08:00 PM എന്നത് സംഭവിക്കാൻ പോകുന്നു -ട്രംപ്; ‘ചർച്ചയിൽ ഫലം ഉണ്ടായാൽ മാറ്റം വന്നേക്കാം’

വാഷിങ്ടൺ: ഹുർമുസ് തുറക്കാനുള്ള ത​ന്റെ അന്ത്യശാസന സമയപരിധിയായ ‘ചൊവ്വാഴ്ച രാത്രി 08:00 PM’ സംഭവിക്കാൻ പോവുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 5:30നാണ് ട്രംപ് പറഞ്ഞ സമയപരിധി. തങ്ങൾ ആക്രമണത്തിന് സജ്ജമാണെന്നും ഇന്നത്തെ ചർച്ചകൾ മുന്നോട്ട് പോവുകയും വ്യക്തമായ എന്തെങ്കിലും ഫലം ഉണ്ടാവുകയും ചെയ്താൽ ഇതിൽ മാറ്റം വന്നേക്കാം എന്നും അദ്ദേഹം ഫോക്സ് ന്യൂസ് അഭിമുഖത്തിൽ സൂചിപ്പിച്ചു. 

ഹുർമുസ് കടലിടുക്ക് തുറന്നി​ല്ലെങ്കിൽ ഒരു നാഗരികത അപ്പാടെ ഇന്ന് രാത്രി മരിക്കുമെന്നും ഒരിക്കലും ഇനിയത് തിരികെ കൊണ്ടുവരാനാകില്ലെന്നും നേരത്തെ ത​ന്റെ ‘ട്രൂത്ത് സോഷ്യൽ’ എന്ന വെബ്‌സൈറ്റിലൂടെ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

ഫോക്സ് ന്യൂസിലെ ബ്രെറ്റ് ബെയറുമായി നടത്തിയ ഫോൺ അഭിമുഖത്തിലാണ് ചൊവ്വാഴ്ച രാത്രി 8 മണി എന്ന സമയപരിധിക്കുള്ളിൽ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇറാന് നേരെ ശക്തമായ ആക്രമണം നടത്താൻ അമേരിക്ക സജ്ജമാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്. ‘ഞാൻ ഇപ്പോൾ പ്രസിഡന്റുമായി സംസാരിച്ചു. ഇതൊരു ഒത്തുതീർപ്പ് കരാറിൽ അവസാനിക്കാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് ചോദിച്ചു. സാധ്യതകളെക്കുറിച്ച് പറയാൻ അദ്ദേഹം തയ്യാറായില്ല, പകരം രാത്രി 8 മണി സംഭവിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആ ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തുകയാണെങ്കിൽ, അവർ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ആക്രമണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ഇന്നത്തെ ചർച്ചകൾ മുന്നോട്ട് പോവുകയും വ്യക്തമായ എന്തെങ്കിലും ഫലം ഉണ്ടാവുകയും ചെയ്താൽ ഇതിൽ മാറ്റം വന്നേക്കാം എന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ ഈ സമയത്ത് സാധ്യതകളെക്കുറിച്ച് പ്രവചിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. തങ്ങളുടെ പദ്ധതികളുമായി മുന്നോട്ട് പോവുകയാണെന്നും ഇതൊരു വലിയ കാര്യമാണെന്നുമാണ് പറയുന്നത്’ -ട്രംപുമായുള്ള ഫോൺ സംഭാഷണത്തെക്കുറിച്ച് ബെയർ പറഞ്ഞു.

‘ലോകത്തിന്റെ ദീർഘവും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ന് രാത്രി നമ്മൾ കാണും. 47 വർഷത്തെ പിടിച്ചുപറിയും അഴിമതിയും മരണങ്ങളും ഒടുവിൽ അവസാനിക്കും. ഇറാനിലെ മഹത്തായ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ’ -എന്നായിരുന്നു നേരത്തെ ‘ട്രൂത്ത് സോഷ്യൽ’ പോസ്റ്റിൽ ട്രംപിന്റെ ഭീഷണി. ‘ഒരു നാഗരികത അപ്പാടെ ഇന്ന് രാത്രി മരിക്കും. അത് ഒരിക്കലും ഇനി തിരികെ കൊണ്ടുവരാനാകില്ല. അത് സംഭവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ മിക്കവാറും അത് സംഭവിച്ചേക്കാം. എങ്കിലും, വ്യത്യസ്തരും ബുദ്ധിമാന്മാരും തീവ്രചിന്താഗതി കുറഞ്ഞവരുമായ ആളുകൾ നയിക്കുന്ന, ഭരണമാറ്റം ഇപ്പോൾ നിലവിലുള്ളതിനാൽ, വിപ്ലവകരമായ അത്ഭുതകരമായ എന്തെങ്കിലും സംഭവിച്ചേക്കാം, ആർക്കറിയാം? ലോകത്തിന്റെ ദീർഘവും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ന് രാത്രി നമ്മൾ കാണും. 47 വർഷത്തെ പിടിച്ചുപറിയും അഴിമതിയും മരണങ്ങളും ഒടുവിൽ അവസാനിക്കും. ഇറാനിലെ മഹത്തായ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ!’ -ട്രംപ് പറയുന്നു.

അതേസമയം, എല്ലാ ചുവപ്പ് വരകളും മറികടന്ന് യു.എസ് തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ യുഎസ് മണ്ണിൽ പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. ‘അമേരിക്കയുടെയും അവരുടെ പങ്കാളികളുടെയും അടിസ്ഥാന സൗകര്യങ്ങൾ ഞങ്ങൾ ആക്രമിക്കും. അവർക്കും അവരുടെ സഖ്യകക്ഷികൾക്കും ഈ മേഖലയിലെ എണ്ണയും വാതകവും വർഷങ്ങളോളം തടയാൻ ഉതകുന്നത് ഞങ്ങൾ ചെയ്യും. നമ്മുടെ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിച്ചാൽ, നമ്മുടെ പോരാട്ടശേഷി കണക്കാക്കാനുള്ള കഴിവ് അമേരിക്കൻ നേതാക്കൾക്ക് ഇല്ല. യുഎസ് സൈന്യം നമ്മുടെ ചുവപ്പ് രേഖകൾ ലംഘിച്ചാൽ, നമ്മുടെ പ്രതികരണം മേഖലയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കും’ -റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പിൽ പറഞ്ഞു. ‘ഇതുവ​രെ ഞങ്ങൾ വലിയ സംയമനം പാലിച്ചു. പ്രതികാരം ചെയ്യാൻ ലക്ഷ്യസ്ഥാനങ്ങൾ തെരഞ്ഞെടുക്കുമ്പോൾ പരിഗണന നൽകുകയും ചെയ്തു. എന്നാൽ, ഇപ്പോൾ മുതൽ ഈ പരിഗണനകളെല്ലാം ഒഴിവാക്കിയിരിക്കുന്നു’ -ഇറാൻ വ്യക്തമാക്കി. 

Tags:    
News Summary - Donald Trump U.S. is ready to heavy strikes Iran 8 pm deadline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.