പൊതുഭരണ രംഗത്തെ വംശീയവിവേചനം: ബ്രിട്ടന്‍ ഓഡിറ്റിങ് പ്രഖ്യാപിച്ചു

ലണ്ടന്‍: പൊതുഭരണ രംഗത്ത് വിവിധ ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന വിവേചനത്തിന്‍െറ തോത് പരിശോധിക്കാന്‍ ബ്രിട്ടനില്‍ ഓഡിറ്റിങ്. വംശീയവും സാമൂഹികവും സാമ്പത്തികവുമായ വിവേചനങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഓഡിറ്റിങ് പ്രഖ്യാപിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ശിശുസംരക്ഷണം, ക്ഷേമപ്രവര്‍ത്തനം, തൊഴില്‍, നൈപുണ്യവികസനം, ശിക്ഷാരീതി തുടങ്ങി എല്ലാ വകുപ്പുകളും ഓഡിറ്റിങ്ങിന്‍െറ പരിധിയില്‍ വരും. ഓഡിറ്റിങ്ങിലൂടെ അപ്രിയമായ വസ്തുതകള്‍ പലതും പുറത്തുവന്നേക്കാമെന്ന് പറഞ്ഞ തെരേസ മേയ്, അനീതി വെളിച്ചത്തുകൊണ്ടുവരുന്നതില്‍ തലകുനിക്കേണ്ടതില്ളെന്നും പറഞ്ഞു. വരേണ്യ വിഭാഗത്തിനപ്പുറം, എല്ലാവര്‍ക്കുമുള്ള രാജ്യമാവാന്‍ ഇത്തരം ഓഡിറ്റിങ് കൂടിയേ തീരൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തൊഴിലാളികളും വംശീയ ന്യൂനപക്ഷങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഉയര്‍ന്നരീതിയില്‍ വിവേചനത്തിനിരയാവുന്നതായി ലേബര്‍ പാര്‍ട്ടിയും വിവിധ മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാണിക്കുന്നു. യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോയതിന് പിന്നാലെ, രാജ്യത്ത് വംശീയ അതിക്രമങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. ബ്രെക്സിറ്റ് അനുകൂലികള്‍ക്ക് മേല്‍ക്കൈയുള്ള പ്രദേശങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ 42 ശതമാനം വര്‍ധിച്ചതായി ദ ഇന്‍ഡിപെന്‍ഡന്‍റ് പത്രം പുറത്തുവിട്ട പൊലീസ് കണക്കുകള്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.