അഭയാര്‍ഥികളുടെ വസ്തുക്കള്‍ പിടിച്ചെടുക്കാനുള്ള നിയമം ഡെന്മാര്‍ക്ക് പാസാക്കി

കോപന്‍ഹേഗന്‍: അഭയാര്‍ഥികളായി രാജ്യത്ത് എത്തുന്നവരുടെ കൈവശമുള്ള വിലപിടിച്ച വസ്തുക്കള്‍ പിടിച്ചെടുക്കാനുള്ള നിയമം ഡെന്മാര്‍ക്ക് പാർലമെന്‍റ് പാസാക്കി. വിവാദമായ ജുവലറി ബിൽ 27 നെതിരെ 81 വോട്ടുകള്‍ക്കാണ് പാസാക്കിയത്. ബിൽ പ്രകാരം െഡന്മാര്‍ക്കിലെത്തുന്ന അഭയാര്‍ഥിക്ക് 1500 ഡോളറിന് മുകളിൽ മൂല്യമുള്ള വസ്തുക്കള്‍ കൈവശം സൂക്ഷിക്കാനാകില്ല.

അഭയാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് പകരമായാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ പിടിച്ചെടുക്കുകയെന്ന് ബിൽ ചൂണ്ടിക്കാട്ടുന്നു. അഭയാർഥികളുടെ കൈവശമുള്ള വിവാഹ മോതിരങ്ങള്‍, കുടുംബ ഫോട്ടോകള്‍, മെഡലുകള്‍ എന്നിവ പിടിച്ചെടുക്കില്ല. അഭയാർഥികൾക്ക് ബന്ധുക്കളെ ഡെന്മാര്‍ക്കിലെത്തിക്കാന്‍ കാത്തിരിക്കേണ്ട കാലയളവും വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം ബന്ധുക്കളെ എത്തിക്കാൻ മൂന്ന് വര്‍ഷം അഭയാർഥി കാത്തിരിക്കണം. നേരത്തെ ഇത് ഒരു വര്‍ഷമായിരുന്നു.

വിവാദ നിയമത്തിനെതിരെ നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. രണ്ടാം ലോക മഹായുദ്ധകാലത്ത് ജൂതരുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ പിടിച്ചെടുത്തതിന് സമാനമാണ് പുതിയ നിയമമെന്ന് സംഘടനകൾ വിമര്‍ശിച്ചു. അഭയാര്‍ഥികള്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങള്‍ക്കുള്ള തുക കണ്ടെത്താനാണ് പുതിയ നിയമമെന്നായിരുന്നു ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയുടെ വിശദീകരണം.

ഡെന്മാര്‍ക്ക് പൗരന്മാര്‍ക്കുള്ളത് പോലെ രാജ്യത്ത് എത്തുന്ന ഓരോ അഭയാര്‍ഥിക്കും ചികിത്സ, സര്‍വകലാശാല വരെയുള്ള വിദ്യാഭ്യാസം, വാര്‍ധക്യകാല ശുശ്രൂഷ, ഭാഷാ പരിശീലനം തുടങ്ങിയവ സൗജന്യമാണ്. ഈ സേവനങ്ങള്‍ക്ക് ചെലവ് വരുന്ന തുക കണ്ടെത്താനാണ് പുതിയ നിയമം പാസാക്കിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.