ബീജദാനത്തിലൂടെ 550ലേറെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയയാളോട് നിർത്താനാവശ്യപ്പെട്ട് ഡച്ച് കോടതി

ആസ്റ്റർഡാം: ബീജദാനത്തിലൂടെ 550ലേറെ കുഞ്ഞുങ്ങളുടെ പിതാവായ വ്യക്തിയോട് ബീജദാനം നിർത്താനാവശ്യപ്പെട്ട് ഡച്ച് കോടതി. ബീജദാനത്തിലൂടെ ജനിക്കുന്ന കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയും കുട്ടികളിലൊരാളുടെ മാതാവും നൽകിയ പരാതിയിലാണ് നടപടി.

ജൊനാതൻ എന്ന 41കാരനെതിരെയാണ് നടപടി. ഡച്ച് നിയമപ്രകാരം ഒരാൾ ബീജദാനത്തിലൂടെ പരമാവധി 25 കുട്ടികൾക്ക് മാത്രമേ ജന്മം നൽകാൻ പാടുള്ളൂ. അതും 12 കുടുംബങ്ങൾക്കുള്ളിലായിരിക്കണം. എന്നാൽ, 2007 മുതൽ ബീജം ദാനം ചെയ്യുന്ന ജൊനാതൻ 550 മുതൽ 600 വരെ കുട്ടികളുടെ പിതാവായിട്ടുണ്ടെന്നാണ് കരുതുന്നത്.

ഇത്രയേറെ കുഞ്ഞുങ്ങളുടെ പിതാവാണെന്ന കാര്യം ജൊനാതൻ വെളിപ്പെടുത്തിയിരുന്നില്ലെന്ന് കുട്ടികളിലൊരാളുടെ അമ്മയായ പരാതിക്കാരി പറഞ്ഞു. ജൊനാതന്‍റെ ബീജം സ്വീകരിച്ചുണ്ടായ കുട്ടികളുടെയും കുടുംബങ്ങളുടെയും താൽപര്യം സംരക്ഷിക്കണം. രാജ്യത്തിന് പുറത്തേക്ക് വരെ ഇയാളുടെ ബീജം കൊണ്ടുപോയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

താൻ ഇത്രയേറെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ടെന്ന കാര്യം ജൊനാതൻ കുടുംബങ്ങളിൽ നിന്ന് മനപൂർവം മറച്ചുവെച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. തങ്ങളുടെ കുഞ്ഞുങ്ങൾക്ക് നൂറുകണക്കിന് അർധസഹോദരങ്ങളുണ്ടെന്ന തിരിച്ചറിവിലാണ് ഇപ്പോൾ കുടുംബങ്ങൾ. അവർ ആഗ്രഹിക്കാത്ത കാര്യമാണത്. ഈ യാഥാർഥ്യം തിരിച്ചറിയുന്നത് കുട്ടികളിൽ മാനസികാഘാതത്തിന് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു. 

Tags:    
News Summary - Dutch court orders sperm donor to stop after 550 children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.