ഡൊണാൾഡ് ട്രംപ്


'ഞാൻ വെച്ച സ്വർണത്തിൽ ആരും തൊടരുത്'!; വൈറ്റ് ഹൗസിനെ പൂട്ടാൻ ട്രംപ് ഇറക്കിയ വിചിത്ര ഉത്തരവ്!

വാഷിംഗ്ടൺ: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേരിട്ട കനത്ത പരാജയത്തിന് തൊട്ടുപിന്നാലെ, വൈറ്റ് ഹൗസിലെ ചരിത്രപ്രസിദ്ധമായ ഓവൽ ഓഫീസിനെ 'ദേശീയ സ്മാരകം' ആയി പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിചിത്രമായ എക്സിക്യൂട്ടീവ് ഉത്തരവ്. താൻ വരുത്തിത്തീർത്ത തിളങ്ങുന്ന സ്വർണ അലങ്കാരപ്പണികളും മാറ്റങ്ങളും ഭാവിയിൽ വരുന്ന ഭരണാധികാരികൾ അഴിച്ചുമാറ്റുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപിന്റെ ഈ അസാധാരണ നീക്കം. രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ അവഗണിച്ച് വ്യക്തിപരമായ മോഹങ്ങൾക്കും ആഡംബര പദ്ധതികൾക്കും മുൻഗണന നൽകുന്നുവെന്ന് ആരോപിച്ച് വോട്ടർമാർ തെരഞ്ഞെടുപ്പിൽ കനത്ത പ്രഹരം നൽകി രണ്ട് ദിവസത്തിനകമാണ് ട്രംപ് പുതിയ ഉത്തരവിൽ ഒപ്പുവെച്ചത്.

"ഭാവിയിൽ ആരും ഇത് സ്ക്വയർ ആക്കി മാറ്റരുത്": ഒപ്പുവെച്ച് സ്വയം പുകഴ്ത്തി ട്രംപ്

റെസൊല്യൂട്ട് ഡെസ്കിൽ പുസ്തകക്കൂമ്പാരത്തിന് മുകളിൽ തന്റെ പ്രശസ്തമായ 'വീറ്റോ' തൊപ്പി വെച്ചാണ് ട്രംപ് തത്സമയ സംപ്രേഷണത്തിനിടെ ഉത്തരവിൽ ഒപ്പുവെച്ചതെന്ന് ഹഫ്പോസ്റ്റ് വൈറ്റ് ഹൗസ് റിപ്പോർട്ടർ ജെന്നിഫർ ബെൻഡെറി ചൂണ്ടിക്കാട്ടി. 'ഈ ഉത്തരവ് പാസാക്കുന്നതിനായി ഞങ്ങൾ കോൺഗ്രസിലേക്ക് അയക്കും. മണ്ടന്മാരായ ആളുകൾ വന്ന് മറ്റൊരു ആകൃതിയിൽ നിർമിക്കാനായി ഇതിൽ തൊടാനോ തകർക്കാനോ അനുവദിക്കില്ല,' എന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭാവിയിൽ വരുന്ന ഏതെങ്കിലും പ്രസിഡന്റ് 'ഓവൽ ആകൃതി മാറ്റി ചതുരമാക്കാം' എന്ന് തീരുമാനിക്കുന്നത് തടയാനാണ് ഇതെന്നും ട്രംപ് വാദിച്ചു.

ഉത്തരവിൽ ഒപ്പുവെച്ച ശേഷം സ്വന്തം ഒപ്പിനെ അഭിനന്ദിക്കാനും ട്രംപ് മറന്നില്ല; 'ഇതിനായി ഒരു മികച്ച ഒപ്പ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. വളരെ കലാപരമാണ്,' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാൽ, മുറിയുടെ ആകൃതി മാറ്റുമെന്ന ഭയത്തേക്കാൾ താൻ പതിപ്പിച്ച സ്വർണ മോടികൾ മാറ്റുന്നത് തടയാനാണ് ട്രംപിന്റെ ശ്രമമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

പരാജയത്തിന് ശേഷവും ധൂർത്തും അഹംഭാവവും; രൂക്ഷ വിമർശനം

തെരഞ്ഞെടുപ്പിൽ കനത്ത തോൽവി വഴങ്ങിയിട്ടും തെല്ലും യാഥാർത്ഥ്യബോധമില്ലാത്ത രീതിയിലാണ് ട്രംപ് പെരുമാറുന്നതെന്ന ആക്ഷേപം ശക്തമാണ്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടടുത്ത ദിവസം വൈറ്റ് ഹൗസ് ബോൾറൂം നിർമാണ സൈറ്റിലൂടെ അനായാസ ഭാവത്തിൽ മാധ്യമങ്ങളെ കൂട്ടിക്കൊണ്ടുപോയി ട്രംപ് നടത്തിയ നടത്തം കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. തെരഞ്ഞെടുപ്പിന്റെ തലേദിവസം റിഫ്ലെക്റ്റിംഗ് പൂളിന് മുന്നിൽ നിന്ന് പായലിനെയും മാർബിളിനെയും പുല്ലിനെയും ഭാവനാപരമായ അക്രമികളെയും കുറിച്ച് മണിക്കൂറുകളോളം സംസാരിച്ചതും വലിയ തോതിൽ പരിഹസിക്കപ്പെട്ടിരുന്നു. ജനങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിഗത പദ്ധതികളെ തള്ളിക്കളഞ്ഞപ്പോൾ, അതേ പദ്ധതികൾ സംരക്ഷിക്കാനാണ് ട്രംപ് ആദ്യം തുനിഞ്ഞിറങ്ങിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ പരിഹസിച്ചു. ഒരു പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് അടുത്തതായി വരുന്ന പ്രസിഡന്റിന് നിഷ്പ്രയാസം റദ്ദാക്കാമെന്നിരിക്കെ, ട്രംപിന്റെ ഈ നീക്കം രാഷ്ട്രീയ അറിവില്ലായ്മയും പരിഹാസ്യവുമാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Trump Declares Oval Office a 'National Monument' to Protect His Gold Decor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.