തുടർച്ചയായ യുദ്ധവും സംഘർഷവും; ഇസ്രായേൽ ജനതയിൽ മൂന്നിലൊന്നും കടുത്ത മാനസിക സംഘർഷത്തിലെന്ന് പഠനം

തെൽ അവീവ്: 2023 മുതൽ തുടരുന്ന യുദ്ധങ്ങളും സംഘർഷങ്ങളും കാരണം ഇസ്രായേൽ സൈനികർ ഗുരുതര മാനസിക സമ്മർദം നേരിടുകയാണെന്ന് റിപ്പോർട്ട്. സൈനികരിൽ ആത്മഹത്യാ നിരക്ക് ഉയരുന്നതിനൊപ്പം പോസ്റ്റ്-ട്രോമാറ്റിക് സ്ട്രസ് ഡിസോർഡർ, വിഷാദം, ഭയം എന്നിവക്ക് അടിമപ്പെട്ടിരിക്കുകയാണെന്നും പഠനങ്ങൾ പറയുന്നു.

ഇസ്രായേൽ പ്രതിരോധ സേനയിലെ സൈനികരും റിസർവ് ഉദ്യോഗസ്ഥരും നേരിടുന്ന മാനസിക സംഘർഷം അതിരൂക്ഷമാണ്. ഗാസ, സിറിയ, ലബനാൻ, മറ്റ് അയൽ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ദീർഘകാല യുദ്ധവിന്യാസവും കടുത്ത പോരാട്ടങ്ങളും സൈന്യത്തിന്റെ മാനസിക വീര്യത്തെ തകിടം മറിച്ചിട്ടുണ്ട്. ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, യുദ്ധം ആരംഭിച്ചതിനുശേഷം സൈനികരിലെ പി.ടി.എസ്.ഡി രോഗനിർണയത്തിൽ ഏകദേശം 40 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരും വർഷങ്ങളിൽ ഇത് 180 ശതമാനം വരെ ഉയർന്നേക്കാമെന്നാണ് പ്രവചനം.

പ്രമുഖ ആരോഗ്യ സേവന ശൃംഖലയായ 'മക്കാബി' നടത്തിയ സർവേ പ്രകാരം, രാജ്യത്തെ മൂന്നിലൊന്ന് ജനങ്ങളും തങ്ങൾക്ക് അടിയന്തരമായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം ആവശ്യമാണെന്ന് തുറന്നു സമ്മതിക്കുന്നു. മാനസികാരോഗ്യ പ്രശ്നങ്ങൾ കാരണം എത്ര സൈനികരെ സേവനത്തിൽ നിന്ന് ഒഴിവാക്കിയെന്ന വിവരം നിയമപരമായ ബാധ്യത ഉണ്ടായിട്ടും സയണിസ്റ്റ് ഭരണകൂടം പുറത്തുവിട്ടിട്ടില്ലെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ മാസം ആദ്യം, ഇസ്രയേലിന്റെ പാരാ മെഡിക്കൽ സർവിസായ മഗൻ ഡേവിഡ് അഡോം ആരംഭിച്ച മാനസികാരോഗ്യ എമർജൻസി സേവനത്തിൽ, ലഭിക്കുന്ന ഫോൺകോളുകളിൽ 45 ശതമാനം വർധനവാണ് രേഖപ്പെടുത്തിയതെന്നും അതിൽ ഭൂരിഭാഗവും ഭരണകൂടത്തിന്റെ തുടരുന്ന വിവിധ യുദ്ധങ്ങളുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളാണെന്ന് അറിയിച്ചിട്ടുണ്ട്.

സൈനികർക്കിടയിലെ ആത്മഹത്യകൾ ആശങ്കാജനകമായ രീതിയിൽ വർധിച്ചതായാണ് കണക്കുകൾ പറയുന്നത്. 2024ലെ കണക്കുകൾ പ്രകാരം, ആത്മഹത്യ ചെയ്ത സൈനികരിൽ 78 ശതമാനവും വിവിധ യുദ്ധമുഖങ്ങളിൽ നേരിട്ട് പങ്കെടുത്തവരാണ്. ഗാസ, അധിനിവേശ വെസ്റ്റ് ബാങ്ക്, ലബനാൻ എന്നിവിടങ്ങളിലെ യുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് 'ദി ജറുസലേം പോസ്റ്റ്' റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യുദ്ധം കേവലം അതിർത്തികളിൽ ഒതുങ്ങുന്നില്ല, ഇസ്രായേലിലെ സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും അത് സാരമായി ബാധിച്ചിരിക്കുന്നു. തുടർച്ചയായ റോക്കറ്റ് ആക്രമണ ഭീഷണികളും സൈനിക നടപടികളെക്കുറിച്ചുള്ള വാർത്തകളും ജനങ്ങളെ കടുത്ത ഉത്കണ്ഠയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. രാജ്യത്ത് ഗാർഹിക പീഡനങ്ങളും വിഷാദം,സമ്മർദ്ദം തുടങ്ങിയ മാനസികാരോഗ്യ അവസ്ഥകളും വർധിക്കാനും കാരണമായി.

ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് മേയ് അവസാനത്തോടെ ഈ പ്രവണതയെ പരോക്ഷമായി അംഗീകരിക്കുന്ന തരത്തിൽ പ്രതികരിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, യുദ്ധം കളം വിട്ടാലും ഇസ്രായേൽ ജനതയെ പതിറ്റാണ്ടുകളോളം വേട്ടയാടാൻ പോകുന്ന വലിയൊരു മാനസികാരോഗ്യ ദുരന്തത്തിലേക്കാണ് രാജ്യം നീങ്ങുന്നത്.

Tags:    
News Summary - Continuous war and conflict: Study finds one-third of Israelis suffer from severe psychological stress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.