ദുബൈ ഗ്ലോബൽ വില്ലേജ് കൺതുറന്നു; ഇനി ഉത്സവ ദിനങ്ങൾ

ദുബൈയിലെ താമസക്കാരുടെയും സന്ദർശകരുടെയും ഏറ്റവും പ്രധാനപ്പെട്ട വിനോദ ആകർഷണ കേന്ദ്രമായ ഗ്ലോബൽ വില്ലേജ് വീണ്ടും കൺതുറന്നിരിക്കയാണ്. ഷോപ്പിങ്ങും വിനോദങ്ങളും ഭക്ഷണശാലകളുമായി ആറുമാസം നീളുന്ന മേള അക്ഷരാർഥത്തിൽ നഗരവാസികൾക്ക് അൺലിമിറ്റഡ് ഉൽസവ ദിനങ്ങളാണ് സമ്മാനിക്കുന്നത്. ലോകത്തെ വിവിധ പവലിയനുകളിൽനിന്ന് വ്യത്യസ്ത തരം ഉൽപന്നങ്ങൾ വാങ്ങാനും വിവിധ പ്രദേശങ്ങളിലെ വൈവിധ്യപൂർണമായ രുചിഭേദങ്ങൾ ആസ്വദിക്കാനും ആയിരങ്ങളാണ് ഓരോ ദിവസവും എത്തിച്ചേരുന്നത്. 27ാമത് വർഷത്തിലേക്ക് കടന്ന 'ആഗോള ഗ്രാമം' ഓരോ തവണയും പുതിയ പുതിയ കൗതുകങ്ങളുമായാണ് തുറക്കപ്പെടാറുള്ളത്.

ഈ വർഷം ഗ്ലോബൽ വില്ലേജ് 27 പവലിയനുകൾ, 3,500ലധികം ഷോപ്പിങ് ഔട്ട്‌ലെറ്റുകൾ, 250ലധികം റസ്റ്റോറന്‍റുകൾ, കഫേകൾ, തെരുവ് ഭക്ഷണ ശാലകൾ എന്നിവയെല്ലാമാണ് എത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച കലാകാരൻമാരുടെ പ്രകടനങ്ങൾ, ലോകോത്തര സംഗീത കച്ചേരികൾ, തെരുവ് കലാപ്രകടനങ്ങൾ വാട്ടർ സ്റ്റണ്ട് ഷോ എന്നിവയടക്കം 40,000 ഷോകൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് ആസ്വദിക്കാൻ 175ലധികം റൈഡുകളും ഗെയിമുകളും ലഭ്യമാക്കിയിട്ടുമുണ്ട്. സാധാരണ രണ്ട് കവാടങ്ങളിലൂടെ സന്ദർശകരെ പ്രവേശിപ്പിക്കുന്ന അധികൃതർ ഇത്തവണ മൂന്ന് ഗേറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. പുതിയ സീസണിലെ അൽഭുക്കാഴ്ചകളിൽ ചിലത് പരിചയപ്പെടാം.

ഗ്ലോബൽ വില്ലേജ് ബിഗ് ബലൂൺ

നഗരിയുടെ മുഴുവൻ ഭാഗങ്ങളുടെയും കാഴ്ച സമ്മാനിക്കുന്ന ഗ്ലോബൽ വില്ലേജ് ബിഗ് ബലൂൺ ഇത്തവണത്തെ പ്രധാന ആകർഷണമാണ്. ഏകദേശം 60 മീറ്റർ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ ഹീലിയം ബലൂണിന് ഒരേസമയം 20 പേരെ വരെ ഉൾക്കൊള്ളാൻ കഴിയും.


