വാഷിങ്ടൻ: വൈറ്റ് ഹൗസിൽ നിന്ന് പടിയിറങ്ങിയ ഡൊണൾഡ് ട്രംപ് ഇനി ഫ്ലോറിഡയിലെ പാം ബീച്ചിനടുത്തുള്ള ദ്വീപിലെ മാരലഗോ എസ്റ്റേറ്റ് സ്ഥിരം വസതിയാക്കുമെന്ന് വാർത്തകൾ. വൈറ്റ് ഹൗസിൽ നിന്ന് ട്രംപ് നേരെ മാരലഗോയിലെ തന്‍റെ റിസോർട്ടിലേക്കാണ് പോയത്. ട്രംപിന്‍റെ സാധനങ്ങളുമായുള്ള ട്രക്കുകൾ മാരലഗോയിലെ വസതിയിലേക്ക് പോകുന്നത് കണ്ടെന്ന് ദി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഭരണത്തിലിരിക്കെ ട്രംപ് ഏറെ സമയം ചെലവഴിച്ചിരുന്ന മാരലഗോ റിസോർട്ട് 'ശൈത്യകാലത്തെ വൈറ്റ് ഹൗസ്' എന്നാണ് അറിയപ്പെടുന്നത്. 2019ൽ ന്യുയാർക്ക് സിറ്റിയിലെ ട്രംപ് ടവറിൽ നിന്ന് മാരലഗോയിലേക്ക് ട്രംപ് താമസം മാറ്റിയിരുന്നു. പത്ത് ദശലക്ഷം ഡോളർ വിലക്ക് 1985ലാണ് ട്രംപ് മാരലഗോയിലെ ബംഗ്ലാവ് വാങ്ങുന്നത്. 128 മുറികളുള്ള ഈ മാളിക 1927ലാണ് നിർമിക്കുന്നത്. 20 ഏക്കറിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
20,000 ചതുരശ്രയടിയുള്ള ബാൾറൂം, അഞ്ച് ക്ലേ ടെന്നീസ് കോർട്ടുകൾ, നീന്തൽക്കുളം എന്നിവയെല്ലാം ഇവിടെയുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിന്റെ കാഴ്ചകൾ ലഭ്യമായ മാരലഗോ ബംഗ്ലാവ് ഫ്ലോറിഡയിലെ രണ്ടാമത്തെ വലിയ കെട്ടിടമാണ്. വാങ്ങിയ ശേഷം ട്രംപ് അറ്റകുറ്റപണികൾ കൂടി നടത്തിയതിനാൽ ഇപ്പോൾ 160 ദശലക്ഷം ഡോളർ ആണ് ഇതിന് ഫോർബ്സ് വിലയിട്ടിരിക്കുന്നത്.
ഇവിടെയുള്ള ക്ലബിൽ മെമ്പർഷിപ്പ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അതേസമയം, ഇതൊരു സ്ഥിരം വസതിയാക്കുന്നതിനെ സമീപവാസികൾ ചോദ്യം ചെയ്യുന്നെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതൊരു സോഷ്യൽ ക്ലബ് ആയതിനാൽ 1993ലെ ഒരു കരാർ പ്രകാരം ആരെങ്കിലും സ്ഥിരമായി താമസിക്കുന്നത് അനുവദനീയമല്ലെന്നാണ് അവർ പറയുന്നത്. ഇത് ചൂണ്ടിക്കാട്ടി പാം ബീച്ച് നിവാസികൾ അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് സിബിഎസ് ന്യൂസ് ഡോട്ട്കോം റിപ്പോർട്ട് ചെയ്യുന്നു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.