കൂട്ടിയിടിയുടെ അടുത്തെത്തി ചൈനീസ് -യു.എസ് യുദ്ധക്കപ്പലുകൾ; ചൈന പ്രകോപനം സൃഷ്ടിക്കുന്നുവെന്ന് യു.എസ്

ബെയ്ജിങ്: ചൈനീസ് -യു.എസ് യുദ്ധക്കപ്പലുകൾ ശനിയാഴ്ച കൂട്ടിയിടിയുടെ അരികിലെത്തി. തായ്‍വാൻ കടലിടുക്കിലൂടെ അമേരിക്കൻ കപ്പലിന് 137 മീറ്റർ മുന്നിലായി ചൈനീസ് കപ്പൽ കുറുകെ കടക്കുകയായിരുന്നു. കൂട്ടിയിടി ഒഴിവാക്കാൻ യു.എസ് കപ്പൽ വേഗം കുറച്ചു.

പത്തുദിവസത്തിനിടെ രണ്ടാം തവണയാണ് ഏഷ്യ-പസഫിക് മേഖലയിൽ അമേരിക്കൻ-ചൈന സൈനികർ വെല്ലുവിളിക്ക് സമാനമായ നീക്കം നടത്തുന്നത്. ചൈന നടത്തിയത് പ്രകോപനവും സുരക്ഷക്ക് വെല്ലുവിളി ഉയർത്തുന്ന നീക്കവുമാണെന്ന് യു.എസ് കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമം അനുവദിക്കുന്ന എവിടെയും യുഎസ് സൈന്യം കപ്പലോടിക്കുമെന്നും ചൈനയിൽ നിന്നുള്ള ഭീഷണിയുടെയോ ബലപ്രയോഗത്തിന്റെയോ മുന്നിൽ വാഷിങ്ടൺ പതറില്ലെന്നും യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.

‘ബെയ്ജിങ് സ്വന്തം പ്രദേശമാണെന്ന് അവകാശപ്പെടുന്ന സ്വയംഭരണ പ്രദേശമായ തായ്‍വാനിൽ തൽസ്ഥിതി നിലനിർത്താൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. എന്നാൽ, തായ്‍വാൻ കടലിടുക്കിലൂടെയും ദക്ഷിണ ചൈന കടലിടുക്കിലൂടെയും സ്ഥിരമായി കപ്പലോടിക്കുകയും അത് അന്താരാഷ്ട്ര ജലപാതയാണെന്ന് ഊന്നിപ്പറയുകയും ചെയ്യും -ഓസ്റ്റിൻ കൂട്ടിച്ചേർത്തു.

ചൈന -യു.എസ് ഏറ്റുമുട്ടൽ ലോകത്തിന് താങ്ങാനാകില്ല -ചൈനീസ് മന്ത്രി

സിംഗപ്പൂർ: ചൈനയും യു.എസും ഏറ്റുമുട്ടിയാൽ ലോകത്തിന് താങ്ങാൻ കഴിയാത്ത ദുരന്തമാകുമെന്ന് ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫു പറഞ്ഞു. സിംഗപ്പൂരിൽ ‘ഷാന്‍ഗ്രില’ പ്രതിരോധ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഷ്യ പസഫിക് മേഖലയിൽ നാറ്റോ പോലുള്ള സൈനിക സഖ്യങ്ങൾ വരുന്നതിനെതിരെ ലി ഷാങ്ഫു മുന്നറിയിപ്പ് നൽകി. ‘ ചില രാജ്യങ്ങൾ ആയുധക്കച്ചവട മത്സരത്തിനിറങ്ങുകയും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുകയുമാണ്. തർക്കങ്ങളുടെയും സംഘട്ടനങ്ങളുടെയും ചുഴലിക്കാറ്റിലേക്ക് ഈ മേഖലയെ അവർ തള്ളിയിടുകയാണ്. അമേരിക്കയുമായി സംഭാഷണത്തിന് ബെയ്ജിങ് ശ്രമിക്കുന്നു. യു.എസിനും ചൈനക്കും ഒരുമിച്ച് വളരാൻ ലോകം പര്യാപ്തമാണ്’. -അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Chinese-US warships come close to collision; US Says China Provokes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.