വാഷിംങ്ടൺ: എന്തായിരിക്കും ആ ചുവന്ന തൊപ്പിയുടെ അർഥം? യു.എസ് പ്രസിഡന്റിന്റെ പ്രിയങ്കരനായ ശതകോടീശ്വരൻ ഇലോൺ മസ്‌ക്, തന്റെ എക്സ് ഹാൻഡിൽ പങ്കുവെച്ച ‘തിങ്ക് എഹെഡ്’ ( മുന്നോട്ട് ചിന്തിക്കൂ) എന്ന അടിക്കുറിപ്പോടെ ‘ട്രംപ് 2032’ എന്ന് ആലേഖനം ചെയ്ത ചുവന്ന തൊപ്പിയുടെ ഒരു ഫോട്ടോയാണ് ഈ ചോദ്യമുയർത്തുന്നത്.
ആദ്യം ‘ഡോഗി ഡിസൈനർ’ എന്ന മീം അക്കൗണ്ട് പങ്കിട്ട ചിത്രത്തിൽ ‘ഏറ്റവും രസകരമായ ഫലം’ എന്ന വാചകം ഉണ്ടായിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ കാര്യക്ഷമതാ വകുപ്പിലെ തന്റെ റോളിൽ നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ചതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് മസ്‌കിന്റെ റീപോസ്റ്റ് വന്നത്.
തന്റെ സ്വകാര്യ സംരംഭങ്ങളിലേക്ക് മുഴുവൻ സമയവും മടങ്ങുക എന്നത് മസ്‌കിന്റെ എപ്പോഴത്തെയും പദ്ധതിയായിരുന്നുവെന്നാണ് പ്രസിഡന്റ് ട്രംപും ഉദ്യോഗസ്ഥരും പറഞ്ഞത്. ഭരണകൂടം മസ്‌കിന്റെ വിടവാങ്ങലിന് തയ്യാറെടുക്കുകയാണെന്ന സൂചനയും ട്രംപ് നൽകിയിരുന്നു.
എന്നാൽ, ടെസ്‌ല ത്രൈമാസ വരുമാനത്തിൽ ഇടിവ് നേരിടുന്നു എന്നതാണ് യാഥാർഥ്യമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും തലയെടുപ്പുള്ള ശതകോടീശ്വരൻ, സർക്കാർ പരിഷ്കരണ റോളിൽ നിന്ന് പുറത്തുപോകുന്നതും പ്രസിഡന്റിന്റെ ഭാവി അംഗീകാരങ്ങൾ പോസ്റ്റ് ചെയ്യുന്നതും ചോദ്യങ്ങൾ ഉയർത്തുന്നു.
78 കാരനായ ട്രംപ് നിലവിൽ തന്റെ രണ്ടാം ടേമിൽ 100 ദിവസം പിന്നിടുകയാണ്. 22-ാം ഭേദഗതിയിൽ രണ്ട് ടേം പരിധി നിശ്ചയിച്ചിട്ടും മൂന്നാം ടേം ഉറപ്പാക്കാൻ തന്റെ ടീം ‘പര്യവേക്ഷണം ചെയ്യുകയാണ്’ എന്ന് എൻ.ബി.സി ന്യൂസിന് നൽകിയ സമീപകാല അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ, യു.എസിൽ ഒരു എ.ഐ സ്ഥാനാർത്ഥി വിജയിക്കുമെന്നായിരുന്നു മസ്‌കിന്റെ നേരത്തെയുള്ള പ്രവചനം. 2032ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു എ.ഐ സ്ഥാനാർത്ഥിക്ക് മത്സരിക്കാൻ കഴിയും എന്ന് കരുതുന്നതായി 2024ൽ ഒരു ചടങ്ങിനിടെ മസ്‌ക് പറഞ്ഞു. എ.ഐ വേണ്ടത്ര ബുദ്ധിമാനാണെങ്കിൽ അത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് ഏറ്റവും ബുദ്ധിമാനായ മനുഷ്യനേക്കാൾ മിടുക്കനാകുമെന്നും ഒരുപക്ഷേ അടുത്ത രണ്ട് വർഷത്തിനുള്ളിൽ അതു സംഭവിക്കുമെന്നും മസ്ക് പ്രവചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.