ധാക്ക: ഡിസംബറോടെ ബംഗ്ലാദേശിൽ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബി.എൻ.പി). തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള രൂപരേഖ തയാറാക്കണമെന്നും വിവാദ ഉപദേശകരെ ഒഴിവാക്കി ഇടക്കാല സർക്കാറിന്റെ ഉപദേശക കൗൺസിൽ പുനഃസംഘടിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ബി.എൻ.പി സ്റ്റാൻഡിങ് കമ്മിറ്റി അംഗം ഖാണ്ഡേകർ മുശ്റഫ് ഹുസൈന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസുമായി ഔദ്യോഗിക വസതിയായ ജമുനയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ജനകീയ പ്രക്ഷോഭ നേതാക്കളായ മഹ്ഫുജ് ആലം, ആസിഫ് മഹ്മൂദ് ഷോജിബ് ഭൂയാൻ എന്നിവരെ ഉപദേശക കൗൺസിലിൽനിന്ന് ഒഴിവാക്കണമെന്നാണ് ബി.എൻ.പി ആവശ്യപ്പെട്ടതെന്ന് മറ്റൊരു സ്റ്റാൻഡിങ് കമ്മിറ്റി അംഗം സലാഹുദ്ദീൻ അഹ്മദ് പറഞ്ഞു. ബി.എൻ.പിയുടെ നിർദേശങ്ങളോട് യൂനുസിന്റെ പ്രതികരണം കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമി, എൻ.സി.പി തുടങ്ങിയ നേതാക്കളും യൂനുസുമായി കൂടിക്കാഴ്ച നടത്തി. എല്ലാ പരിഷ്കാരങ്ങളും പൂർത്തിയായാൽ ഫെബ്രുവരി പകുതിയോടെ അല്ലെങ്കിൽ റമദാൻ കഴിഞ്ഞാൽ തെരഞ്ഞെടുപ്പ് നടത്താമെന്നാണ് നിർദേശിച്ചതെന്ന് ജമാഅത്ത് തലവൻ ശഫീഖുർറഹ്മാൻ പറഞ്ഞു.
അതേസമയം, പൊതു തെരഞ്ഞെടുപ്പിന് മുമ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എൻ.സി.പി നിർദേശിച്ചത്. രാജ്യത്ത് സ്വതന്ത്രവും നിഷ്പക്ഷവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് നടത്താൻ ഇടക്കാല സർക്കാറിന് എല്ലാ രാഷ്ട്രീയ പാർട്ടികളും പൂർണ പിന്തുണ നൽകിയതായും ഡിസംബറിനും ജൂണിനുമിടയിൽ തെരഞ്ഞെടുപ്പ് നടത്താമെന്നാണ് യൂനുസ് അറിയിച്ചതെന്നും അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി ശഫീഖുൽ ആലം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.