ഗസ്സ തെരുവിൽ നിന്ന്
ഗസ്സ: രണ്ടു വർഷം നീണ്ടു നിന്ന ഇസ്രായേൽ വംശഹത്യക്ക് വെടിനിർത്തൽ കരാറോടെ അന്ത്യമാവുമെന്ന ആശ്വാസത്തിനിടെ ഗസ്സയയിൽ ഞായറാഴ്ച വീണ്ടും വെടിയൊച്ചകൾ.
ഇസ്രായേൽ സൈന്യം പിൻവാങ്ങി തുടങ്ങിയതിനു പിന്നാലെയാണ് ഗസ്സയിലെ അധിനിവേശ സേനാ പിന്തുണയുള്ള സായുധ ഗോത്ര വിഭാഗമായ ‘ ദഅ്മുഷ്’ ഹമാസുമായി ഏറ്റുമുട്ടിയത്. സംഘർഷത്തിൽ എട്ട് ഹമാസ് അംഗങ്ങൾ ഉൾപ്പെടെ 27 പേർ കൊല്ലപ്പെട്ടതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. ശേഷിച്ച 19 പേർ ദഅ്മുഷ് ഗോത്ര വിഭാഗത്തിൽ നിന്നുള്ള കൂലിപ്പടയിലെ അംഗങ്ങളാണ്. മാധ്യമ പ്രവർത്തകൻ സാലിഹ് അൽ ജഫറാവിയും ഈ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
താമസ കേന്ദ്രങ്ങളും ആശുപത്രിയും സ്കൂളുകളും മുതൽ മുഴുവൻ അടിസ്ഥാന സൗകര്യങ്ങളും തകർത്തും 65,000പേരെ കൊന്നൊടുക്കിയുമുള്ള ഇസ്രായേലിന്റെ വംശഹത്യ അവസാനിപ്പിച്ച ആശ്വാസത്തിനിടെയാണ് ഗസ്സയിൽ ആഭ്യന്തര സംഘർഷം റിപ്പോർട്ട് ചെയ്യുന്നത്.
മൂന്നു ദിവസം മുമ്പാണ് വെടിനിർത്തൽ പ്രഖ്യാപനം പ്രാബല്ല്യത്തിൽ വന്നത്. ഇതിനു പിന്നാലെ, അതിർത്തികളിലേക്കും അഭയാർഥി ക്യാമ്പുകളിലേക്കും പലായനം ചെയ്യപ്പെട്ട പതിനായിരങ്ങൾ വീടുകളിലേക്ക് തിരിച്ചെത്തുന്നതിനിടെയാണ് ഇസ്രായേൽ സൈന്യത്തിന്റെ പിന്തുണയുള്ള ഗോത്ര വിഭാഗങ്ങൾ ആയുധമെടുത്ത് ചെറുത്തുനിൽപിന് നേതൃത്വം നൽകിയ ഹമാസിനെതിരെ തിരിയുന്നത്. വീടുകളിലേക്ക് തിരികെയെത്തുന്ന ഗസ്സ നിവാസികളെ ആശങ്കപ്പെടുത്തുന്നതാണ് ആഭ്യന്തര സംഘർഷം.
തെക്കൻ ഗസ്സയിലെ തെൽ അൽ ഹവ ജോർഡനിയൻ ആശുപത്രിക്കു സമീപത്തായിരുന്നു ഞായറാഴ്ച ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തത്. ഗസ്സയിലെ പ്രബല ഗോത്ര വിഭാഗമായ ‘ദഅ്മുഷ്’ ഹമാസുമായി നേരത്തെയും സംഘർഷത്തിൽ ഏർപ്പെട്ടിരുന്നു. ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളിൽ ഹമാസാണ് ഉത്തരവാദികൾ എന്ന നിലയിൽ ആരോപണവുമായും ഇവർ രംഗത്തു വന്നിരുന്നു. സൈന്യം പിൻമാറ്റം തുടങ്ങിയതോടെ ആയുധങ്ങളുമായി ഗോത്ര സായുധ സംഘം വീണ്ടും രംഗത്തു വരികയായിരുന്നു. ഇസ്രായേൽ പിന്തുണയും സംഘത്തിനുണ്ട്.
