66 വിദ്യാർഥികളുമായി പോയ ബസിൽ ഡ്രൈവർക്ക് ബോധം പോയി; രക്ഷകനായി ഏഴാം ക്ലാസുകാരൻ- വിഡിയോ വൈറൽ

വിദ്യാർഥികളെ സുരക്ഷിതമായി വീട്ടിലെത്തിക്കേണ്ട ബസിൽ യാത്രക്കിടെ ഡ്രൈവർക്ക് ബോധം നഷ്ടപ്പെട്ടാൽ എന്തു സംഭവിക്കും? അപകടമുറപ്പ്. വാഹനം വഴിതെറ്റി മറിഞ്ഞോ മറ്റ് വാഹനങ്ങളിൽ ഇടിച്ചോ വൻ ദുരന്തമാകും സംഭവിക്കുക. അമേരിക്കൻ നഗരമായ മിഷിഗണിലും കഴിഞ്ഞ ദിവസമുണ്ടായത് സമാന സംഭവം. ഇവിടെ വഴിമാറി ദുരന്തത്തിലേക്ക് നീങ്ങുമെന്നായ ഘട്ടത്തിൽ പക്ഷേ, പിന്നിൽനിന്ന് ഒരു ബാലൻ ഓടിയെത്തി വാഹനം നിർത്തി എല്ലാവരുടെയും രക്ഷകനായതാണ് വാർത്ത. സമൂഹ മാധ്യമങ്ങളിലെത്തിയ ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ അതിവേഗമാണ് വൈറലായത്.

60ലേറെ വിദ്യാർഥികൾ കയറിയ ബസ് നിരത്തിലൂടെ വേഗത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് ഡ്രൈവർക്ക് ബോധം നഷ്ടമാകുന്നത്. നിയന്ത്രണം വി​ട്ട് വാഹനം എതിർദി​ശയിലേക്ക് നീങ്ങുന്നത് മനസ്സിലാക്കിയ ഏഴാം ക്ലാസുകാരനായ ബാലൻ അതിവേഗം ഓടിയെത്തി സ്റ്റിയറിങ് നിയന്ത്രിച്ച് വാഹനം നിർത്തുന്നു. പൊലീസിനെ 911 നമ്പറിൽ വിളിക്കാൻ ബാലൻ ഉറക്കെ വിളിച്ചുപറയുന്നതും വിഡിയോയിൽ കേൾക്കാം. അഞ്ചു സീറ്റ് പിറകിൽനിന്നാണ് ഓടിയെത്തി ദുരന്ത മുഖത്ത് ഡില്ലൻ എന്ന ബാലൻ 66 പേരുടെ ജീവൻ രക്ഷിച്ചത്.

ബോധം നഷ്ടമാകുന്നതിന് തൊട്ടുമുമ്പ് ഡ്രൈവർ അധികൃതർക്ക് അപകട സൂചന നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. ഉടൻ സ്ഥല​ത്തെത്തിയ അധികൃതർ തുടർ നടപടികൾ സ്വീകരിച്ച് ബസിലുണ്ടായിരുന്നവരെ മറ്റൊരു വാഹനത്തിൽ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു.

സംഭവത്തോടെ ഹീറോ ആയി മാറിയ ഡില്ലനെ പിന്നീട് സ്കൂളിൽ പ്രത്യേക പരിപാടിയിൽ അനുമോദിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. 

Tags:    
News Summary - Class 7 Student In US Jumps Into Action To Save Others As Bus Driver Falls Unconscious

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.