ഇത് എല്ലാ പ്രായക്കാർക്കും അനുയോജ്യമായ ഒരു അനുഭവമാണ്. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇതിൽ പ്രവേശിക്കനം സൗജന്യമാണ്. മൂന്ന് വയസ്സിന് മുകളിലുള്ളവർക്ക് 99 ദിർഹമാണ് നിരക്ക്. നാലംഗ സംഘത്തിന് 350 ദിർഹത്തിന് ബലൂൺ റൈഡിൽ പങ്കെടുക്കാം.

വണ്ടർ റൈഡ്സ്

പല രാജ്യങ്ങളിലെയും ടാക്സി സർവീസുകൾ ഗൃഹാതുരത ഉണർത്തുന്നതാണ്. അതത് രാജ്യങ്ങളുടെ പ്രത്യേകതകളുണർത്തുന്ന ഇത്തരം ടാക്സികളുടെ ഒരു ശേഖരം തന്നെ ഇത്തവണ ഗ്ലോബൽ വില്ലേജിലുണ്ട്. ഐകോണിക് കാറുകളിലെ അൽഭുത യാത്ര ആദ്യദിനങ്ങളിൽ തന്നെ നിരവധിപേരെ ആകർഷിച്ചിട്ടുണ്ട്. ന്യൂയോർക്ക്, ക്യൂബ, ജപ്പാൻ, തായ്‌ലൻഡ്, മെക്‌സിക്കോ, ലെബനൻ എന്നിവിടങ്ങളിൽ നിന്നുള്ള ടാക്സികൾ 'വണ്ടർ റൈഡ്സ്' എന്നതിൽ ഉൾപ്പെടുന്നു. വണ്ടർ റൈഡ് നടത്തുമ്പോൾ ഫോട്ടോയെടുക്കാൻ അനുവാദമുണ്ട്. ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ #WonderRides എന്ന ടാഗോടെ പോസ്റ്റ് ചെയ്യുന്നവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മാനങ്ങൾ നേടാനും കഴിയും.

റോഡ് ഓഫ് ഏഷ്യ

റോഡ് ഓഫ് ഏഷ്യ ഗ്ലോബൽ വില്ലേജിൽ പുതുതായി രൂപകൽപന ചെയ്ത ആകർഷണമാണ്. പവലിയനുകൾ ഇല്ലാത്ത ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണവും ഉൽപ്പന്നങ്ങളും പ്രദർശിപ്പിക്കുന്ന തെരുവാണിത്. 40ലധികം സ്റ്റാളുകൾ ഈ തെരുവിലുണ്ട്. ശ്രീലങ്ക, ഇന്തോനേഷ്യ, കംബോഡിയ, മലേഷ്യ, ബ്രൂണെ, ലാവോസ്, വിയറ്റ്നാം, നേപ്പാൾ, ഭൂട്ടാൻ, ഫിലിപ്പീൻസ് എന്നിവ ഉൾപ്പെടെ 13രാജ്യങ്ങളുടെ സാന്നിധ്യം ഇവിടെയുണ്ട്.

പുതിയ പവലിയനുകൾ

ഈ സീസണിൽ ഖത്തർ, ഒമാൻ എന്നിവയാണ് സ്വന്തമായി പുതിയ പവലിയനുകളുമായി രംഗത്തെത്തിയിട്ടുള്ളത്. യു.എ.ഇ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ഒമാൻ അഫ്ഗാനിസ്ഥാൻ, ചൈന, ഈജിപ്ത്, ഇന്ത്യ, ഇറാൻ, ഇറാഖ്, ജപ്പാൻ, ദക്ഷിണ കൊറിയ, ലെബനൻ, മൊറോക്കോ, പാകിസ്താൻ, ഫലസ്തീൻ, സിറിയ, തായ്‌ലൻഡ്, തുർക്കി, യമൻ, റഷ്യ, അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് എന്നീ നേരത്തെ മുതലുള്ള പവലിയനുകളും ഇത്തവണയുണ്ട്.

ചി​ത്രം: ന​ജു വ​യ​നാ​ട്

Tags:    
News Summary - Dubai Global Village opens; Now are the festive days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.