രണ്ടു വർഷമായി ഗസ്സയിൽ വംശഹത്യ നടത്തുന്നതിനിടെ ഹമാസിനെ ചെറുക്കാൻ നിരവധി പ്രദേശിക കൂലിപ്പടയെയാണ് ഇസ്രായേൽ വളർത്തിയെടുക്കുന്നത്. അതിൽ ഒന്നാണ് തെക്കൻ ഗസ്സയിലെ പ്രബല കുടുംബായ ‘ദഅ്മുഷ്’ ഗോത്രത്തെ കൂടുതൽ ആയുധങ്ങൾ നൽകി തോക്കെടുപ്പിച്ചത്.
യുദ്ധാനന്തരം സൈനിക പിന്മാറ്റം ആരംഭിക്കുമ്പോൾ ഗസ്സയിൽ വളഞ്ഞവഴിയിൽ നിയന്ത്രണം ഉറപ്പിക്കുക എന്ന ഇസ്രായേൽ തന്ത്രത്തിന്റെ ഭാഗമാണ് വൻതുക മുടക്കിയുള്ള കൂലിപ്പടയാളികൾ. കരാറിന്‍റെ ഭാഗമായി ഹമാസ് മുഖ്യധാരയിൽ നിന്ന് പിൻമാറുകയും രാജ്യാന്തര സംവിധാനം ഭരണത്തിലേക്ക് വരികയും ചെയ്യുമ്പോൾ താഴെതട്ടിൽ സ്വാധീനം ഉറപ്പിക്കാനാണ് ഇതുവഴി ഇസ്രയേലിന്‍റെ നീക്കം. അതിനായി ചില സായുധ ഗ്രൂപ്പുകളെ പണവും ആയുധവും സന്നാഹങ്ങളും നൽകി വളർത്തുകയാണ്.
താൽകാലികമായി ഹമാസ് കളംവിട്ടാലും അടിത്തട്ടിൽ അവരുടെ സ്വാധീനം എന്തായാലും തുടരുക തന്നെ ചെയ്യുമെന്ന് ഇസ്രയേൽ കണക്കുകൂട്ടുന്നു. അഭയാർഥി ക്യാമ്പുകളിലും നിരത്തുകളിലും മറ്റിടങ്ങളിലുമെല്ലാം ഹമാസിന്‍റെ സാന്നിധ്യം നിലനിൽക്കും. പുറത്തുനിന്ന് അടിച്ചേൽപ്പിക്കുന്ന ഭരണക്രമത്തിനൊന്നും സമൂഹത്തിലുള്ള ഹമാസിന്‍റെ നിലയെ തകർക്കാനുമാകില്ല. ഹമാസിന്‍റെ ഈ മേൽക്കൈ പൊളിക്കുകയാണ് ലക്ഷ്യം. അതിന് ഹമാസിനെ അവരുടെ മടയിൽ നേരിടാൻ പ്രാപ്തിയുള്ള സായുധ സംഘങ്ങൾ വേണം.
സ്കൈ ന്യൂസ് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ട് പ്രകാരം മുൻ കൊള്ളക്കാരുടെ ഒരു ഗ്യാങിനെയാണ് ഇസ്രയേൽ വിലക്കെടുത്തിരിക്കുന്നത്. യാസർ അബു ശബാബ് എന്നയാൾ നേതൃത്വം നൽകുന്ന ഈ സംഘത്തിന് ഇസ്രയേൽ പണവും ആയുധവും നൽകുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു. സ്കൈ ന്യൂസിന്‍റെ പുതിയ റിപ്പോർട്ട് പ്രകാരം യു.എസ് ഫണ്ടിങിൽ പ്രവർത്തിക്കുന്ന ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്‍റെ (ജി.എച്ച്.എഫ്) മറവിൽ അബുശബാബിന്‍റെ സംഘത്തിന് സഹായം നൽകുന്നുവെന്നാണ് കണ്ടെത്തൽ. വൻതോതിൽ പണവും തോക്കുകളും വാഹനങ്ങളും ഈ ചാനൽ വഴി ഐ.ഡി.എഫ് ഇവർക്കെത്തിച്ചു നൽകുന്നു.
