വാഷിങ്ടൺ: ഇന്ത്യക്കും ചൈനക്കും അധിക തീരുവ ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ട്രംപ് ഇക്കാര്യം സൂചിപ്പിച്ചിരുന്നു. ശനിയാഴ്ചയും ഡോണൾഡ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ചൈനക്കും ഇന്ത്യക്കും അധിക തീരുവ ചുമത്തും. അവർ ഞങ്ങൾക്ക് ചുമത്തുന്ന തീരുവയാകും തിരിച്ചും ഈടാക്കുക. അവരും ഈടുക്കുന്ന അതേ രീതിയിൽ ഞങ്ങളും തീരുവ ഈടാക്കുമെന്ന് ഡോണാൾഡ് ട്രംപ് ശനിയാഴ്ച പറഞ്ഞു. ഇതിന് മുമ്പ് ഞങ്ങൾ ഇങ്ങനെ ചെയ്തിട്ടില്ല. എന്നാൽ, ഇപ്പോൾ അധിക തീരുവ ചുമത്താൻ തയാറെടുക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അധിക തീരുവ ചുമത്തുന്നതിൽ നിന്ന് ഇന്ത്യക്ക് ഒരു ഇളവുമുണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചുവെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇലോൺ മസ്കുമൊത്ത് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പരാമർശം. നിങ്ങൾ ചുമത്തുന്ന അതേ തീരുവ ഇന്ത്യക്കുമേൽ ഞങ്ങളും ചുമത്തുമെന്ന് മോദിയെ അറിയിച്ചുവെന്ന് ട്രംപ് അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം, ബ്രിക്സ് കൂട്ടായ്മയേയും വിമർശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. 150 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഇന്ത്യ ഉൾപ്പെടുന്ന ബ്രിക്സ് സംഘടനയെ കാണാതായെന്നാണ് ട്രംപ് പറഞ്ഞത്. ബ്രിക്സ് ഡോളറിനെ തകർക്കാനാണ് ശ്രമിച്ചത്. ഇതിന് പകരം പുതിയ കറൻസി സൃഷ്ടിക്കാനായിരുന്നു അവരുടെ ശ്രമം.
താൻ അധികാരത്തിലെത്തിയപ്പോൾ ഡോളറിനെ തകർക്കാൻ ശ്രമിക്കുന്നവർക്ക് 150 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തി. ബ്രിക്സ് രാജ്യങ്ങളുടെ ഉൽപന്നങ്ങൾ വേണ്ടെന്നും പറഞ്ഞു. ഇതോടെ സംഘടന തകർന്നുവെന്ന് ട്രംപ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.