ബെയ്ജിങ്: ഇറാനിൽ നിന്ന് എണ്ണ വാങ്ങിയെന്ന് ആരോപിച്ച് അഞ്ച് ചൈനീസ് റിഫൈനറികൾക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ചൈനീസ് വാണിജ്യ മന്ത്രാലയം തടഞ്ഞു. 'യു.എസ് നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങളുടെയും ലംഘനമാണ്' എന്ന് ശനിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ മന്ത്രാലയം പ്രസ്താവിച്ചു.
കമ്പനികൾക്കെതിരായ പിഴകൾ നിയമപരമായി നടപ്പിലാക്കാനോ അംഗീകരിക്കാനോ അമേരിക്കക്ക് കഴിയില്ലെന്നും തങ്ങളുടെ കമ്പനികളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ ചൈന ബാധ്യസ്ഥരാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഏപ്രിലിലാണ് യു.എസ് ട്രഷറി അഞ്ച് ചൈനീസ് റിഫൈനറികൾക്കെതിരെ ഉപരോധം ഏർപ്പെടുത്തിയത്. ഹെംഗ്ലി പെട്രോകെമിക്കൽ റിഫൈനറി,ഷാൻഡോംഗ് ജിൻചെങ് പെട്രോകെമിക്കൽ ഗ്രൂപ്പ്,ഹെബെയ് സിൻഹായ് കെമിക്കൽ ഗ്രൂപ്പ്,ഷൗഗുവാങ് ലുക്കിംഗ് പെട്രോകെമിക്കൽ,ഷാൻഡോംഗ് ഷെങ്‌സിംഗ് കെമിക്കൽ എന്നിവക്കെതിരെയാണ് ഉപരോധം.
ഹെംഗ്ലി പെട്രോകെമിക്കൽ റിഫൈനറി ഇറാനിൽ നിന്ന് കോടിക്കണക്കിന് ഡോളറിന്റെ എണ്ണ ഇറക്കുമതി ചെയ്തതായി അമേരിക്ക ആരോപിക്കുന്നു. അവസാനത്തെ നാല് കമ്പനികൾ ചൈനയിലെ ചെറുകിട, സ്വതന്ത്ര റിഫൈനറികളാണ്. ചൈനയുടെ ആകെ ശുദ്ധീകരണ ശേഷിയുടെ നാലിലൊന്ന് ഇവയാണ് കൈകാര്യം ചെയ്യുന്നത്.
ചൈനയുടെ ഈ നീക്കം തെഹ്റാനിൽ നിന്നുമുളള എണ്ണ വരുമാനം കുറക്കാനുള്ള വാഷിങ്ടണിന്റെ ശ്രമങ്ങൾക്കുള്ള നേരിട്ടുള്ള വെല്ലുവിളിയായാണ് നിരീക്ഷിക്കപ്പെടുന്നത്. സാമ്പത്തിക സ്രോതസ്സുകൾ തടയാനുള്ള അമേരിക്കയുടെ ശ്രമങ്ങൾക്ക് ചൈന നൽകുന്ന ശക്തമായ തിരിച്ചടിയുമാണിത്. ഈ മാസം അവസാനം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന സന്ദർശിക്കാനിരിക്കെയാണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.