രധാന നഗരാവശിഷ്ടങ്ങള്‍ കണ്ടത്തെിയ സാഹചര്യത്തിലാണ് 2015ല്‍ പുതിയ ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

നഗരങ്ങളില്‍ ഒന്നിന് കംബോഡിയയുടെ ഇപ്പോഴത്തെ തലസ്ഥാനമായ ഫനൊംപെനിനോളം വിസ്തൃതിയും വലിപ്പവുമുള്ളത് അത്യധികം കൗതുകമുണര്‍ത്തുന്നതായി ഗവേഷകര്‍ അറിയിച്ചു. ബൗദ്ധിക ഗവേഷണങ്ങള്‍ക്ക് ഈ കണ്ടത്തെല്‍ ഉത്തേജകമാണെന്ന് ഗവേഷകനായ ചാള്‍സ് ഹിഗ്മാന്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.