കെയ് റോ: ഈജിപ്ത് ആക്ടിവിസ്റ്റ് അലാ അബ്ദുൽ ഫത്തഹിന് 5 വർഷം തടവ് ശിക്ഷ. 2011ൽ മൂന്ന് പതിറ്റാണ്ടിലേറെ ഈജിപ്തിൽ അധികാരത്തിലിരുന്ന ഹുസ്‌നി മുബാറക്കിനെ അട്ടിമറിച്ച പ്രക്ഷോഭത്തിലെ മുൻനിര പ്രവർത്തകനായിരുന്നു അബ്ദുൽ ഫത്തഹ്. വ്യാജവാർത്തകൾ പ്രചരിപ്പിച്ചു എന്നതാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം.
ഇതേ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ബ്ലോഗറായ മുഹമ്മദ് ഇബ്രാഹിം, അഭിഭാഷകനായ മുഹമ്മദ് അൽ ബക്കർ എന്നിവരെ നേരത്തെ നാല് വർഷം തടവിന് വിധിച്ചിരുന്നു.
ഫത്തഹിന് പുസ്തകങ്ങൾ വായിക്കാനോ റേഡിയോ, വാച്ച് എന്നിവ ഉപയോഗിക്കാനോ അനുവാദമില്ലെന്നും ജയിൽ സെല്ലിൽ നിന്ന് പുറത്ത് കടക്കുന്നതിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും ഇത് അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്നും അബ്ദുൾ ഫത്തഹിന്‍റെ അമ്മ ലീല സൂയിഫ് കോടതിയിൽ പരാതിപ്പെട്ടു . തങ്ങൾ അവനെ സന്ദർശിക്കുമ്പോഴോ, കോടതിയിലേക്ക് പോകുമ്പോഴോ അല്ലാതെ ഫത്തഹിനെ ജയിൽ മുറിയിൽ നിന്ന് പുറത്തിറങ്ങാന്‍ പോലും കോടതി അനുവദിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു.
അബ്ദുൽ ഫത്തഹിന്‍റെ സഹോദരി സന സെയ്ഫിനെ സമാനമായ കുറ്റങ്ങൾ ചുമത്തി മാർച്ചിൽ ഒന്നര വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഫത്തഹിന്‍റെ ജയിലിൽ ദുരിതം അനുഭവിക്കുകയാണെന്ന കുടുംബത്തിന്‍റെ ആരോപണങ്ങൾ ഈജിപ്ഷ്യൻ സർക്കാർ നിഷേധിച്ചിട്ടുണ്ട്.
മാധ്യമപ്രവർത്തകർക്കും മനുഷ്യാവകാശ പ്രവർത്തകർക്കും ശിക്ഷകൾ നൽകുന്ന ഈജിപ്ഷ്യൻ കോടതി വിധികളിൽ തങ്ങൾ നിരാശരാണെന്നും അഭിപ്രായങ്ങൾ നിർഭയം തുറന്നുപറയാൻ അവരെ അനുവദിക്കണമെന്നും യു.എസ് സ്റ്റേറ്റ് വകുപ്പ് മേധാവി നെഡ് പ്രൈസ് പറഞ്ഞു.
എന്നാൽ ജുഡീഷ്യൽ തീരുമാനങ്ങളെക്കുറിച്ച് യു.എസ് സ്റ്റേറ്റ് അഭിപ്രായം പറയുന്നത് അനുചിതമാണെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പറഞ്ഞു ."നീതിയും നിഷ്പക്ഷവും സ്വതന്ത്രവുമായ ഒരു ജുഡീഷ്യൽ സംവിധാനമാണ് ഈജിപ്തിനുള്ളത്. ശക്തമായ തെളിവുകളെ അടിസ്ഥാനമാക്കി നടപ്പിലാക്കുന്ന കോടതി വിധികളെക്കുറിച്ച് അഭിപ്രായം പറയുന്നത് ഉചിതമല്ല," ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അഹമ്മദ് ഹഫീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.