അമേരിക്കന്‍ പതാക അപമാനിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഇറാഖ് പ്രധാനമന്ത്രി
ബഗ്ദാദ്: ഇറാഖിൽ അമേരിക്കൻ പതാകയെ അപമാനിച്ച സംഭവത്തിൽ പ്രധാനമന്ത്രി അലി അൽ സൈദി അന്വേഷണം പ്രഖ്യാപിച്ചു. അമേരിക്കൻ സൈനികരുടെ പിന്മാറ്റം ആഘോഷിച്ച് ബഗ്ദാദിൽ നടന്ന പരേഡിനിടെയാണ് ഇറാഖിലെ ഇറാൻ അനുകൂല സായുധ സംഘങ്ങൾ അമേരിക്കയുടെ പതാക ചവിട്ടിയത്. സംഭവത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്തതായി പ്രധാനമന്ത്രിയുടെ സൈനിക വക്താവ് സബാഹ് അൽ നുമാൻ അറിയിച്ചു. സംഭവത്തിൽ ഇറാഖ് സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫ് കൂടിയായ പ്രധാനമന്ത്രി അപലപിച്ചു. നയതന്ത്ര നിയമങ്ങളും കീഴ്‌വഴക്കങ്ങളും പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.
വെള്ളിയാഴ്ചയാണ് ബഗ്ദാദിന്റെ വിവിധ ഭാഗങ്ങളിൽ പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സും (പി.എം.എഫ്) ഇറാന്റെ പിന്തുണയുള്ള സായുധ സംഘങ്ങളും സൈനിക പരേഡുകൾ നടത്തിയത്. സഖ്യസേനയുടെ പിന്മാറ്റം ആഘോഷിച്ചായിരുന്നു പരിപാടികൾ. ഇതിനിടയിൽ, ഇറാഖിൽ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് നടത്തിയ പ്രതീകാത്മക സംസ്കാര ചടങ്ങിനിടെ, സൈനിക വാഹനങ്ങൾ അമേരിക്കയുടെയും ഇസ്രായേലിന്റെയും പതാകകൾക്ക് മുകളിലൂടെ ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇറാന്റെ പതാകയും ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ചിത്രങ്ങളും ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്നു.
അതേ സമയം അമേരിക്കൻ പതാകയെ അപമാനിച്ച സംഭവത്തിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്തതായി അൽ നുമാൻ പ്രസ്താവനയിൽ അറിയിച്ചെങ്കിലും, എത്രപേരെ അറസ്റ്റ് ചെയ്തുവെന്നോ അവർ ഏത് സംഘവുമായി ബന്ധപ്പെട്ടവരാണെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചു. ഇത് ഇറാഖിന്റെ നയതന്ത്ര നിലപാടിനെ ദുർബലപ്പെടുത്തുമെന്നും, അയൽരാജ്യങ്ങൾക്കെതിരെ ഭീഷണിയുയർത്താൻ രാജ്യത്തിന്റെ മണ്ണ് ഉപയോഗിക്കില്ലെന്ന ഇറാഖിന്റെ പ്രഖ്യാപനത്തെ ചോദ്യം ചെയ്യുന്നതാണെന്നും ചിലർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.