കോംഗോയിൽ നിയന്ത്രണാതീതമായി എബോള; മരണം 3700 കടന്നു, ആരോഗ്യപ്രവർത്തകരുടെ ക്ഷാമം ഗുരുതരമെന്ന് ഡബ്ല്യു.എച്ച്.ഒ
കിൻഷസ: കോംഗോയിൽ വ്യാപിക്കുന്ന എബോള രോഗത്തോട് പൊരുതാൻ ആരോഗ്യപ്രവർത്തകർ കുറയുന്നത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് മുൻനിര ആരോഗ്യപ്രവർത്തകർ നടത്തിയ പണിമുടക്കും തുടർന്നുള്ള പ്രശനങ്ങളുമാണ് ജീവനക്കാരുടെ എണ്ണം കുറഞ്ഞതിന് പ്രധാന കാരണം.
ആവശ്യത്തിന് കിടക്കകൾ സജ്ജീകരിക്കുന്നുണ്ടെങ്കിലും അവ പ്രവർത്തിപ്പിക്കാൻ വേണ്ടത്ര ജീവനക്കാരും പങ്കാളികളുമില്ലെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കി. ഒരു എബോള ചികിത്സാ കേന്ദ്രത്തിന് അനസ്തെറ്റിസ്റ്റ്, ഹൈജീനിസ്റ്റ്, നഴ്സുമാർ, ജനറൽ പ്രാക്ടീഷണർമാർ എന്നിവരുൾപ്പെടെ ഏകദേശം 300ഓളം ആരോഗ്യപ്രവർത്തകർ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയായ ആൻ ആൻസിയ വ്യക്തമാക്കി.
ശമ്പളപ്പട്ടികയിലെ ക്രമക്കേടുകൾ പരിശോധിക്കുന്നതായി കഴിഞ്ഞ ജൂലൈയിൽ ആരോഗ്യ മന്ത്രി റോജർ കംബ വ്യക്തമാക്കിയിരുന്നുവെങ്കിലും വാഗ്ദാനം ചെയ്ത കുടിശ്ശിക പൂർണ്ണമായി ലഭിക്കാത്തതിനെത്തുടർന്നാണ് ജീവനക്കാർ സമരത്തിലേക്ക് നീങ്ങിയത്.
ഇറ്റുരി, ഹൗട്ട്-ഉലെ തുടങ്ങിയ പ്രവിശ്യകളിൽ രോഗവ്യാപനത്തിന് നേരിയ കുറവുണ്ടായെങ്കിലും, പലയിടത്തും രോഗം ഇപ്പോഴും നിയന്ത്രണാതീതമായി തുടരുകയാണ്. ഏഴ് പ്രവിശ്യകളിലായി ഇതുവരെ 7,773 കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. 3,759 മരണങ്ങളുമാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉത്ബവ കേന്ദ്രമായി കരുതപ്പെടുന്ന നോർത്ത് കിവുവിൽ മൂന്നാഴ്ചക്കിടെ രോഗബാധ 73 ശതമാനത്തോളം വർധിച്ചു.
2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിൽ 11,000ത്തിലധികം ആളുകളുടെ ജീവനെടുത്ത ചരിത്രത്തിലെ ഏറ്റവും മാരകമായ വ്യാപനത്തെ മറികടക്കുമെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.