ഗസ്സ: തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അൽ ജസീറ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. സാമിർ അബൂദാഖയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഫർഹാന സ്കൂളിൽ നിന്ന് ഫലസ്തീനികൾക്ക് നേരെയുള്ള ബോംബാക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഇസ്രായേൽ ആക്രമണമുണ്ടായത്. സാമിറിനൊപ്പം ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു മാധ്യമപ്രവർത്തകനായ വാഇൽ ദഹ്ദൂഹ് ആശുപത്രിയിൽ ചികിത്സയിലാണ്. ദഹ്ദൂഹിന്റെ പരിക്ക് ഗുരുതരമാണെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
പരിക്കേറ്റ് കിടന്ന സാമിറിനടുത്തേക്ക് പോയ ആംബുലൻസിന് നേരെയും ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണമുണ്ടായി. ഏറെ നേരം ചോരവാർന്ന് റോഡിൽ കിടന്ന സാമിറിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അൽ ജസീറ കാമറമാന്റെ മരണത്തെ തുടർന്ന് കടുത്ത പ്രതിഷേധമാണ് ഇസ്രായേലിനെതിരെ ഉയരുന്നത്. ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന 57ാമത്തെ മാധ്യമപ്രവർത്തകനാണ് അബുദാഖ.അബുദാഖയുടെ മരണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ അൽ ജസീറ, അന്താരാഷ്ട്ര സമൂഹവും നീതിന്യായ കോടതിയും വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 18,787 ആയി ഉയർന്നു. അതിനിടെ ഗസ്സയിൽ വീണ്ടും വാർത്താവിനിമയ ബന്ധം തകരാറിലായെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.