ന്യൂയോർക്: ഇലോൺ മസ്കുമായുള്ള ദാമ്പത്യ ബന്ധത്തിൽ വിള്ളലുണ്ടായതിനെ കുറിച്ച് 2008ൽ തന്നെ തുറന്നെഴുതിയിട്ടുണ്ട് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ജസ്റ്റിൻ മസ്ക്. മസ്കിന്റെ ജീവചരിത്രം പുറത്തിറങ്ങിയ ശേഷം ഈ ലേഖനം വീണ്ടും ചർച്ചയാവുകയാണ്. എഴുത്തുകാരിയും അഞ്ച് മക്കളുടെ അമ്മയുമായ ജസ്റ്റിൻ 2010ൽ മേരി ക്ലെയർ മാസികക്കു വേണ്ടിയാണ് വിവാഹ ജീവിതം പരാജയപ്പെട്ടതിനെ കുറിച്ച് ലേഖനമെഴുതിയത്. വിവാഹം കഴിഞ്ഞ ആദ്യ ദിവസം തന്നെ മസ്കിന്റെ പുരുഷാധിപത്യ സ്വഭാവത്തിന്റെ സൂചനകൾ തനിക്ക് ലഭിച്ചതായി അവർ എഴുതിയിട്ടുണ്ട്.
''വിവാഹ സൽകാരത്തിൽ ഒന്നിച്ച് നൃത്തം ചെയ്യുമ്പോൾ മസ്ക് എന്നോട് പറഞ്ഞത് ഈ ബന്ധത്തിലെ ആൽഫ ഞാനാണെന്നാണ്. തമാശ പറഞ്ഞതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. എന്നാൽ അദ്ദേഹം ഗൗരവമായാണ് അത് പറഞ്ഞതെന്ന് പിന്നീട് മനസിലായി.''-ജസ്റ്റിൻ എഴുതി.
''ബിസിനസിൽ വിജയിക്കാനുള്ള മാന്ത്രിക കഴിവ് അദ്ദേഹത്തെ ജീവിതത്തിൽ തുണച്ചില്ല. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഇലോൺ മസ്ക് എന്റെ കുറ്റങ്ങളെ വർണിച്ചുകൊണ്ടേയിരുന്നു. സഹികെട്ട് ഒരിക്കൽ ഞാൻ പറഞ്ഞു. ഞാൻ നിങ്ങളുടെ ഭാര്യയാണ്, ജീവനക്കാരിയല്ല എന്നായിരുന്നു. എന്നാൽ അതിനു മസ്ക് പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു.
നീയെന്റെ ജീവനക്കാരിയായിരുന്നുവെങ്കിൽ എപ്പോഴേ ജോലിയിൽ നിന്ന് പിരിച്ചുവിടുമായിരുന്നു. എന്നായിരുന്നു മസ്ക് പറഞ്ഞത്.''-ജസ്റ്റിൻ തുടരുന്നു.
പലപ്പോഴും മുടിയിൽ ഇളം മഞ്ഞനിറമുള്ള കളർ നൽകാൻ പോലും മസ്ക് നിർബന്ധിച്ചു. ആദ്യത്തെ മകൻ നെവാദയുടെ മരണശേഷം ബന്ധം കൂടുതൽ ഉലഞ്ഞു. അതിനു ശേഷം അവർ ഇരട്ടക്കുട്ടികൾക്കും മൂന്നു കുട്ടികൾക്കും ജൻമം നൽകി. 2008 സെപ്റ്റംബറിലാണ് മസ്കും ജസ്റ്റിനും വിവാഹമോചിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.