യുദ്ധാനന്തരം ഗസ്സയെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് ഇസ്രയേൽ പയറ്റുന്നതെന്നാണ് ആക്ഷേപം. വടക്കൻ ഗസ്സയോളം നാശം സംഭവിക്കാത്ത തെക്കൻ മേഖല കേന്ദ്രീകരിച്ചാണ് നിലവിൽ ഈ സംഘം പ്രവർത്തിക്കുന്നത്. ഗസ്സക്കാർ പട്ടിണി കിടക്കുമ്പോൾ ഈ സംഘത്തിനും അവർ നിയന്ത്രിക്കുന്ന പ്രദേശത്തും കൃത്യമായി ഭക്ഷണവും വൈദ്യസഹായവുമൊക്കെ ലഭിക്കുന്നു. നിലവിൽ ചെറിയൊരു പ്രദേശത്താണ് അവരുടെ സ്വാധീനമുള്ളത്. ഇസ്രയേലിൽ നിന്നുള്ള അതിർത്തി കവാടമായ കരെം ഷലോമിൽ (കരീം അബു സലിം) നിന്ന് ഗസ്സയിലേക്ക് ട്രക്കുകൾ വരുന്ന വഴിയിലാണ് ഈ പ്രദേശം. ട്രക്കുകൾ കൊള്ളയടിക്കാനും ഒരു പരിധിവരെ സഹായ വിതരണത്തെ നിയന്ത്രിക്കാനും നിലവിൽ ഇവർക്ക് കഴിയുന്നതും ഈ പ്രദേശത്തിന്‍റെ തന്ത്രപ്രധാനമായ കിടപ്പു കാരണമാണ്.
ഇവിടെ സ്കൂളും പള്ളിയും വരെ പ്രവർത്തിക്കുന്നു. ഏതാണ്ട് 1,500 പേരാണ് ഇവിടെയുള്ളത്. അതിൽ 500-700 പേർ സായുധരാണ്. സംഘം അടുത്തിടെ നടത്തിയ റിക്രൂട്ട്മെന്റ് കാമ്പയിനെ തുടർന്ന് എത്തിയവരാണ് ബഹുഭൂരിപക്ഷവും. ഭക്ഷണവും കാശും സുരക്ഷയും ലഭിക്കുന്നത് കാരണം ഇവർക്കൊപ്പം കൂടിയതാണ് മിക്കവരും. ഗസ്സയിലെങ്ങുമായി 3,000 ഓളം പേർ ഈ സംഘത്തിലുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ഇവർ ഭക്ഷണവും മറ്റുമായി വരുന്ന ട്രക്കുകൾ കൊള്ളയടിക്കുന്നതായി ഏതാനും മാസങ്ങൾക്ക് മുമ്പ് യു.എന്നിന്‍റെ റിപ്പോർട്ട് ഉണ്ടായിരുന്നു. സിഗരറ്റ് കടത്താണ് സംഘത്തിന്‍റെ പ്രധാന വരുമാന മാർഗങ്ങളിലൊന്ന്. നിലവിൽ ഗസ്സയിലേക്ക് പുകയില ഉൽപ്പന്നങ്ങളുടെ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ വൻ വിലയാണ് സിഗരറ്റിന്. ചിലയിടങ്ങളിൽ ഒരൊറ്റ സിഗരറ്റിന് 20 ഡോളർ വരെ ഈടാക്കിയതായി സ്കൈ ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.
സ്കൈ ന്യൂസിനോട് സംസാരിച്ച ഒരു ഐ.ഡി.എഫ് സൈനികൻ, തങ്ങൾ യാസർ അബുശബാബിന്‍റെ സംഘത്തെ സഹായിക്കുന്ന കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഈ സംഘവും ഇസ്രയേലി വ്യോമസേനയും മറ്റ് ഹമാസ് വിരുദ്ധ ഗ്രൂപ്പുകളും സഹകരിച്ച് പ്രവർത്തിക്കുന്നതിന്‍റെ വിശദാംശങ്ങളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ഏപ്രിൽ 13 ന് റഫയിൽ ഈ സംഘത്തിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണം ഉണ്ടായ വീട് തൊട്ടടുത്ത ദിവസം ഇസ്രയേൽ ബോംബിട്ട് തകർത്ത് പകരം വീട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.