‘ലോകത്തിന് കാട്ടുനീതിയിലേക്ക് മടങ്ങിപോകാനാകില്ല...’; ഇറാനിലെ ഭരണമാറ്റ നീക്കങ്ങളെ എതിർത്ത് ചൈന

ബെയ്ജിങ്: ഇറാനിലെ ഭരണമാറ്റ നീക്കങ്ങളെ ശക്തമായി എതിർത്ത് ചൈന. അമേരിക്കയുടെയും ഇസ്രായേലിന്‍റെയും അത്തരമൊരു നീക്കത്തിന് ജനപിന്തുണ ലഭിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ മുന്നറിയിപ്പ് നൽകി.

ബെയ്ജിങ്ങിൽ വാർഷിക സമ്മേളനത്തിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാൻ ഉൾപ്പെടെ എല്ലാ രാജ്യങ്ങളുടെയും പരമാധികാരം മാനിക്കണം. മിഡിൽ ഈസ്റ്റിൽ സംഘർഷം വ്യാപിക്കുന്നത് ഒഴിവാക്കാൻ സൈനിക നടപടികൾ ഉടൻ നിർത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത യുദ്ധമായിരുന്ന, ആർക്കും ഗുണം ചെയില്ല.

ബലപ്രയോഗത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല; സായുധ സംഘർഷം കൊണ്ട് വിദ്വേഷം വർധിപ്പിക്കാനും പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കാനും മാത്രമേ കഴിയൂ. മിഡിൽ ഈസ്റ്റിലെ ജനങ്ങളാണ് ഈ മേഖലയുടെ യഥാർഥ അധിപന്മാർ, ഈ മേഖലയുടെ കാര്യങ്ങൾ അവിടുത്തെ രാജ്യങ്ങൾ സ്വതന്ത്രമായി തീരുമാനിക്കണം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ലോകത്തിന് ഇനി കാട്ടുനീതിയിലേക്ക് മടങ്ങിപോകാനാകില്ല. സംഭാഷണത്തിലൂടെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുമായി എല്ലാ കക്ഷികളും ഉടൻ ചർച്ചയിലേക്ക് മടങ്ങണം. മധ്യപൂർവേഷ്യയുടെ സുസ്ഥിരക്കും ജനങ്ങളുടെ സമാധാനത്തിനും മേഖലയിലെ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വധത്തെയും ഇറാനുനേരെയുള്ള ആക്രമണത്തെയും ശക്തമായി അപലപിച്ച് ചൈന രംഗത്തുവന്നിരുന്നു. ആണവ ഭീഷണി പറഞ്ഞാണ് ഇറാനിലെ സൈനിക നടപടിയെ യു.എസും ഇസ്രായേലും ന്യായീകരിക്കുന്നതെങ്കിലും ഇരുവരുടെയും യഥാർഥ ലക്ഷ്യം ഇറാനിൽ ഭരണമാറ്റമാണ്.

"നിങ്ങളുടെ രാജ്യത്തിന്റെ ഭരണം നിങ്ങൾതന്നെ ഏറ്റെടുക്കുക" എന്ന് ട്രംപ് ഇറാനിലെ ജനങ്ങളോട് നേരിട്ട് ആഹ്വാനം ചെയ്തിരുന്നു . "വിധി സ്വന്തം കൈകളിലെടുക്കാൻ" ജനങ്ങൾക്ക് തങ്ങൾ സാഹചര്യം ഒരുക്കുകയാണെന്നാണ് നെതന്യാഹു പ്രഖ്യാപിച്ചത്. അതേസമയം, കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പിൻഗാമിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ടുകളുണ്ട്. അസംബ്ലി ഓഫ് എക്സ്പേർട്സിലെ (മജ്‍ലിസ് ഖുബ്റാഅ്) അംഗങ്ങൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ, ആരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

ഖാംനഈയുടെ മകൻ മുജ്തബ ഖാംനഈയുടെ പേര് നേരത്തെ തന്നെ പിൻഗാമിയായി ഉയർന്നുവന്നിരുന്നു. ഖാംനഈയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പൂർത്തിയായെന്നും ധാരണയിലെത്തിയെന്നും പണ്ഡിത സമിതി അംഗമായ അഹ്മദ് അലമോൽഹോദയെ ഉദ്ധരിച്ച് വിവിധ ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ പരമോന്നത നേതാവിന്‍റെ പേര് സമിതി സെക്രട്ടറിയേറ്റ് പ്രഖ്യാപിക്കും.

മുജ്തബ ഇറാന്‍റെ പരമോന്നത നേതാവാകുമെന്നാണ് സമിതിയിലെ മറ്റു അംഗങ്ങളും നൽകുന്ന സൂചന. ഇറാന്റെ സൈനിക വിഭാഗമായ ഐ.ആർ.ജി.സി ഉൾപ്പെടെയുള്ളവർക്ക് മുജ്തബയുടെ വരവിനോടാണ് താൽപര്യം. അസംബ്ലി ഓഫ് എക്സ്പേർട്സിലെ ഭൂരിഭാഗം അംഗങ്ങളുടെയും അംഗീകാരത്തോടെ യോഗ്യനായ നേതാവിന്‍റെ തെരഞ്ഞെടുത്തതായി പണ്ഡിത സമിതിയിൽ ഖുഷെസ്താൻ പ്രവിശ്യയെ പ്രതിനിധീകരിക്കുന്ന മുഹ്സിൻ ഹൈദരിയെ ഉദ്ധരിച്ച് ഇറാന്‍റെ ഐ.എസ്.എൻ.എ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. നേരത്തെ, ഇറാന്‍റെ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിൽ താൻ ഇടപെടുമെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - China warns against government change in Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.