മുഗ്റഖ (ഗസ്സ): ഗസ്സയിൽ രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചക്ക് കളമൊരുങ്ങുന്നതിനിടെ വിവാദ പ്രസ്താവന കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗസ്സ വാങ്ങാനും സ്വന്തമാക്കാനും താൻ പ്രതിജ്ഞാബദ്ധമാണ്. ഗസ്സ പുനർനിർമിക്കുമ്പോൾ ഒരു ഭാഗം മിഡിലീസ്റ്റിലെ രാജ്യങ്ങൾക്ക് നൽകാം. ഞങ്ങളുടെ പിന്തുണയോടെ മറ്റുള്ളവർക്കും പുനർനിർമിക്കാം. എന്നാൽ, അവകാശം ഞങ്ങൾക്കാകും. ഹമാസ് തിരിച്ചുവരില്ലെന്ന് ഉറപ്പുവരുത്തും. തകർന്ന ഗസ്സ ജനവാസ യോഗ്യമല്ല. സുരക്ഷിത സ്ഥലത്ത് വീട് നൽകിയാൽ അവർ തിരിച്ചുവരാൻ ആഗ്രഹിക്കില്ല. മോചിപ്പിക്കുന്ന ബന്ദികളെ കാണുമ്പോൾ വംശഹത്യയുടെ ഇരകളെ പോലെ തോന്നുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിന്റെ പ്രസ്താവനയെ ഹമാസ് അപലപിച്ചു. മണ്ടത്തവും ഫലസ്തീനെയും ഈ മേഖലയെയും കുറിച്ചുള്ള അങ്ങേയറ്റത്തെ അജ്ഞതയുമാണ് ഇതിൽ പ്രതിഫലിക്കുന്നതെന്ന് ഹമാസ് നേതാവ് ഇസ്സത്ത് അൽ റിശ്ഖ് പ്രതികരിച്ചു. വാങ്ങാനും വിൽക്കാനും ഗസ്സ റിയൽ എസ്റ്റേറ്റ് ഭൂമിയല്ല. റിയൽ എസ്റ്റേറ്റ് വിൽപനക്കാരന്റെ മനസ്സുമായി വന്നാൽ പരാജയപ്പെടുത്തും. ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഏതു നീക്കത്തെയും ജനം വിഫലമാക്കും.
അതേസമയം, പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ ഫെബ്രുവരി 27ന് അടിയന്തര അറബ് ഉച്ചകോടി വിളിക്കുമെന്ന് ഈജിപ്ത് വ്യക്തമാക്കി. അതിനിടെ, രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചക്കായി ഖത്തറിലുള്ള ഇസ്രായേൽ പ്രതിനിധി സംഘം മടങ്ങുകയാണെന്ന വിവരം പുറത്തുവന്നു. ചർച്ചകളിൽ പുരോഗതി ഇല്ലാത്തതിനാലാണ് മടക്കം. ഏറ്റവും അവസാനം വിട്ടയക്കപ്പെട്ട ബന്ദികളുടെ മോശം ആരോഗ്യാവസ്ഥ സംബന്ധിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെയും ട്രംപിന്റെയും വിമർശനങ്ങളുടെ സാഹചര്യത്തിൽ കൂടിയാണിത്. വിഷയം ചർച്ച ചെയ്യാൻ ഇസ്രായേൽ മന്ത്രിസഭ ചൊവ്വാഴ്ച യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.