മരിച്ചെന്ന് കരുതി അടക്കിയ ബെല്ല ജീവനോടെ തിരികെ; വീഡിയോ

ബെല്ല മോണ്ടോയ എന്ന 76കാരി മരിച്ചെന്ന് ആശുപത്രി അധികൃതർ വിധിയെഴുതിയതിനെ തുടർന്ന് അടക്കം ചെയ്തതായിരുന്നു. എന്നാൽ, രണ്ടാം ദിവസം ശവപ്പെട്ടിയിൽ നിന്ന് ശബ്ദം കേൾക്കാൻ തുടങ്ങി. ആദ്യം കാര്യമാക്കിയില്ലെങ്കിലും ആ ശബ്ദം പെട്ടിക്കുള്ളിൽ നിന്നാണെന്ന് മനസിലായി. ഇതോടെ അമ്പരപ്പ് ഭയമായി മാറി. രണ്ടും കല്പിച്ച് മകൻ പെട്ടിതുറന്ന് നോക്കിയപ്പോൾ അതാ, ബെല്ല കണ്ണുതുറന്ന് കിടക്കുന്നു.

വെള്ളിയാഴ്ച ബാബഹോയോ നഗരത്തിലായിരുന്നു ബെല്ലയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. ഇതിനിടെ ബെല്ലക്ക് ബോധം വരികയായിരുന്നത്രെ. ചടങ്ങുകൾ പൂർത്തിയാക്കി വസ്ത്രം മാറി വീണ്ടും പെട്ടി അടച്ചപ്പോഴാണ് ബെല്ലക്ക് ശ്വാസംമുട്ടിയത്. തുടർന്ന് പെട്ടിയിൽ മുട്ടുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് കുഴിയിൽ നിന്ന് ബെല്ലയുടെ ശവപ്പെട്ടി പുറത്തെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

മകൻ ബെല്ലയെ ശവപ്പെട്ടിയിൽ നിന്ന് മാറ്റി സ്ട്രെച്ചറിൽ കിടത്തിയതോടെ അവർ ശ്വസിക്കുന്നത് വ്യക്തമായി കണ്ടു. ഉടൻ തന്നെ ആശുപത്രിയിലേക്ക് പായുകയായിരുന്നു. ഇക്വഡോറിലെ ബാബാഹോയോ നഗരത്തിലെ ആശുപത്രിയിൽ പക്ഷാഘാതത്തെ തുടർന്നാണ് ബെല്ലയെ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ ഹൃദയാഘാതം മൂലം മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു.

മരിച്ചെന്ന് പറഞ്ഞ അതേ ഡോക്ടർമാർ തന്നെ ബെല്ലക്ക് ഒരു കുഴപ്പവുമില്ലെന്ന് അറിയിച്ചു. നിലവിൽ ഓക്സിജന്റെ സഹായത്തോടെയാണ് ബെല്ല ശ്വസിക്കുന്നത്. ഹൃദയത്തിന്റെ അവസ്ഥ സാധാരണമാണ്. ചില ചലനങ്ങളോട് ബെല്ല പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. അമ്മയുടെ ആരോഗ്യം മെച്ചപ്പെടണമെന്ന് മാത്രമാണ് ഇപ്പോൾ പ്രാർത്ഥനയെന്നു മകൻ പ്രതികരിച്ചു. ഞെട്ടിക്കുന്ന സംഭവത്തെത്തുടർന്ന്, മരണ സർട്ടിഫിക്കറ്റ് തെറ്റായി നൽകിയത് സംബന്ധിച്ച് ഇക്വഡോറിലെ ആരോഗ്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചു.


Tags:    
News Summary - Elderly Ecuadorean woman was being taken for burial. Then this happened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.